കൊറോണവൈറസ് മൂലമുള്ള യാത്രാ വിലക്കുകൾ കാരണം വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ അരലക്ഷത്തോളം പേരെ വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ തിരിച്ചെത്തിച്ചുകഴിഞ്ഞെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കി.
മിഷന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 64 വിമാനസർവീസുകളും, രണ്ടാം ഘട്ടത്തിൽ 300 സർവീസുകളുമാണ് ഉള്ളത്.
വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂൺ 11 മുതൽ തുടങ്ങുമെന്ന് ഇന്ത്യൻ വ്യോമയാനമന്ത്രി എച്ച് എസ് പുരി അറിയിച്ചു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ജൂൺ 30 വരെയാകും ഈ ഘട്ടത്തിൽ ഉണ്ടാവുക.
70 വിമാനസർവീസുകളാകും മൂന്നാം ഘട്ടത്തിൽ നടത്തുക എന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്ഥലങ്ങളിലേക്കായിരിക്കും മൂന്നാം ഘട്ടത്തിൽ എയർ ഇന്ത്യ സർവീസ് നടത്തുക എന്നാണ് വ്യോമയാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയയിലേക്ക് വിമാനങ്ങൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
അമേരിക്കയും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണോ, അതോ ഈ രാജ്യങ്ങളിലേക്ക് മാത്രമേ വിമാനങ്ങൾ സർവീസ് നടത്തുമോ എന്ന കാര്യം ട്വീറ്റിൽ വ്യക്തമായി പറയുന്നില്ല.
വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഓസട്രേലിയയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രതീക്ഷിക്കുന്നതായി കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തേ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷനു സമാനമായ ഇമെയിൽ സന്ദേശമാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാർക്ക് അയച്ചത്.
ഏഴു വിമാനങ്ങളാണ് ഇതുവരെ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോയത്.
എന്നാൽ ആദ്യഘട്ട വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാതെ ഒട്ടേറെ പേർ ഇപ്പോഴും ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഓസ്ട്രേലിയയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമോ എന്ന് ട്വിറ്ററിൽ ആരാഞ്ഞവർക്ക് എയർ ഇന്ത്യയിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ജൂൺ 30 വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.