പാർട്ടിക്കുള്ളിലെ പടലപ്പിണക്കം കാരണം മൂന്നു വർഷത്തിനുള്ളിൽ രണ്ടു പ്രധാനമന്ത്രിമാരെ അട്ടിമറിച്ച സാഹചര്യത്തിലാണ് നേതൃമാറ്റത്തിനായി ലിബറൽ പുതിയ നിയമം കൊണ്ടുവന്നത്.
തിങ്കളാഴ്ച രാത്രി ചേർന്ന പാർട്ടി റൂം യോഗത്തിലാണ് ഇത് അംഗീകരിച്ചത്.
ഫെഡറൽ പാർട്ടി റൂമിൽ മൂന്നിൽ രണ്ട് അംഗങ്ങളും പിന്തുണച്ചാൽ മാത്രമേ ഇനി മുതൽ നേതൃമാറ്റ വോട്ടെടുപ്പ് വിജയിക്കൂ.
ലിബറൽ പാർട്ടി റൂം യോഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പൊതുവിൽ അസാധ്യമാണ്. നേരിയ വോട്ടുവ്യത്യാസത്തിലാണ് മിക്കപ്പോഴും നേതാക്കൻമാരെ അട്ടിമറിക്കാറുള്ളത്.

Malcolm Turnbull says only time will tell if a shake-up of Liberal Party rules ensures stability. (AAP) Source: AAP
"ഇങ്ങനെ പ്രധാനമന്ത്രിയെ മാറ്റുന്നത് ജനം മടുത്തുകഴിഞ്ഞു, ഞങ്ങളും. അതുകൊണ്ടാണ് ഈ നിയമം", പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
മാൽക്കം ടേൺബുള്ളിനെതിരെ നേതൃമാറ്റ വോട്ടെടുപ്പ് കൊണ്ടുവന്ന പീറ്റർ ഡറ്റനാണ് ഓഗസ്റ്റിൽ പ്രധാനമന്ത്രി മാറ്റത്തിന് കാരണമായത്. തുടർന്ന് നടന്ന വോട്ടെടുപ്പിൽ പീറ്റർ ഡറ്റനെ തോൽപ്പിച്ച് സ്കോട്ട് മോറിസൻ പ്രധാനമന്ത്രിയാകുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ലിബറൽ പ്രധാനമന്ത്രിമാർ മൂന്നു വർഷം ഭരിക്കുമെന്ന് ഓസ്ട്രേലയൻ ജനതയ്ക്ക് ഇനി ഉറപ്പാക്കാം എന്ന് ധനമന്ത്രി മത്തീസ് കോർമൻ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ ജനം സ്കോട്ട് മോറിസനെ തെരഞ്ഞെടുത്താൽ അദ്ദേഹം മൂന്നു വർഷം പൂർത്തിയാക്കുമെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം നയൻ നെറ്റ്വർക്കിനോട് പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പ് നേരത്തേയാക്കണം എന്ന് മുൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ലിബറൽ പാർട്ടി ഈ നിയമമാറ്റം കൊണ്ടുവന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കപ്പെടാൻ തയ്യാറാണെന്ന് ടോണി ആബറ്റും വ്യക്തമാക്കിയിരുന്നു.