SKIP TO MAIN CONTENT

കോടതിയിൽ ചിരിച്ചുകൊണ്ട് അരുൺ കമലാസനൻ; ചുറ്റും നോക്കാതെ സോഫിയ

മെൽബൺ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ കോടതി 22 വർഷം ശിക്ഷ വിധിച്ചപ്പോൾ, കരഞ്ഞുകൊണ്ടാണ് സാമിന്റെ ഭാര്യ സോഫിയ അതു കേട്ടത്. എന്നാൽ കോടതിയിൽ ഇടയ്ക്ക് ചിരിച്ചും മറ്റുള്ളവരെ നോക്കിയുമിരുന്ന അരുൺ കമലാസനൻ, ശാന്തനായാണ് വിധി കേട്ടത്.

Cành sát đang điều tra một vụ án mạng
Cành sát đang điều tra một vụ án mạng Source: SBS

1 min read

Published

Updated

By Salvi Manish


Skip to article content

സാം എബ്രഹാം വധക്കേസിൽ 672 ദിവസമായി ജയിലിൽ കിടക്കുന്ന പ്രതികൾ വിധി കേൾക്കാനായി 10.25ഓടെയാണ് കോടതി മുറിയിലെത്തിയത്.  മറ്റാരെയും നോക്കാതെ കോടതിയിലേക്കെത്തിയ സോഫിയ, ജഡ്ജി വിധി പറഞ്ഞ മുക്കാൽ മണിക്കൂർ നേരവും നിശ്ചലയായിരിക്കുകയായിരുന്നു. 

എന്നാൽ അരുൺ കമലാസനൻ കോടതി മുറിയിലെത്തിയപ്പോൾ തന്നെ അവിടെത്തിയ മറ്റെല്ലാവരെയും നോക്കുകയും, കോടതി മുറിയിലെ നടപടികൾ കണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടക്ക് അരുണിന്റെ അഭിഭാഷകൻ അടുത്തെത്തി ഏറെ നേരം സംസാരിക്കുകയും ചെയ്തു. 

മുക്കാൽ  മണിക്കൂർ നീണ്ട വിധി പ്രസ്താവം വായിച്ച ശേഷം ഇരുവരെയും എഴുന്നേൽപ്പിച്ചു നിർത്തിയാണ് ജഡ്ജി ശിക്ഷ വിധിച്ചത്. അരുണിന്റെ ശിക്ഷയാണ് ആദ്യം പ്രസ്താവിച്ചത്. വികാരമൊന്നുമില്ലാതെ അരുൺ അതു കേട്ടപ്പോൾ, കരഞ്ഞുകൊണ്ടാണ് സോഫിയ ശിക്ഷാവിധി കേട്ടത്. 

അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുത്തിയിരുന്നുവെന്നും, ശിക്ഷ കേരളത്തിലുള്ള ഭാര്യയെയും മകനെയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്നും കോടതി പറഞ്ഞു. കുട്ടി വളരുന്ന സമയത്ത് അരുൺ അടുത്തുണ്ടാകില്ല. പ്രായമായ അച്ഛനമ്മമാരുടെ അവസാന കാലത്തും അവർക്കൊപ്പം അരുണിന് ഉണ്ടാകാൻ കഴിയില്ല. അരുണിന്റെ തന്നെ നടപടികളാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു. 

കുറ്റകൃത്യത്തിൽ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചതായി കാണുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. സോഫിയയുടെ ഒമ്പത് വയസ്സായ കുട്ടി ഇപ്പോൾ സഹോദരിക്കൊപ്പം മെൽബണിലാണ്. സാമിന്റെ മാതാപിതാക്കൾ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെടുന്നതിൽ സോഫിയക്ക് ആശങ്കയുണ്ടെന്നു അറിയാമെങ്കിലും അതിൽ വ്യക്തമായ അഭിപ്രായം ഒന്നും പറയാതെയാണ് സോഫിയയുടെ ശിക്ഷ ജസ്റ്റിസ് കൊഗ്‌ലൻ വിധിച്ചത്.

ശിക്ഷാ വിധിക്ക് ശേഷം ഇരുവരെയും വിലങ്ങു വച്ച് കൊണ്ട് ജയിലിലേക്ക് കൊണ്ടുപോയി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now