സിഡ്‌നിയിലെ റൂട്ടി ഹില്ലിലുള്ള രണ്ടു വീടുകളിൽ പ്രാർത്ഥന നടത്താനായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
ഇതേത്തുടർന്ന് ഈ മാസമാദ്യം അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആത്മീയ തത്വചിന്തകൻ ആനന്ദ് ഗിരിക്കെതിരെ 16 വയസ്സിനു മേൽ പ്രായമായ രണ്ട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു പൊലീസ് കേസെടുത്തിരുന്നു.
അറസ്റ്റിന് പിന്നാലെ പാരമറ്റ മജിസ്‌ട്രേറ്സ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഇയാൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.
എന്നാൽ വെള്ളിയാഴ്ച മൗണ്ട് ഡ്രൂയിറ്റ് കോടതി കേസ് വീണ്ടു പരിഗണിച്ചപ്പോഴാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
കർശന ഉപാധികളോടെയാണ് ജാമ്യം. ദിവസവും ഒരു തവണ ക്യാമ്പ്ബെൽടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നതാണ് ഇതിൽ ഒരു വ്യവസ്ഥ.
കൂടാതെ അഭിഭാഷകർ മുഖേനയല്ലാതെ പരാതിക്കാരെയും സാക്ഷികളെയും സമീപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്.
രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഒരു കിലോമീറ്റർ അകലം പാലിക്കണമെന്നും മറ്റൊരു പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ പാടില്ലായെന്നും നിയമ വ്യവസ്ഥയിൽ പറയുന്നു.
മാത്രമല്ല ഒരു യോഗി എന്ന നിലയിൽ ഇവിടെ ആത്‌മീയ കാര്യങ്ങളിൽ ഇടപെടാനും ആനന്ദ് ഗിരിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2016ൽ പ്രാർത്ഥന നടത്താനായി എത്തിയ വീടിന്റെ കിടപ്പുമുറിയിൽ വച്ച് 38 കാരനായ ആനന്ദ് ഗിരി 29 വയസ്സുള്ള സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസിന്റെ ആരോപണം.
ഇതിനു ശേഷം 2018 നവംബറിൽ പ്രാർത്ഥന നടത്താൻ എത്തിയ മറ്റൊരു വീടിന്റെ സ്വീകരണമുറിയിൽ വച്ച് 34കാരിയോടും അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൗണ്ട് ഡ്രൂയിറ്റ് പൊലീസ് ഏരിയ കമാന്റിന് പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഓക്സലെ പാർക്കിൽ നിന്നും ഇയാളെ മെയ് അഞ്ചിന് വെളുപ്പിനെ പന്ത്രണ്ടരയോടെ NSW പൊലീസ് അറസ്റ്റ് ചെയ്തു.
ആറാഴ്ചത്തെ ആത്‌മീയ പ്രഭാഷണങ്ങൾക്കും യോഗയ്ക്കുമായി ഓസ്‌ട്രേലിയയിലെത്തി ഗിരി മെയ് ആറിന് തിരികെ മടങ്ങാനിരിക്കവെയാണ് അറസ്റ്റ് ചെയ്തത്.
ജൂൺ 26നു കോടതി കേസ് വീണ്ടും പരിഗണിക്കും