SKIP TO MAIN CONTENT

കേരളത്തിനായുള്ള ധനസമാഹരണം: ഓസ്ട്രേലിയൻ പാർലമെന്റിൽ പ്രമേയം

പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാനായി ഓസ്ട്രേലിയൻ മലയാളികൾ നടത്തുന്ന ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്ട്രേലിയൻ പാർലമെന്റിൽ പ്രമേയം. ഓസ്ട്രേലിയയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകുന്ന സമൂഹമാണ് മലയാളികളെന്നും, കേരളത്തിന്റെ ദുരിതത്തിൽ ഓസ്ട്രേലിയയും സഹായിക്കണമെന്നും ലേബർ എം പി ആന്തണി ബൈൺ പാർലമെന്റിൽ പറഞ്ഞു.

floods
Source: Country Land Map Geography Australia Australia Map (https://www.maxpixel.net/)

1 min read

Published

Updated

By Delys Paul


Skip to article content

കേരളത്തെ പ്രളയ ദുരന്തത്തിൽ സഹായിക്കുന്നതിനായി ഓസ്ട്രേലിയയിലെ നിരവധി രാഷ്ട്രീയ നേതാക്കൾ മുന്നോട്ടുവന്നിരുന്നു. അതിനിടയിലാണ് ഹോൾട്ട് എം പി ആന്തണി ബൈൺ പാർലമെന്റിൽ പ്രമേയം കൊണ്ടുവന്നത്. 

2016 സെൻസസ് കണക്കുകളിൽ ഇന്ത്യൻ വംശജരുടെ എണ്ണത്തിലുള്ള വർദ്ധനവും, ഓസ്‌ട്രേലിയൻ മലയാളികളുടെ സംഭാവനകളും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.  സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ പാർട്ടി വ്യത്യാസമില്ലാതെ സഹകരിക്കണെമെന്ന് അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു. 

വിക്ടോറിയിലലെ തെക്കുകിഴക്കൻ സബർബുകളിൽ സജീവമായ ബെറിക്ക് അയൽക്കൂട്ടം എന്ന മലയാളി സംഘടനയുടെ കേസി മേഖലയിലെ പ്രവർത്തനങ്ങൾ  ഓസ്‌ട്രേലിയൻ മലയാളികളുടെ സംഭാവനകൾക്ക് ഉദാഹരണമായി ബൈൺ പ്രസംഗത്തിൽ  ചൂണ്ടിക്കാട്ടി. 

മലയാളികളുടെ ഫണ്ട് ശേഖരണ പ്രവർത്തനങ്ങളിൽ ഒപ്പം പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസി കൗണ്സിലിനൊപ്പം ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകുമെന്നും ഒക്ടോബർ മാസത്തിൽ ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തു മിനിട്ടോളം നീണ്ടു നിന്ന പ്രസംഗത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് പരാമർശിച്ചു തുടങ്ങിയ അദ്ദേഹം, അവസാന അഞ്ചു മിനിട്ടും കേരളത്തിലെ ദുരന്തത്തെയും, അതിനായി എത്തിക്കേണ്ട സഹായങ്ങളെയും കുറിച്ചാണ് വിശദീകരിച്ചത്.

നേരത്തേ നോർതേൺ ടെറിട്ടറിയിലും കേരളത്തിലെ ദുരന്തത്തെക്കുറിച്ച് പാർലമെന്റിൽ പരാമർശമുണ്ടായിരുന്നു.

സഹായവുമായി ഹോബാർട്ട് കൗൺസിലും

ഓസ്‌ട്രേലിയുടെ മാറ്റു ഭാഗങ്ങളിലും അധികൃതർ ഈ ദുരന്തത്തിൽ കേരളജനതയോട് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ടാസ്മാനിയയിൽ ഹൊബാർട് സിറ്റി കൗൺസിൽ അധികൃതരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്‌തു.

ഹൊബാർട് മേയർ ആൽഡെമൻ ക്രിസ്റ്റിയാണ്  കൗൺസിലിന്റെ ഫണ്ട് ഇതിനായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹൊബാർട് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ പറഞ്ഞത്. 

ഓസ്‌ട്രേലിയുടെ വിവിധ ഭാഗങ്ങളിൽ കേരളത്തിലേക്കുള്ള ഫണ്ട് ശേഖരണത്തിൽ മലയാളികൾക്ക് പുറമെ ഓസ്‌ട്രേലിയൻ അധികൃതരും മറ്റ് സമൂഹങ്ങളിൽ നിന്നുള്ളവരും സഹായിക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഇന്ത്യൻ സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ സഹായം എത്തിക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യവകുപ്പ് എസ് ബി എസ് മലയാളത്തോട് പറഞ്ഞിരുന്നു.

 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now