പെർത്തിൽ AR വെൽത്ത് ആൻറ് ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന രാഹുൽ ഗോയലിനെതിരെയാണ് ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് കമ്മീഷൻ (ASIC) നിയമനടപടികൾ തുടങ്ങിയത്.
പെർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ രാഹുൽ ഗോയലിനെതിരെ, ധനകാര്യ സേവനം നൽകുന്നതിനിടെ വഞ്ചനാപരമായ നടപടികൾ സ്വീകരിച്ചു എന്ന പേരിൽ നാലു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കുറഞ്ഞത് 67 പേരുടെ സൂപ്പറാന്വേഷൻ ഫണ്ട് പിൻവലിക്കാനായി രാഹുൽ ഗോയൽ ഓസ്ട്രേലിയൻ സൂപ്പർ കമ്പനിയിൽ അപേക്ഷ സമർപ്പിച്ചെന്നും, ഇതിൽ ക്രമക്കേടുകൾ നടത്തിയെന്നുമാണ് ആരോപണം.
തുടർന്ന്, രാഹുൽ ഗോയലിന്റെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ പെർത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
രാജ്യം വിട്ടുപോകരുതെന്നും, പുതിയ പാസ്പോർട്ടിനായോ, വിസകൾക്കായോ ശ്രമിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
രാഹുൽ ഗോയലിന്റെയും, AR വെൽത്ത് ആന്റ് ഫിനാൻസ് കമ്പനിയുടെയും സ്വത്തുവകകൾ മരവിപ്പിക്കാൻ നേരത്തേ ഫെഡറൽ കോടതിയും ഉത്തരവിട്ടിരുന്നു.
ഓസ്ട്രേലിയൻ പെർമനന്റ് റെസിഡന്റായ രാഹുൽ ഗോയലിനോട്, ഇന്ത്യൻ പാസ്പോർട്ട് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്.
നേരത്തേ, അമ്മയ്ക്ക് സുഖമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് പോകാൻ രാഹുൽ ഗോയൽ ബോർഡർ ഫോഴ്സിൽ നിന്ന് ഇളവ് നേടിയിരുന്നു.
ASIC ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
പിൻവലിച്ച സൂപ്പറാന്വേഷൻ സ്വന്തം അക്കൗണ്ടിൽ
2019 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ രാഹുൽ ഗോയൽ ക്രമക്കേടുകൾ നടത്തി എന്നാണ് ASICന്റെ ആരോപണം.
രാഹുലിന്റെ പ്രവർത്തനങ്ങളിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ സൂപ്പർ കമ്പനി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ASIC അന്വേഷണം തുടങ്ങിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സൂപ്പറാന്വേഷൻ തുക നേരത്തേ പിൻവലിക്കാനുള്ള പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തി, കുറഞ്ഞത് 67 പേർക്ക് വേണ്ടി രാഹുൽ ഗോയൽ അപേക്ഷ സമർപ്പിച്ചു എന്നാണ് ആരോപണം.
ഇതിൽ പലതിലും അപേക്ഷകരുടെ ശരിയായ വിലാസമോ, ഇമെയിലോ, ബാങ്ക് അക്കൗണ്ടോ നൽകിയിട്ടില്ല.
അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിനു പകരം രാഹുൽ ഗോയലിന്റെയോ, ഒരു സഹായിയുടെയോ ബാങ്ക് അക്കൗണ്ടാണ് നൽകിയിരിക്കുന്നത്.
പല അപേക്ഷകളിലും ഒപ്പിട്ടിരിക്കുന്നത് പോലും അപേക്ഷകർ അല്ല എന്നാണ് ASICന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
അപേക്ഷർ ആണെന്ന വ്യാജേന രാഹുൽ ഗോയൽ സൂപ്പറാന്വേഷൻ കമ്പനിയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തതായും അവർ ആരോപിച്ചു.
സൂപ്പറാന്വേഷൻ തുക പിൻവലിച്ചുകഴിഞ്ഞാൽ അത് അപേക്ഷകരുടെ അക്കൗണ്ടിലേക്ക് പോകുന്നതിന് പകരം രാഹുലിന്റെയോ സഹായിയുടെയോ അക്കൗണ്ടിലാണ് നിക്ഷിപേക്കുന്നത്.

File photo. Source: AAP
തുടർന്ന്, അതിൽ നിന്ന് ഫീസ് ഈടാക്കിയ ശേഷം ബാക്കി തുകയാണ് അപേക്ഷകർക്ക് നൽകിയിരുന്നതെന്നും ASIC ചൂണ്ടിക്കാട്ടി.
6,500 ഡോളർ സൂപ്പറാന്വേഷനിൽ നിന്ന് പിൻവലിച്ചപ്പോൾ, 1,500 ഡോളർ രാഹുൽ ഗോയൽ ഫീസായി ഈടാക്കിയെന്നാണ് ASIC അന്വേഷണത്തിൽ ഒരാൾ പറഞ്ഞത്.
മറ്റൊരാളിൽ നിന്ന് 1,300 ഡോളർ ഫീസ് ഈടാക്കിയെങ്കിലും ഇത് പിന്നീട് തിരികെ നൽകി.
പലപ്പോഴും ഉൾനാടൻ പ്രദേശങ്ങളിൽ ജീവിക്കുന്ന ആദിമവർഗ്ഗ വിഭാഗക്കാർക്കു വേണ്ടിയാണ് രാഹുൽ ഗോയൽ അപേക്ഷകൾ നൽകിയതെന്നും, അവരെ വഞ്ചിക്കാൻ എളുപ്പമാണെന്നും ASIC കോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ ഗോയലിനെയും ASIC വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
സൂപ്പറാന്വേഷൻ പിൻവലിക്കാനുള്ള സേവനം താൻ നൽകാറില്ലെന്നും, എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിച്ചവർക്ക് ഒരു “സഹായ മനസ്ഥിതിയിൽ” ചെയ്തു നൽകിയതാണെന്നും രാഹുൽ ഗോയൽ പറഞ്ഞു.
ആദ്യം ഫീസ് ഈടാക്കിയെങ്കിലും ഇത് തിരികെ നൽകിയിട്ടുണ്ട് എന്നാണ് രാഹുൽ ഗോയൽ ASICനെ അറിയിച്ചിരിക്കുന്നത്.
സ്വത്ത് മരവിപ്പിക്കും
ഇയാളുടെ ഓസ്ട്രേലിയയിലെ സ്വത്തുക്കൾ മരവിപ്പിക്കാനും ഫെഡറൽ കോടതി ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ രാഹുൽ ഗോയലിന്റെ പേരിലോ, സ്ഥാപനത്തിന്റെ പേരിലോ കാര്യമായ സ്വത്തുവകകൾ ഓസ്ട്രേലിയയിൽ ഇല്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഇയാൾ നാലു ലക്ഷം ഡോളർ ഇന്ത്യയിൽ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയതായും ASIC കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, ഓസ്ട്രേലിയൻ ബാങ്ക് അക്കൗണ്ടിലുള്ള തുകയിൽ നിന്ന് ദൈനംദിന ചെലവുകൾക്കുള്ള തുക മാത്രം വിട്ടുനൽകാനാണ് ഫെഡറൽ കോടതി നിർദ്ദേശം.