2017 ജൂലൈയിൽ 12ാം ക്ലാസുകാരിയായ പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ബ്രിസ്ബൈൻ ജില്ലാ കോടതിയിലാണ് കേസിന്റെ അന്തിമവിചാരണ തുടങ്ങിയത്.
കേസിൽ ആരോപണവിധേയനായ മലയാളി ഊബർ ഡ്രൈവർ അനിൽ ഇലവത്തുങ്കൽ തോമസിനെതിരെ ബലാത്സംഗം, ബലാത്സംഗ ശ്രമം, ലൈംഗിക പീഡനം എന്നീ വകുപ്പുകളിലായി എട്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റങ്ങളെല്ലാം അനിൽ തോമസ് കോടതിയിൽ നിഷേധിച്ചു.
എന്നാൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി നേരിട്ട് ഹാജരായി തെളിവു നൽകുമെന്ന് പ്രോസിക്യൂഷൻ അഭിഭാഷക ജെസീക്ക ഗോൾഡി കോടതിയെ അറിയിച്ചു.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ പെൺകുട്ടി ഊബർ വിളിച്ച പെൺകുട്ടി കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നും, യാത്രക്കിടെ പെൺകുട്ടിയോട് ഡ്രൈവർ സംസാരിച്ചു തുടങ്ങിയെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
താൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയാണെന്ന് പെൺകുട്ടി ഡ്രൈവറോട് പറഞ്ഞിരുന്നു.
യാത്രക്കാരിക്ക് ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോൾ അനിൽ തോമസ് മറ്റൊരു റോഡിലേക്ക് കാർ കൊണ്ടുപോയി എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. താൻ അടുത്തിടെ കാമുകിയുമായി പിണങ്ങിക്കഴിയുകയാണെന്നും, ഈ പെൺകുട്ടി വിചാരിച്ചാൽ തന്നെ സഹായിക്കാൻ കഴിയുമെന്നും പ്രതി പറഞ്ഞതായും ജെസീക്ക ഗോൾഡി വാദിച്ചു.
തുടർന്ന് കാറിന്റെ ഊബർ അക്കൗണ്ട് ഓഫ് ചെയ്ത ശേഷം സമീപത്തുള്ള ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കാർ കൊണ്ടുപോയി എന്നാണ് വാദം.
അവിടെ വച്ച് മുൻ സീറ്റിലിരുന്ന പെൺകുട്ടിയുടെ ചുണ്ടുകളിൽ അനിൽ തോമസ് ചുംബിച്ചെന്നും, പെൺകുട്ടി ശക്തമായി എതിർത്തിട്ടും അടിവസ്ത്രത്തിനുള്ളിലൂടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും പ്രോസിക്യൂട്ടർ കോടിതിയിൽ വാദിച്ചു. മരവിച്ചുപോയ പെൺകുട്ടി എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു എന്നാണ് അഭിഭാഷക ചൂണ്ടിക്കാട്ടിയത്.
തുടർന്ന് കാറിന്റെ പിൻസീറ്റിൽ വച്ച് അനിൽ തോമസ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നും, അതിനു ശേഷം പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ ഇറക്കിവിടുകയാണ് ഉണ്ടായതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
കേസിൽ എട്ടു സാക്ഷികളെ ഹാജരാക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മയും സുഹൃത്തുക്കളും ഉൾപ്പെടെയാണ് ഈ സാക്ഷികൾ.
ഒരു ഡി എൻ എ വിദഗ്ധനെയും കോടതി വിസ്തരിക്കും. പെൺകുട്ടിയുടെ അടിവസ്ത്രത്തിലുള്ള ഡി എൻ എ പ്രതിയുടേതുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇതെന്ന് കൊറിയർ മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.
കേസിന്റെ വിചാരണ നടപടികൾ ചൊവ്വാഴ്ചയും തുടരും.