മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് റേഞ്ചസിൽ ഇന്ത്യക്കാരിയായ ജസ്മീൻ കൗറിനെ മാർച്ച് എട്ടാം തീയതിയാണ് കുഴിച്ചുമൂടിയ നിലയിൽ പൊലീസ് കണ്ടെത്തിയത്.
സംഭവത്തിൽ യുവതിക്ക് പരിചിതനായ 20 കാരനായ ഇന്ത്യൻ വംശജനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 21കാരിയായ ജസ്മീന്റെ മരണത്തിലുള്ള പങ്ക് ഇയാൾ നിഷേധിച്ചിരിക്കുകയാണ്.
ജസ്മീന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്ന പൊലീസ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഇപ്പോൾ.
സംഭവവുമായി ബന്ധപെട്ട് ഡാഷ്ക്യാം ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടുള്ളവർ മുൻപോട്ടുവരണമെന്ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.
പ്ലിംപ്റ്റൻ നോർത്തിലുള്ള സതേൺ ക്രോസ്സ് ഹോംസ് ഏജ്ഡ് കെയറിൽ ജീവനക്കാരിയായിരുന്ന ജസ്മീൻ ജോലിക്ക് ശേഷം മാർച്ച് ആറാം തീയതി മടങ്ങിയെത്താത്തതിനെത്തുടർന്ന് മാർച്ച് എട്ടാം തീയതിയാണ് ജസ്മീനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
ജസ്മീന്റെ ടൊയോട്ട കാമ്രി കാർ ജോലിസ്ഥലത്തെ കാർ പാർക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. മാർച്ച് അഞ്ചാം തീയതി രാത്രി ജോലിസ്ഥലത്തും നിന്ന് പ്രതിയായ യുവാവ് ജസ്മീനെ ഇയാളുടെ കാറിൽ കൂട്ടിക്കൊണ്ട് പോകുകയായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

Police located Ms Kaur's green Camry (L) parked at her workplace at Southern Cross Homes in Plympton North. Source: SA Police
ജസ്മീൻ സഞ്ചരിച്ചതെന്ന് കരുതുന്ന നീല നിറത്തിലുള്ള ഹോൾഡൻ കൊമഡോർ പതിനൊന്ന് മണിക്കൂറിലേറെ യാത്ര ചെയ്ത് ഹോക്കറിലേക്ക് തിരിയുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പിന്നീട് അന്നേ ദിവസം വൈകിട്ട് 2.27നും 5.09 നുമിടയിൽ ഈ പ്രിൻസസ് ഹൈവെയിലൂടെ അഡ്‌ലൈഡിലേക്ക് തിരികെ പൊകുന്നതിന്റെയും ദൃശ്യം പോലീസിന്റെ കൈവശം ഉണ്ട്. ഇതേത്തുടർന്നുള്ള ദൃശ്യങ്ങൾ അന്വേഷണത്തിൽ സഹായകമാകുന്നതാണെന്ന് പൊലീസ് പറഞ്ഞു.
അതിനാൽ ഈ പ്രദേശത്തുള്ളവരുടെ ഡാഷ്ക്യാമിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ എത്രയും വേഗം മുൻപോട്ടു വരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. മാത്രമല്ല, സതേൺ ക്രോസ്സ് ഹോംസിന്റെ കാർ പാർക്കിൽ ഈ ഇന്ത്യൻ വംശജനെ കണ്ടിട്ടുള്ളവർ പോലീസിനെ അറിയിക്കണമെന്നും സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.

Source: SA Police
2018ൽ പഞ്ചാബിൽ നിന്ന് വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയതാണ് ജസ്മീൻ. ജസ്മീന്റെ മരണത്തിൽ തകർന്നിരിക്കുകയാണ് ഇന്ത്യയിലുള്ള കുടുംബമെന്ന് ജസ്മീന്റെ അഡ്‌ലൈഡിലുള്ള ബന്ധു എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.
പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ജാസ്മീന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
ജാസ്മീന്റെ മരണവുമായി ബന്ധപെട്ട് ഇന്ത്യൻ വംശജനായ 20 കാരനെ പൊലീസ് മാർച്ച് എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് ജാസ്മീന്റെ മൃതദേഹം ഹോക്കറിൽ കുഴിച്ചിട്ടനിലയിൽ പൊലീസിന് കാട്ടിക്കൊടുത്തത്.
പോർട്ട് അഗസ്റ്റ മജിസ്ട്രെയിറ്റ്സ് കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാന്റിലാണ്.