2016ലെ സെൻസസിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരുടെ എണ്ണത്തിന്റെ പുതിയ കണക്കുകൾ പുറത്തുവിടുന്നത്. 2018 ജൂണിലെ കണക്കുകൾ പ്രകാരം 592,000 ഇന്ത്യക്കാരാണ് ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ളത്.
കഴിഞ്ഞ സെൻസസ് അനുസരിച്ച് ഓസ്‌ട്രേലിയയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 455,389 ആയിരുന്നു. നിലവിലെ കണക്ക് പ്രകാരം ഇതിൽ 30 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഓസ്‌ട്രേലിയയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. ഇംഗ്ലണ്ടും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏതാണ്ട് ആറരലക്ഷം ചൈനക്കാരാണ് ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ളത്.
കുടിയേറ്റത്തിൽ വർദ്ധനവ് വന്നതോടെ ഓസ്‌ട്രേലിയയിലെ മൊത്തം എഴുപതു ലക്ഷം വരുന്ന കുടിയേറ്റ ജനസംഖ്യയിൽ 2.4 ശതമാനം ഇപ്പോൾ ഇന്ത്യക്കാരാണ്.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 2016 മുതൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 2017-18 കാലയളവിൽ 33,310 ഇന്ത്യക്കാരാണ് സ്ഥിരതാമസത്തിനായി ഓസ്‌ട്രേലിയയിലെത്തിയത്.
ഇതിനു പുറമെ, ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തിയവരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തെ അപേക്ഷിച്ച് 2018ലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തേക്കെത്തിയത്.
2017 നവംബർ അവസാനത്തോടെ ഓസ്‌ട്രേലിയൻ സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏതാണ്ട് എഴുപതിനായിരം എത്തിയിരുന്നു.
2018 ജൂൺ 30ലെ കണക്ക് പ്രകാരം ആകെ 526,000 പേരാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഇതിൽ 62 ശതമാനം പേര് താത്കാലിക വിസയിലും 30 ശതമാനം പേർ വിദ്യാർത്ഥി വിസയിലും എത്തിയവരാണ്.

ഓസ്‌ട്രേലിയയുടെ മൊത്തം ജനസംഖ്യയിൽ 29 ശതമാനത്തിൽ കൂടുതൽ പേരും വിദേശ രാജ്യങ്ങളിൽ ജനിച്ചവരാണെന്ന് എ ബി എസ് മൈഗ്രെഷൻ സ്റ്റാറ്റിസ്റ്റിക്സിന്റെ അസിസ്റ്റന്റ് ഡയറക്ടർ നീൽ സ്‌കോട്ട് അറിയിച്ചു.
മലയാളി കുടിയേറ്റം:
2016 ലെ സെൻസസ് റിപ്പോർട്ടിൽ ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 53,206 മലയാളികളാണ് സെൻസസ് പ്രകാരം ഓസ്ട്രേലിയയിലുള്ളത്. 2011 ലെ സെൻസസ് പ്രകാരം 25,111 ആയിരുന്നു ഓസ്ട്രേലിയയിലെ മലയാളി ജനസംഖ്യ.
രാജ്യത്തെ മലയാളി ജനസംഖ്യയിൽ നാലിൽ മൂന്നു ഭാഗവും ക്രൈസ്തവ മതവിശ്വാസികളാണെന്നാണ് കണക്കുകൾ. മലയാളികൾക്കിടയിൽ 22.2 ശതമാനം ഹിന്ദുക്കളും 2.1 ശതമാനം മുസ്ലിങ്ങളും ഉള്ളതായും സെൻസസ് റിപ്പോർട്ടിൽ പറയുന്നു.
ഓസ്ട്രേലിയൻ ജനസംഖ്യയിൽ വിവാഹിതരായി ജീവിക്കുന്നവരുടെ എണ്ണം നോക്കിയാൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഭാഷാ വിഭാഗമാണ് മലയാളികളെന്നുമാണ് റിപ്പോർട്ട്.