Explainer

കുട്ടികളുടെ OCI കാർഡ് പുതുക്കേണ്ട: OCI കാർഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ വരുത്തിയ മാറ്റങ്ങൾ അറിയാം...

20 വയസിൽ താഴെയുള്ളവർ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും OCI കാർഡും പുതുക്കണമെന്ന വ്യവസ്ഥ ഇന്ത്യൻ സർക്കാർ മാറ്റി. ഇതുൾപ്പെടെ, സമീപകാലത്ത് OCI കാർഡുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന എല്ലാ മാറ്റങ്ങളും അറിയാം.

Overseas Citizen of India or OCI card

Overseas Citizen of India or OCI card Source: SBS

നിലവിലുണ്ടായിരുന്ന നിയമപ്രകാരം, 20 വയസിൽ താഴെയുള്ള OCI കാർഡ് ഉടമകൾ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും OCI കാർഡും പുതുക്കണം.  


20 വയസിനും 50 വയസിനും ഇടയിൽ OCI കാർഡ് പുതുക്കേണ്ട ആവശ്യമില്ലെങ്കിലും, 50 വയസു കഴിഞ്ഞ ശേഷം പാസ്പോർട്ട് പുതുക്കുമ്പോൾ ഒരു തവണ കൂടി OCI കാർഡ് പുതുക്കണം എന്നായിരുന്നു വ്യവസ്ഥ.  


ഇതിലാണ് ഇന്ത്യൻ സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.  


20 വയസു വരെ പ്രായമുള്ളവർ പാസ്പോർട്ട് പുതുക്കുന്ന ഓരോ തവണയും OCI കാർഡ് പുതുക്കേണ്ടതില്ല.  


20 വയസ് പൂർത്തിയായ ശേഷം ആദ്യമായി പാസ്പോർട്ട് പുതുക്കുമ്പോൾ, അതോടൊപ്പം OCI കാർഡും പുതുക്കേണ്ടിവരും.  ഇത് ഒരൊറ്റ തവണ ചെയ്താൽ മതി.  


50 വയസ് പൂർത്തിയായ ശേഷം ഒരു തവണ OCI കാർഡ് പുതുക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്.  
അതായത്, 20 വയസിനു ശേഷം ലഭിക്കുന്ന OCI കാർഡ് ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ കഴിയും.

അതേസമയം, 20 വയസിനു താഴെയുള്ളവരും 50 വയസിനു മുകളിലുള്ളവരും പാസ്പോർട്ട് പുതുക്കുമ്പോൾ ഓൺലൈനായി ആ വിവരം ഇന്ത്യൻ സർക്കാരിനെ അറിയിക്കേണ്ടി വരും.  


20 വയസിനു താഴെയുള്ളവർ പാസ്പോർട്ട് പുതുക്കുന്ന ഓരോ തവണയും, പുതിയ പാസ്പോർട്ടിന്റെ പകർപ്പും ഏറ്റവും പുതിയ ഒരു ഫോട്ടോയും ഓൺലൈനായി സമർപ്പിക്കണം.  


50 വയസ് കഴിഞ്ഞ് ആദ്യമായി പാസ്പോർട്ട് പുതുക്കുമ്പോഴും ഇത് ചെയ്യണം.  


പാസ്പോർട്ട് പുതുക്കി മൂന്നു മാസത്തിനുള്ളിലാകണം ഈ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടത്. ഇത് സൗജന്യ സേവനമായിരിക്കും.  


അതേസമയം, ഇന്ത്യൻ പൗരൻമാരുടെയോ OCI കാർഡുടമകളുടെയോ ജീവിതപങ്കാളി എന്ന നിലയിൽ OCI കാർഡ് ലഭിച്ചിട്ടുള്ളവർ, ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും ഓൺലൈനിൽ രേഖകൾ അപ്ലോഡ് ചെയ്യണം.  


പുതുക്കിയ പാസ്പോർട്ടിന്റെ പകർപ്പ്, പുതിയ ഫോട്ടോ, വിവാഹം അപ്പോഴും സാധുവാണ് എന്ന ഡിക്ലറേഷൻ, പങ്കാളിയുടെ ഇന്ത്യൻ പാസ്പോർട്ട്/OCI പകർപ്പ് എന്നിവയാണ് അപ്ലോഡ് ചെയ്യേണ്ടത്.  


OCI മിസലേനിയസ് സർവീസ് വെബ്പേജിലൂടെയാകും ഇത് ചെയ്യേണ്ടതെന്നും, മേയ് അവസാനത്തോടെ മാത്രമേ വെബ്സൈറ്റ് ഇതിന് പ്രാപ്തമാകൂ എന്നും കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.  


അതിനാൽ OCI കാർഡ് പുതുക്കാൻ ആഗ്രഹിക്കുന്നവർ അതുവരെ കാത്തിരിക്കണമെന്നും ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു.  




പുതിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്പോർട്ട് വേണ്ട

OCI കാർഡുള്ളവർ ഇന്ത്യയിൽ പ്രവേശിക്കണമെങ്കിൽ പുതിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്‌പോർട്ടും വേണമെന്ന നിബന്ധന മാർച്ചിൽ ഇന്ത്യൻ സർക്കാർ എടുത്തു മാറ്റിയിരുന്നു. 

മാർച്ച് 26ന് പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.  2005 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിബന്ധനയിലാണ് മാറ്റം നടപ്പാക്കിയത്. 

പഴയ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുള്ള OCI കാർഡ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പഴയ പാസ്പോർട്ട് കൈവശം വയ്‌ക്കേണ്ടതില്ല. എന്നാൽ പുതിയ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്.

OCI കാർഡ് പുതുക്കാനുള്ള സമയ പരിധി നീട്ടി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് OCI കാർഡുകൾ പുതുക്കാനുള്ള സമയം 2021 ഡിസംബർ 31 വരെ ഇന്ത്യൻ സർക്കാർ നീട്ടിയിട്ടുണ്ട്. 

നേരത്തെ ജൂൺ 30 വരെയായിരുന്നു ഇതിനായി  അനുവദിച്ചിരുന്ന സമയം.

ചില സന്ദർഭങ്ങളിൽ ഇന്ത്യൻ സന്ദർശിക്കാൻ പ്രത്യേക അനുമതി വേണം

ഇന്ത്യൻ സന്ദർശിക്കുന്ന OCI കാർഡ് ഉടമകൾ ചില സന്ദർഭങ്ങളിൽ പ്രത്യേക അനുമതി തേടണമെന്ന നിയമം കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

ഇന്ത്യ സന്ദർശിക്കുന്ന OCI കാർഡ് ഉടമകൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണമെങ്കിൽ മുൻ‌കൂർ അനുമതി നേടണം:

  • ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇന്ത്യൻ സന്ദർശിക്കുമ്പോൾ
  • മിഷനറി പ്രവർത്തനങ്ങൾ
  • മാധ്യമപ്രവർത്തനം 
  • ഇന്ത്യയിലെ വിദേശ സർക്കാർ സംഘടനകളിലോ വിദേശ ഡിപ്ലോമാറ്റിക് മിഷനിലോ ഇന്റേൺഷിപ്പിനായി എത്തുന്നതിന്
  • ഇവിടെ ജോലിക്കായി എത്തുന്നതിന്
  • അനുവാദമില്ലാത്ത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്
  • തബലീഗ്‌ പ്രവർത്തനങ്ങൾ
  • പർവ്വതാരോഹണം
 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
കുട്ടികളുടെ OCI കാർഡ് പുതുക്കേണ്ട: OCI കാർഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ വരുത്തിയ മാറ്റങ്ങൾ അറിയാം... | SBS Malayalam