Highlights
- ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൊഹിന്ദർ സിംഗ് കുറ്റം സമ്മതിച്ചു
- പത്ത് കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്
- കുറ്റസമ്മതത്തിന് ശേഷം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു
അപകടം വരുത്തിയ ട്രക്ക് ഓടിച്ച ഇന്ത്യൻ വംശജനായ മൊഹിന്ദർ സിംഗാണ് (48) മെൽബൺ മജിസ്ട്രെയ്റ്സ് കോടതിയിൽ വ്യാഴാഴ്ച കുറ്റം സമ്മതിച്ചത്.
ഈസ്റ്റേൺ ഫ്രീവെയിൽ ഏപ്രിൽ 22 ന് നടന്ന അപകടത്തിൽ ലീഡിങ് സീനിയർ കോൺസ്റ്റബിൾ ലിനെറ്റ് ടൈലർ, സീനിയർ കോൺസ്റ്റബിൾ കെവിൻ കിംഗ്, കോൺസ്റ്റബിൾമാരായ ഗ്ലെൻ ഹംഫ്രിസ്, ജോഷ് പ്രെസ്റ്റനി എന്നിവർ കൊല്ലപ്പെട്ടത്.
അമിത വേഗത്തിൽ ഓടിച്ച പോർഷെ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യാനായി ഈസ്റ്റേൺ ഫ്രീവെയുടെ എമർജൻസി ലെയ്നിൽ നിന്ന പൊലീസുകാരെ മൊഹിന്ദർ സിംഗ് ഓടിച്ച ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടമായ രീതിയിൽ വണ്ടിയോടിച്ച് നാല് പേരുടെ മരണത്തിന് കാരണമായി, മയക്ക് മരുന്ന് ഉപയോഗിച്ചു തുടങ്ങി മൊഹിന്ദർ സിംഗിനെതിരെ ചുമത്തിയ പത്ത് കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്.
കുറ്റം സമ്മതിച്ചതിന് ശേഷം ,നടന്ന സംഭവത്തിൽ ഖേദിക്കുന്നതായി ഇയാൾ കോടതിയെ അറിയിച്ചു.
നിരപരാധികളായ പോലീസുകാരാണ് കൊല്ലപ്പെട്ടതെന്നും, ഇവരുടെ മരണത്തിൽ ദുഖിക്കുന്നതായും മൊഹിന്ദർ സിംഗിന് വേണ്ടി അഭിഭാഷകൻ പീറ്റർ മോറിസി SC കോടതിയിൽ പറഞ്ഞു.
മാത്രമല്ല കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബത്തോട് മൊഹിന്ദർ മാപ്പ് പറയുകയും ചെയ്തു.
സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും മൊഹിന്ദർ കോടതിയോട് പറഞ്ഞു.
ഒരപകടത്തിൽ ഇത്രയും ഉദ്യോഗസ്ഥർ മരിക്കുന്നത് വിക്ടോറിയ പോലീസ് ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.
മൊഹിന്ദറിനെ ഡിസംബർ 11ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
ഏപ്രിലിൽ നടന്ന അപകടത്തിന് ശേഷം കണക്ട് ലോജിസ്റ്റിക്സ് എന്ന ട്രക്കിംഗ് കമ്പനിയുടെ മാനേജരായ സിമിയോന ടുരേരുവിനെ പോലീസ് ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു.

The scene of a fatal crash on Melbourne's Eastern Freeway Source: AAP
കമ്പനിയുടെ ട്രക്ക് ഡ്രൈവർമാരെ ഏകോപിപ്പിക്കുന്ന ടുരേരുവിന്, മൊഹിന്ദറിന്റെ മാനസിക നിലയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു.
ഉറക്കക്കുറവും മയക്ക് മരുന്നിന്റെ ഉപയോഗവും മൂലം മൊഹിന്ദറിന്റെ മാനസികനില മോശമായിരുന്നുവെന്നാണ് പോലീസിന്റെ ആരോപണം. ഇതേക്കുറിച്ച് മാനേജരായ ടുരേരുവിന് അറിവുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.