ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ മാസങ്ങൾ കഴിഞ്ഞിട്ടും തുടരുമ്പോൾ ഇതിന് പിന്നിലെ കാരണങ്ങൾ ചൊല്ലിയുള്ള വിവാദങ്ങളും കത്തിപ്പടരുകയാണ്.
കാലാവസ്ഥാവ്യതിയാനമാണ് മുൻവർഷത്തേക്കാൾ അധികമായി കാട്ടുതീ പടരാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തിൻറെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ നിരത്തിറിലങ്ങുകയും ചെയ്തു.
ഇതിനിടെ മനഃപൂർവം കാട്ടുതീ പടർത്തിയെന്നാരോപിച്ച് 24 പേർക്കെതിരെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് കേസെടുത്തു.
ഓസ്‌ട്രേലിയൻ നിയമപ്രകാരം മനഃപൂർവം തീ പടർത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. കുറ്റക്കാരായി കണ്ടെത്തുന്നവർക്ക് കഠിന തടവും പിഴ ലഭിക്കും.
രാജ്യത്തിന്റെ ഓരോ സംസ്ഥാനത്തും മനഃപൂർവം തീ പടരാൻ കാരണക്കാരാകുന്നവർക്ക് വ്യത്യസ്ത ശിക്ഷയാണ് നിലവിലുള്ളത്. ഓരോ സംസ്ഥാനവും ഈ കുറ്റത്തിന് നൽകുന്ന ശിക്ഷയെക്കുറിച്ചാണ് ഇവിടെ നോക്കുന്നത്.
ന്യൂസ് സൗത്ത് വെയിൽസ്:
മനഃപൂർവം പടർത്തിയ കാട്ടുതീ എത്രത്തോളം നാശനഷ്ടങ്ങൾക്ക് കാരണമായെന്നും, പ്രതികളുടെ ഉദ്ദേശലക്ഷ്യവും, ഇതിനായി നടത്തിയ ഗൂഢാലോചനയുമെല്ലാം കണക്കിലെടുത്താവും സംസ്ഥാനത്ത് ശിക്ഷയുടെ കാഠിന്യം തീരുമാനിക്കുക.
ബോധപൂർവം കാടിന് തീയിടുന്നതുമായി ബന്ധപ്പെട്ട കേസുകൾ കോടതി ഗൗരവമായി കണക്കാക്കും.
സംസ്ഥാനത്ത് ക്രൈംസ് ആക്ട് സെക്ഷൻ 203E അനുസരിച്ച് സ്വകാര്യ സ്വത്തിനോ പൊതു സ്വത്തിനോ ബോധപൂർവം തീയിടുകയും അശ്രദ്ധയോടെ തീ പടരാൻ കരണമാവുകയോ ചെയ്യുന്നത് 21 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
നേരത്തെ 14 വർഷമായിരുന്നു ഈ കുറ്റത്തിനുള്ള ശിക്ഷ. ഇത് പിന്നീട് 21 വർഷമായി ഉയർത്തുകയായിരുന്നു.
ഇനി ഇത്തരത്തിൽ മനഃപൂർവം തീ കത്തിക്കുകയും ഇതുമൂലം ജീവഹാനി സംഭവിക്കുകയും ചെയ്‌താൽ കൊലക്കുറ്റത്തിനാകും ഇവർക്കെതിരെ കേസെടുക്കുന്നത്. 25 വർഷം വരെ തടവാണ് ന്യൂ സൗത്ത് വെയിൽസിൽ കൊലക്കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ.
വിക്ടോറിയ:
ന്യൂ സൗത്ത് വെയിൽസിന് സമാനമായി വിക്ടോറിയയിലും ഇത് ഗൗരവമായ ക്രിമിനൽ കുറ്റമാണ്.
പൊതു സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുക, സുരക്ഷിതമല്ലാത്ത രീതിയിൽ കത്തിച്ച വസ്തു കയ്യിൽ കരുതുകയും ഇത് തീ പടരാൻ കാരണമാവുകയും ചെയ്യുന്നത് കുറ്റകരമാണ്.
മാത്രമല്ല ഇത് മൂലം നാശനഷ്ടങ്ങൾ സംഭവിക്കുകയും അതുപോലെ തന്നെ ആരുടേയും നിരീക്ഷണത്തിലല്ലാതെ പൊതുയിടങ്ങളിൽ തീയിടുകയും ചെയ്യുന്നതും വിക്ടോറിയൻ നിയമ പ്രകാരം ശിക്ഷാർഹമാണ്.
ഇത് 12 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വിക്ടോറിയയിൽ മനഃപൂർവം കാട്ടുതീ പടർത്തുന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Source: AAP
സെക്ഷൻ 197 ക്രൈംസ് ആക്ട് പ്രകാരം മനഃപൂർവം പടർത്തിയ തീ മൂലം ആരെങ്കിലും മരണമടഞ്ഞാൽ 25 വർഷമാണ് ഇവിടെ ലഭിക്കുന്ന ശിക്ഷ.
ക്വീൻസ്ലാൻറ്:
ക്വീൻസ്ലാൻറ് ഫയർ ആൻഡ് എമർജൻസി സർവീസും ക്വീൻസ്ലാൻറ് പൊലീസും സംയുക്തമായാണ് മനഃപൂർവം തീ പടർത്തുന്നവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നത്.
ക്വീൻസ്ലാൻറ് ക്രിമിനൽ കോഡ് ആക്ടിലെ സെക്ഷൻ 461 പ്രകാരം കെട്ടിടത്തിനോ, വാഹനത്തിനോ, ഖനിക്കോ തീയിടുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്നതാണ്.
ഇത് ഗൗരവകരമായ കുറ്റമായതുകൊണ്ട് തന്നെ ജില്ലാ കോടതിയിലാവും ഇത് സംബന്ധിച്ച കേസിന്റെ നടപടിക്രമങ്ങൾ നടക്കുക.
മനഃപൂർവം നിയമവിരുദ്ധമായി കാടിന് തീയിടുന്നവർക്ക് കുറഞ്ഞത് 14 വർഷമാണ് ഇവിടെ ജയിൽ ശിക്ഷ.
സൗത്ത് ഓസ്ട്രേലിയ:
സൗത്ത് ഓസ്‌ട്രേലിയയിൽ വാഹനവും കെട്ടിടവുമെല്ലാം മനഃപൂർവം തീ വച്ചോ സ്ഫോടന വസ്ത്തുക്കൾ ഉപയോഗിച്ചോ നശിപ്പിക്കുന്നത് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മനഃപൂർവമോ അശ്രദ്ധകൊണ്ടോ കാട്ടുതീ പടർത്തുന്നത് ഇവിടെ 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
വെസ്റ്റേൺ ഓസ്ട്രേലിയ:
മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി വെസ്റ്റേൺ ഓസ്‌ട്രേലിയയിലും മനഃപൂർവം തീ കത്തിക്കുന്നത് ഗൗരവകരമായ കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച കേസുകൾ വെസ്റ്റേൺ ഓസ്‌ട്രേലിയൻ സുപ്രീം കോടതിയിലാണ് നടക്കുക.
ബുഷ് ഫയർ ആക്ട് സെക്ഷൻ 444, 445 പ്രകാരം മനുഷ്യനിർമ്മിതായി തീ പടർത്തി നാശനഷ്ടങ്ങൾ വരുത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് 15 വർഷമാണ് ജീവപര്യന്തം ശിക്ഷ.