ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത ക്ലൈമാക്സിലേക്ക്.
ലേബർ പാർട്ടി വിജയം നേടുമെന്ന അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്സിറ്റ് പോൾ ഫലവും കാറ്റിൽപ്പറത്തി ലിബറൽ-നാഷണൽ സഖ്യം കൂടുതൽ സീറ്റുകൾ സ്വന്തമാക്കി.
52 ശതമാനം വരെ ജനപിന്തുണ നേടാം എന്ന ലേബറിന്റെ പ്രതീക്ഷയാണ് തകർന്നത്.
വോട്ടെണ്ണലിന്റെ ആദ്യ മൂന്നര മണിക്കൂർ പിന്നിട്ടപ്പോൾ ലേബറിനെക്കാൾ പത്തിലേറെ സീറ്റുകൾക്ക് മുന്നിലാണ് ലിബറൽ എന്നാണ് എ ബി സി സൂചിപ്പിക്കുന്നത്. ലിബറൽ സഖ്യം തന്നെ വീണ്ടും അധികാരത്തിലെത്താനാണ് ഇപ്പോഴത്തെ സാധ്യതയെന്ന് എ ബി സി തെരഞ്ഞെടുപ്പ് വിദഗ്ധൻ ആന്തണി ഗ്രീൻ പ്രഖ്യാപിച്ചു.

Supporters watch the tally count at the Federal Labor Reception in Melbourne. Source: AAP
ഈ ട്രെന്റ് തുടർന്നാൽ തുടർച്ചയായ മൂന്നാം തവണയും ലിബറൽ സഖ്യം ഭരണത്തിലെത്തും.
ലിബറൽ പാർട്ടി നേതാക്കളും പ്രതീക്ഷിച്ചതിനെക്കാൾ മികച്ച നേട്ടമാണ് സഖ്യത്തിന് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണൽ തുടങ്ങുമ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ നേട്ടമുണ്ടായെന്ന് വിരമിക്കുന്ന ലിബറൽ അംഗം ക്രിസ്റ്റഫർ പൈൻ ചാനൽ ടെന്നിനോട് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ടോണി ആബറ്റിന്റെ തോൽവി നൽകിയ ഞെട്ടലിനിടയിലാണ് ലിബറൽ സഖ്യം ഈ നേട്ടമുണ്ടാക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിലെ വോറിംഗ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി സാലി സ്റ്റെഗലിനോടാണ് ആബറ്റ് പരാജയപ്പെട്ടത്. 25 വർഷമായി ആബറ്റ് ജയിച്ചിരുന്ന സീറ്റായിരുന്നു അത്.
ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിലും ക്രോസ് ബഞ്ച് എം പിമാരുടെ പിന്തുണയോടെ ന്യൂനപക്ഷ സർക്കാരായി സ്കോട്ട് മോറിസന് അധികാരം നിലനിർത്താൻ കഴിയും എന്നാണ് വിലയിരുത്തൽ.
151 അംഗ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ ഭരണം നേടാൻ 76 സീറ്റുകളാണ് വേണ്ടത്. 70ലേറെ സീറ്റുകൾ ഇതിനകം ലിബറൽ സഖ്യം ഉറപ്പാക്കിക്കഴിഞ്ഞു.
ഏറെ മാസങ്ങളായി അഭിപ്രായ സർവേകൾ ലേബർ പാർട്ടിക്ക് അനൂകൂലമാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പു നടന്ന സർവേകളും ലേബർ വിജയമാണ് പ്രവചിച്ചത്.
ലേബറിന് അനൂകൂലമായി രണ്ടു ശതമാനം വോട്ടു മാറും എന്നായിരുന്നു ന്യൂസ് പോൾ പ്രവചനം.
എന്നാൽ കുറഞ്ഞത് 1.2 ശതമാനം വോട്ടുകൾ ലിബറൽ സഖ്യത്തിന് അനുകൂലമായി എന്നാണ് വോട്ടെണ്ണൽ വ്യക്തമാക്കുന്നത്. ഫലത്തിൽ, അഭിപ്രായവോട്ടെടുപ്പിന്റെ വിപരീത ദിശയിൽ മൂന്നു ശതമാനത്തിലേറെ വോട്ടുചോർച്ചയാണ് ഉണ്ടായത്.