പലചരക്ക് സാധനങ്ങൾ, ഭക്ഷണം, യാത്ര, വീട് വാടക എന്നിവയിലാണ് നവംബർ മാസത്തിൽ വിലക്കയറ്റം പ്രകടമായത്.
നവംബർ വരെയുള്ള കണക്കനുസരിച്ച് പ്രതിമാസ ഉപഭോക്തൃ വില സൂചിക 7.3 ശതമാനം ഉയർന്നു. ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിൽ ഇത് 6.9 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്.
റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ക്യാഷ് റേറ്റ് ഉയർത്തുന്നതിനായി പരിഗണിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പണപ്പെരുപ്പ നിരക്ക്.
READ MORE

കർദ്ദിനാൾ ജോർജ്ജ് പെൽ അന്തരിച്ചു
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പ സമ്മർദ്ദം ഇപ്പോഴും തുടരുന്നതിൻറെ സൂചനയാണ് നിലവിലെ റിപ്പോർട്ടെന്ന് ABS പ്രൈസസ് സ്റ്റാറ്റിസ്റ്റിക്സ് മേധാവി മിഷേൽ മാർക്വാർഡ് പറഞ്ഞു.
ഭവന നിർമ്മാണ ചെലവ്, വീട് വാടക എന്നിവയുൾപ്പെടുന്ന പാർപ്പിട മേഖലയാണ് പണപ്പെരുപ്പം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.
ഉയർന്ന കൂലിയും, നിർമ്മാണ വസ്തുക്കളുടെ ചെലവുമാണ് ഇതിന് കാരണമായതെന്ന് മിഷേൽ മാർക്വാർഡ് കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തെ വീട് വാടകയുടെ വളർച്ചാ നിരക്ക് കുറയുന്നതായി ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ കോർലോജിക്കും, റിയൽ എസ്റ്റേറ്റ് അപ്രൈസറായ പ്രോപ്‌ട്രാക്കും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ പാദത്തിലെ വാടക വിപണിയുടെ വളർച്ചാ വേഗത രണ്ട് ശതമാനമായി കുറഞ്ഞുവെന്ന് കോർലോജിക്കിൻറെ റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ പാദത്തിൽ വാടക വിപണിയുടെ വളർച്ച സ്ഥിരത കൈവരിച്ചതായി പ്രോപ് ട്രാകിൻറെ റിപ്പോർട്ടും ചൂണ്ടിക്കാട്ടി.
ആളുകൾ ചെലവ് കുറഞ്ഞ മറ്റ് വഴികളിലേക്ക് തിരിയുന്നതാണ് വീട് വാടകയുടെ വർദ്ധനവ് മന്ദഗതിയിലാകാൻ കാരണമെന്ന് പ്രോപ്‌ട്രാക്കിലെ സാമ്പത്തിക ഗവേഷണ ഡയറക്ടറായ കാമറൂൺ കുഷർ പറഞ്ഞു.
ഭക്ഷണ, പാനീയങ്ങളുടെ വിലയിൽ 9.4 ശതമാനത്തിൻറെ വർദ്ധനവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വേതനം, ഇന്ധന വില എന്നിവ മൂലം ഉയർന്ന പ്രവർത്തനച്ചെലവ്, മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ പ്രതിസന്ധികൾ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങൾ.
ഇന്ധന വില, യുക്രൈനിലെ യുദ്ധം തുടങ്ങിയവയും വിലക്കയറ്റത്തെ മുന്നോട്ട് നയിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
താൽക്കാലികമായി വെട്ടിക്കുറച്ചിരുന്ന ഇന്ധന എക്‌സൈസ്
പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ചതും പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ പലിശ നിരക്കിൽ ഉണ്ടാകാൻ പോകുന്ന മാറ്റമാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ക്യാഷ് നിരക്ക് വീണ്ടും ഉയർത്തണമോ എന്ന് തീരുമാനിക്കാൻ ഫെബ്രുവരി 7 ന് RBA യോഗം ചേരുന്നുണ്ട്.
2023ൽ ഉയർന്ന പലിശനിരക്ക് പ്രതീക്ഷിക്കാമെന്ന് ക്യാപിറ്റൽ ഇക്കണോമിക്സ് അനലിസ്റ്റ് മാർസെൽ തിലിയന്റ് പറഞ്ഞു.
നിലവിൽ 3.1ശതമാനമായി തുടരുന്ന ക്യാഷ് റേറ്റ് വർദ്ധിപ്പിക്കുന്നത് വീട് വില കുറയാൻ ഇടയാക്കുമെങ്കിലും പലിശ നിരക്ക് ഉയരുന്നത് ലോണുള്ളവർക്ക് അധിക ബാധ്യത സമ്മാനിക്കും.