മുന്‍പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിന്റെ മണ്ഡലമായിരുന്ന ന്യൂ സൗത്ത് വെയില്‍സിലെ വെന്റ് വര്‍ത്തില്‍ നിലവിലെ സ്വതന്ത്ര എം പി കെറിന്‍ ഫെല്‍പ്‌സിനെയാണ് ദേവ് ശര്‍മ്മ പരാജയപ്പെടുത്തിയത്.
ഇതോടെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ ആയിരിക്കുകയാണ് ദേവ് ശര്‍മ്മ.
പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് പുറത്തായപ്പോള്‍ മാല്‍ക്കം ടേണ്‍ബുള്‍ രാജിവച്ച വെന്റ് വര്‍ത്ത് സീറ്റില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെറിന്‍ ഫെല്‍പ്‌സായിരുന്നു വിജയിച്ചത്. അന്ന് ദേവ് ശര്‍മ്മയെ തോല്‍പ്പിച്ചാണ് ഫെല്‍പ്‌സ് പാര്‍ലമെന്റിലേക്കെത്തിയത്.
ഇത്തവണ 76 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ടു പാര്‍ട്ടി പ്രിഫറന്‍സില്‍ 50.72 ശതമാനം വോട്ടുകളുമായി ദേവ് ശര്മ്മ വിജയം ഉറപ്പിക്കുകയായിരുന്നു.
വെന്റ് വര്‍ത്ത് സീറ്റ് കൂടി ലഭിച്ചതോടെയാണ് സ്‌കോട്ട് മോറിസന്‍ സര്ക്കാരിന് കുറഞ്ഞത് 77 എം പിമാരുടെ അംഗബലം ഉണ്ടാകുമെന്ന് ഉറപ്പായത്.
കടുത്ത മത്സരം നടക്കുന്ന ചിഷം, ബാസ്, ബൂത്ത്‌ബൈ എന്നീ സിറ്റുകളും ലിബറല്‍ തന്നെ നേടുമെന്നാണ് എ ബി സി തെരഞ്ഞെടുപ്പ് വിദഗ്ധന്‍ ആന്റണി ഗ്രീന്‍ വിലയിരുത്തുന്നത്.
ലേബര്‍ പാര്‍ട്ടിക്ക് 68 സീറ്റുകളാകും ലഭിക്കുക എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന. മൂന്നു സ്വതന്ത്രര്‍ ഉള്‍പ്പെടെ ആറു ക്രോസ് ബഞ്ച് അംഗങ്ങളുണ്ടാകും.