മെൽബണിന്റെ വടക്കൻ സബർബായ ബല്ലാരറ്റിലുള്ള ബല്ലാരറ്റ് കറി ഹൗസിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം പാകിസ്ഥാൻ വംശജനായ അബ്ദുള്ള സിദ്ദിഖിന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മെൽബണിൽ ഐ ടി ജീവനക്കാരനായിരുന്നു അബ്ദുള്ള.
മുപ്പതുകാരനായ അബ്ദുള്ള ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബല്ലാരറ് കറി ഹൗസിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. അവിടെ വച്ച് ഈ റെസ്റ്റോറന്റിലെ പാചകക്കാരനായ ഹരി പ്രസാദ് ധക്കലുമായുണ്ടായ വാഗ്‌വാദമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നതായി ഹെറാൾഡ് സൺ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ഇത് ആസൂത്രിതമായ കൊലപാതകമല്ലെന്നാണ് പോലീസിന്റെ നിഗമനം.
റെസ്റ്റോറന്റിന്റെ ഭക്ഷണമുറിയിൽ സംഘർഷം നടന്നതിനു തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.
എന്നാൽ റെസ്റ്റോറന്റിന് പുറകുവശത്ത് രക്തം ചിതറിക്കിടന്നിരുന്നു എന്ന് പോലീസ് പറയുന്നു. ഒരു അടുക്കള ഉപകരണമാണ് കൊലചെയ്യാനായി ഉപയോഗിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
ഭാര്യയുമായി പാകിസ്ഥാനിൽ നിന്നും ഓസ്ട്രേലിയയിലെത്തിയ അബ്ദുള്ള, ഇവിടെ ഒരു പുതിയ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലായിന്നുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ 9 ന്യൂസ് നോട് പറഞ്ഞു.
റെറ്റോറന്റിൽ പാചകക്കാരനായ ഹരി പ്രസാദ് ധക്കലിനെ ബുധനാഴ്ച രാവിലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നേദിവസം ഉച്ചതിരിഞ്ഞു ബല്ലാരറ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ
കോടതി റിമാൻഡ് ചെയ്തു.
എന്നാൽ, 49 കാരനായ ധക്കൽ ജാമ്യഅപേക്ഷ നൽകിയില്ലെന്ന് ഇയാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. അടുത്ത വര്ഷം മാർച്ച 16 -ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.