ചൊവ്വാഴ്ചയാണ് വിക്ടോറിയന്‍ പാര്‍ലമെന്റ് Access to Medicinal Cannabis Bill 2015 പാസ്സാക്കിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നെങ്കിലും, ചൊവ്വാഴ്ചയാണ് വിക്ടോറിയൻ സർക്കാർ ഇത് നിയമവിധേയമാക്കിയത്.
ഇതോടെ, കാനബിസ് അഥവാ കഞ്ചാവ് മരുന്നായി ഉപയോഗിക്കാനുള്ള നിയമം കൊണ്ടുവന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറി വിക്ടോറിയ.
ഗുരുതരമായ അപസ്മാരരോഗമുള്ള കുട്ടികളെ ചികിത്സിക്കാനായി അടുത്ത വർഷം ആദ്യം കാനബിസ് മരുന്നായി വിപണിയിൽ എത്തുമെന്ന് ആരോഗ്യമന്ത്രി ജിൽ ഹെന്നസ്സി അറിയിച്ചു. ഇത്തരം രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് പുതിയ നിയമം ആശ്വാസമാകുമെന്നും ഹെന്നസ്സി ചൂണ്ടിക്കാട്ടി.
പുതിയ നിയമപ്രകാരം, മരുന്ന് എന്ന രീതിയില്‍ സംസ്ഥാനത്ത് കഞ്ചാവ് ഉത്പാദിപ്പിക്കാനും, വിതരണം ചെയ്യാനും ഉപയോഗിക്കാനും കഴിയും. മരുന്നിൻറെ ഉത്പാദനത്തിന് മേൽനോട്ടം വഹിക്കാനും, ഡോക്ടർമാരെയും രോഗികളെയും ഇതേക്കുറിച്ച് ബോധവത്കരിക്കാനും ഓഫീസ് ഓഫ് മെഡിസിനല്‍ കാനബീസ് രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
മരുന്നിനായും ശാസ്ത്രസംബന്ധമായ കാര്യങ്ങൾക്കുമായി കഞ്ചാവ് നട്ടു വളർത്താനുള്ള നിയമം ഫെഡറൽ സർക്കാർ ഫെബ്രുവരിയിൽ പാസ്സാക്കിയിരുന്നു. എന്നാൽ, ഇത് മരുന്നായി ഉപയോഗിക്കുന്നത് സർക്കാർ നിയമപരമായ അംഗീകരിച്ചിരുന്നില്ല.
Know more about this:

കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു
ഇത് ഗുരുതരമായ അപസ്മാരരോഗമുള്ള കുട്ടികളെ ചികിത്സിക്കുന്നതിന് ഫലപ്രദമായ ഔഷദമാണെന്ന് പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ ഇത് നിയമവിധേയമാക്കാനുള്ള ചർച്ചകൾ നടന്നിരുന്നു.