വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഉൾനാടൻ പട്ടണമായ അൽബനിയിൽ നിന്ന് 25 കിലോമീറ്റർ അകലെ റെഡ്മണ്ടിലാണ് കംഗാരു ഫാമുടമയെ ആക്രമിച്ചത്. എഴുപത്തിയേഴുകാരനായ പീറ്റർ ഈഡ്‌സാണ് സ്വന്തം ഫാമിൽ വളർത്തിയ കംഗാരുവിൻറെ ആക്രമണത്തിൽ മരിച്ചത്.
റെഡ്മണ്ടിലെ അൽപാക്ക ഫാമിലാണ് പീറ്റർ കംഗാരുവിനെ ഓമനിച്ച് വളർത്തിയിരുന്നത്. മൂന്ന് വയസ്സ് പ്രായമുള്ള കംഗാരു, ഫാം ഉടമയായ പീറ്റർ ഈഡ്‌സിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് കംഗാരുവിൻറ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പീറ്റർ ഈഡ്‌സിനെ വീട്ടുകാർ കണ്ടെത്തിയത്.
ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും കംഗാരു അക്രമ സ്വഭാവം പ്രകടിപ്പിച്ചതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്ന് കംഗാരുവിനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
പിന്നീട് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പീറ്റർ ഈഡ്സിൻറെ ജീവൻ നിലനിറുത്താനായില്ല. ആക്രമണം നടത്തിയ കംഗാരുവിനെ ഈഡ്സാണ് പരിപാലിച്ചു വന്നിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പ്രദേശത്തെ അറിയപ്പെടുന്ന അൽപാക്ക കർഷകനായിരുന്നു കൊല്ലപ്പെട്ട പീറ്റർ ഈഡ്സ്.
മാരകമായ കംഗാരു ആക്രമണങ്ങൾ അപൂർവ്വമെന്ന് വിദഗ്ദർ
കംഗാരുവിൻറെ ആക്രമണത്തിൽ ഓസ്ട്രേലിയയിൽ ഒരാൾ കൊല്ലപ്പെടുന്നത് 86 വർഷങ്ങൾക്ക് ശേഷമാണെന്നാണ് റിപ്പോർട്ടുകൾ.
1936-ൽ ന്യൂ സൗത്ത് വെയിൽസിലാണ് മരണകാരണമായ കംഗാരു ആക്രമണം അവസാനമായി റിപ്പോർട്ട് ചെയ്തത്.
കംഗാരുക്കൾ അപൂർവ്വമായി മാത്രമേ മാരകമായി മനുഷ്യരെ അക്രമിക്കാറുള്ളെങ്കിലും, കംഗാരു വന്യമൃഗമാണെന്ന് ഓർമ്മിക്കണമെന്ന് മെൽബൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഗ്രെയിം കോൾസൺ ചൂണ്ടിക്കാട്ടി.
കംഗാരുക്കൾ വന്യമൃഗങ്ങളാണ്, അവ വളർത്തുമൃഗങ്ങളല്ല. കംഗാരുവിന് മൂർച്ചയുള്ള പല്ലുകളും നഖങ്ങളും ഉണ്ടെന്ന് ഓർക്കുക.
പ്രൊഫസർ ഗ്രെയിം കോൾസൺ പറഞ്ഞു.
കംഗാരുവിനെ ഇണക്കി വളർത്താൻ ശ്രമിക്കുന്നത് അപകടകരമാണ്. ലൈംഗീക ശേഷി കൈവരുന്ന ആൺ കംഗാരുക്കൾ പരസ്പരം പോരടിക്കാറുണ്ട്.
പ്രായപൂർത്തിയായ ഒരു കംഗാരു മുന്നിൽ നിൽക്കുന്ന മനുഷ്യനെ എതിരാളിയായ മറ്റൊരു കംഗാരുവായാണ് കാണുന്നതെന്നും പ്രൊഫസർ പറഞ്ഞു.
കംഗാരുക്കളുടെ സമീപത്ത് നിൽക്കുമ്പോൾ ആളുകൾ ജാഗ്രത പാലിക്കണമെന്നും കംഗാരുക്കളുടെ സ്വഭാവത്തെ പറ്റി ഗവേഷണം നടത്തുന്ന പ്രൊഫസർ ഗ്രെയിം കോൾസൺ ഓർമ്മിപ്പിച്ചു.