കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് UNICEF ഓസ്ട്രേലിയയുമായി ചേർന്ന് എസ് ബി എസ് റേഡിയോയിലെ സൗത്ത് ഏഷ്യൻ ടീമുകൾ കൈകോർത്തത്.
മെയ് 21ന് വൈകിട്ട് നാല് മണി മുതൽ രാത്രി 10 മണി വരെ എസ് ബി എസ് ന്റെ മെൽബൺ, സിഡ്നി ഓഫീസുകളിൽ നടന്ന ധനസമാഹരണ പരിപാടി, റേഡിയോയിലൂടെയും ഫേസ്ബുക് ലൈവിലൂടെയുമാണ് ശ്രോതാക്കളിലേക്ക് എത്തിച്ചത്.
എസ് ബി എസ് മലയാളം, ഗുജറാത്തി, ഹിന്ദി, തമിഴ്, പഞ്ചാബി, ബംഗ്ലാ, ഉർദു, സിൻഹള തുടങ്ങിയ പരിപാടികൾ ചേർന്നാണ് ഇന്ത്യയെ സഹായിക്കാൻ മുൻപോട്ടു വന്നത്.
ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കൊവിഡുമായി ബന്ധപ്പെട്ട നിരവധി പരിപാടികളാണ് ഈ ആറ് മണിക്കൂറിൽ എസ് ബി എസ് സംഘടിപ്പിച്ചത്. കൂടാതെ, ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ അതിഥികളായും എത്തിയിരുന്നു.
'ഇന്ത്യ, ഒപ്പം ഞങ്ങളുണ്ട്' എന്ന സന്ദേശവുമായി മെയ് 17 മുതലാണ് എസ് ബി എസ് ഇന്ത്യ കൊവിഡ് അപ്പീൽ റേഡിയോത്തോണിലേക്ക് unicef.org.au/sbs എന്ന ലിങ്കിലൂടെ സംഭാവന ചെയ്യാമെന്ന് എസ് ബി എസ് അറിയിച്ചിരുന്നത്.
ധനസമാഹരണം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ, 25,000ലേറെ ഡോളറാണ് എസ് ബി എസിന് സമാഹരിക്കാൻ കഴിഞ്ഞത്.

SBS Malayalam producer Delys Paul with Dr Vinay Lakra. Source: SBS
ഇന്ത്യയിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താനായി ഓക്സിജൻ ജെനറേഷൻ പ്ലാന്റുകൾ നൽകാനും, വൈറസ്ബാധ രൂക്ഷമായി ബാധിച്ച ചില ജില്ലകളിൽ പരിശോധനാ ഫലം വേഗത്തിലും കൃത്യതയോടെയും ലഭ്യമാക്കുന്നതിന് ടെസ്റ്റിംഗ് മെഷീനുകൾ നൽകാനും, UNICEF പിന്തുണയോടെയുള്ള കൊവാക്സ് കൊവിഡ് വാക്‌സിൻ വിതരണത്തിന് പിന്തുണ നൽകാനുമാണ് ഈ പണം UNICEF ഉപയോഗിക്കുന്നത്.
എസ് ബി എസ് റേഡിയോ സംഘടിപ്പിച്ച റേഡിയോത്തോൺ പരിപാടിയിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്ന് എസ് ബി എസ് ഓഡിയോ ആൻഡ് ലാംഗ്വേജ് കണ്ടന്റ് ഡയറക്ടർ ഡേവിഡ് ഹുവ പറഞ്ഞു.
സമൂഹത്തെ ഒരുമിച്ച് കൊണ്ടുവന്ന്, ഈ ദുരിതഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും, റേഡിയോത്തോൺ പരിപാടി ഇത് സാധ്യമാക്കിയെന്നും ഡേവിഡ് ചൂണ്ടിക്കാട്ടി.

SBS Malayalam Digital Content Producer Salvi Manish speaking with Tara Rajkumar OAM Source: SBS

SBS Malayalam Executive Producer Deeju Sivadas interviewing David Hua, Director of ALC Source: SBS
ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാൻ എസ് ബി എസ് നൊപ്പം ചേർന്ന് നിൽക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് UNICEF ഓസ്‌ട്രേലിയയുടെ ഇന്റർനാഷണൽ പ്രോഗ്രാംസ് ഡയറക്ടർ ഫെലിസിറ്റി ബട്ലർ-വെവർ പറഞ്ഞു.
റേഡിയോത്തോൺ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസിയും തത്സമയം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിലുള്ള നിരവധി പേരുടെ ബന്ധുക്കളാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരെ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.

SBS Gujarati Executive Producer Nital Desai with UNICEF Australia Director of International Programs Felicity Butler-Wever in Sydney studio. Source: Yutong Ding
കൂടാതെ, ഇത്തരത്തിലൊരു പരിപാടി നടത്താൻ മുൻപോട്ടു വന്ന എസ് ബി എസ് നെ കുടിയേറ്റകാര്യ മന്ത്രി അലക്സ് ഹോക്കും അഭിനന്ദിച്ചു.
എസ് ബി എസ് നടത്തിയ ഈ ധനസമാഹരണ പരിപാടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളും ലഭിച്ചിരുന്നു.
എസ് ബി എസ് ഇന്ത്യ കൊവിഡ് അപ്പീൽ റേഡിയോത്തോണിലൂടെ 32 വ്യത്യസ്മായ വീഡിയോകളാണ് എസ് ബി എസ് തയ്യാറാക്കിയത്. ഓസ്‌ട്രേലിയൻ ഇന്ത്യൻ ഹൈ കമ്മീഷണർ മൻപ്രീത് വോഹ്ര, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, വെസ്റ്റേൺ ബുൾഡോഗ്സ് CEO അമീത് ബെയിൻസ് തുടങ്ങിയ നിരവധി പേരുടെ സന്ദേശങ്ങളും, ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെയും ആരോഗ്യപ്രവർത്തകരുടെയും മറ്റും നേരിട്ടുള്ള അനുഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.

SBS producer MP Singh with Punjabi folk singer Davindar Dharia during the Radiothon that was broadcast live on Melbourne's Federation Square. Source: SBS
റേഡിയോത്തോൺ പരിപാടി അവസാനിച്ചെങ്കിലും, മെയ് 30 അർദ്ധരാത്രി വരെ നിങ്ങൾക്ക് സംഭാവനകൾ നൽകാവുന്നതാണ്.
unicef.org.au/sbs എന്ന ലിങ്കിലൂടെയാണ് സംഭാവന ചെയ്യാവുന്നത്.