കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് നടത്തിയ ഒരു 'തമാശ' പരാമര്‍ശമാണ് വിവാദമായത്.
പ്രതിപക്ഷ ട്രഷറി വക്താവ് ജിം ചാമേഴ്‌സിന്റെ 'ജനക്ഷേമ' ബജറ്റ് നിര്‍ദ്ദേശങ്ങളെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.
'ഹിമാലയസാനുക്കളിലെ ആശ്രമത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് വരുന്ന ജിം ചാമേഴ്‌സിനെക്കുറിച്ചാണ്‍ ഞാന്‍ ചിന്തിച്ചത്... നഗ്നപാദനായി, ഇളകിയാടുന്ന വസ്ത്രങ്ങളും, കര്‍പ്പൂരത്തിന്റെ മണവും, ഒരു കൈയില്‍ രുദ്രാക്ഷമാലയും മറുകൈയില്‍ അദ്ദേഹത്തിന്റെ ജനക്ഷേമ ബജറ്റും. ഏതു യോഗ ആസനമായിരിക്കും ബജറ്റ് അവതരിപ്പിക്കാന്‍ ജിം ചാമേഴ്‌സ് സ്വീകരിക്കുക എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.' ഇതായിരുന്നു ട്രഷററുടെ പ്രസ്താവന.
നിരവധി യോഗ ആസനങ്ങളെക്കുറിച്ചും പിന്നീട് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞിരുന്നു.
ഇതിനെതിരെ ഓസ്‌ട്രേലിയയിലെ ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തി. വംശീയവും, ഹിന്ദു-ഫോബികുമാണ് ഈ പരാമര്‍ശം എന്നാണ് ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ ആരോപിച്ചത്.
നിരവധി ലേബര്‍ എം പിമാരും ഈ പ്രസംഗത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഓസ്‌ട്രേലിയയിലെ ഹിന്ദുക്കളെ അപമാനിക്കുന്നതാണ് ഈ പരാമര്‍ശമെന്ന് ലേബര്‍ ആഭ്യന്തര വക്താവ് ക്രിസ്റ്റിന കെന്നലി പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് ജോഷ് ഫ്രൈഡന്‍ബര്‍ഗ് മാപ്പു പറഞ്ഞത്.
'ലേബറിന്റെ ജിം ചാമേഴ്‌സിനെ പരിഹസിക്കാന്‍ മാത്രമായിരുന്നു ആ പരാമര്‍ശം. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു' എസ് ബി എസ് ഹിന്ദി പരിപാടിക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

Treasurer Josh Frydenberg hugs himself during Question Time Source: AAP
ഹിന്ദു സമൂഹത്തിലെ നിരവധി പേര്‍ ട്രഷററുടെ പ്രസ്താവനയെ വിമര്‍ശിച്ചപ്പോള്‍, അത് മതത്തെ അധിക്ഷേപിക്കുന്നതല്ല എന്ന പരാമര്‍ശവുമായും പലരും രംഗത്തെത്തിയിരുന്നു. എസ് ബി എസ് ഹിന്ദിയുടെ ടോക്ക്ബാക്ക് പരിപാടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പലരും ഉന്നയിച്ചത്.
ഫെഡറല്‍ സര്‍ക്കാരിലെ അംഗങ്ങളും ട്രഷറെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, മാപ്പു പറഞ്ഞ ട്രഷററുടെ നടപടിയെ അംഗീകരിക്കുന്നു എന്ന് NSWലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ യദു സിംഗ് പറഞ്ഞു.