എന്തുകൊണ്ട് ഭാഷ പഠിക്കാന്‍ ഇഷ്ടപ്പെടുന്നു?
ഏതെങ്കിലും ഒരു ഭാഷ പഠിക്കുന്നവര്‍ക്ക്, ആ ഇഷ്ടം പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കിയാണ് എസ് ബി എസ് റേഡിയോ ദേശീയ ഭാഷാ മത്സരം സംഘടിപ്പിച്ചത്.
നൂറോളം ഭാഷകളിലായി, 3500ലേറെ പേര്‍ പങ്കെടുത്ത ഈ മത്സരത്തില്‍ മലയാളം പഠിക്കുന്ന ഒട്ടേറെ കുട്ടികളും പങ്കാളികളായി. ചിത്രങ്ങള്‍ വരച്ചും, മനസിലെ ഇഷ്ടം വാക്കുകളായി പങ്കുവച്ചുമൊക്കെ മലയാളി കുട്ടികളില്‍ ചിലര്‍ സമര്‍പ്പിച്ച ഉത്തരങ്ങളാണ് ഇവിടെ നല്‍കുന്നത്.

ഏഴു വയസുള്ള മിഷേല്‍ വരച്ച ചിത്രമാണ് ഇത്. ഈ ചിത്രത്തെത്തക്കുറിച്ചും മലയാളത്തെക്കുറിച്ചും മിഷേല്‍ എഴുതിയത് ഇങ്ങനെയാണ്.
"അപ്പച്ചനും അമ്മച്ചിയും ചോദിക്കും എന്തുണ്ട് വിശേഷം ഞാന്‍ പറയും സുഖമാണ്"
ഓണം മനസില്‍ നിറച്ചാണ് എട്ടു വയസുകാരന്‍ നീരദ് ശ്രീഹരി ചിത്രം വരച്ചത്.

പന്ത്രണ്ടുവയസുകാരന്‍ അസ്ഫര്‍ സാജിദിന്റെ ചിത്രത്തില്‍, മലയാളിയുടെ ഗൃഹാതുരത്വം കാണാം.

ഈ ചിത്രത്തെക്കുറിച്ച് അസ്ഫര്‍ എഴുതിയത് ഇങ്ങനെയാണ്.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.എനിക്ക് അങ്ങനെ ഉള്ള ചങ്ങാതിമാര്‍ ഉള്ളത് എന്റെ നാട്ടിലാണ്.അവരോടും എന്റെ ബന്ധുക്കളോടും മനസ്സോട് അടുക്കാന്‍ എനിക്ക് എന്റെ മലയാളം വേണം.
എട്ടു വയസുകാരന്‍ മുഹമ്മദ് ഇഷാനും മലയാളം നല്‍കുന്നത് കുഞ്ഞുകുഞ്ഞുസ്വപ്‌നങ്ങളാണ്.

അമ്മൂമ്മക്കഥയും, ചുണ്ടന്‍വള്ളവും, തെങ്ങിന്‍തോപ്പുമെല്ലാം നിറയുന്നതാണ് പന്ത്രണ്ടു വയസുകാരി ഫിദയുടെ ചിത്രവും.

കൊച്ചു കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാനായിരുന്നു മത്സരമെങ്കില്‍, മുതിര്‍ന്ന കുട്ടികളോട് മനസിലെ ചിന്തകള്‍ വാക്കുകളാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
16 വയസുകാരി ആയിഷ മലയാളം പഠിക്കുന്നതിന്റെ കാരണം ഇങ്ങനെയാണ് വിവരിക്കുന്നത്.
"തൊട്ടാവാടി ചെടിയെ തൊട്ടും, മഞ്ചാടിക്കുരുക്കള്‍ പെറുക്കിയും കളിക്കുന്ന ആ കൊച്ചു പെണ്‍കുട്ടിയിലേക്ക് അത് എന്റെ ഓര്‍മ്മകളെ കൊണ്ടുപോകുന്നു. മലയാളം എനിക്ക് വായനയുടേയും എഴുത്തിന്റെയും ഒരു പുതിയ വാതില്‍ തുറന്നുതന്നു ; അതുമൂലം എന്റെ ജന്മനാട്ടില്‍ ഒരു കാഴ്ചക്കാരി എന്നതിലുപരി ഒരു പങ്കാളി ആവാന്‍ എനിക്ക് കഴിയുന്നു."
ആയിഷ ഇങ്ങനെ കൂടി എഴുതിയിരിക്കുന്നു
എന്റെ ഭാഷ എന്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗമാണ്; അതെന്റെ വിലമതിക്കാനാവാത്ത സമ്പത്തും, തകര്‍ക്കാനാവാത്ത അഭിമാനവുമാണ്
സിഡ്‌നിയെയും കേരളത്തെയും ഒരുമിച്ച് കൊണ്ടുവരികയാണ് പത്തുവയസുകാരന്‍ സയാന്‍.

എട്ടു വയസുകാരന്‍ നിപുന്റെ മനസില്‍ മലയാളം ഒരു കഥകളിചിത്രമായാണ് നിറഞ്ഞുനില്‍ക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളം വിദ്യാര്‍ത്ഥികളെല്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ മറ്റു ഭാഷകള്‍ പഠിക്കുന്നതില്‍ 72 വയസു വരെയുള്ളവര്‍ ദേശീയ ഭാഷാ മത്സരത്തില്‍ പങ്കാളികളായിട്ടുണ്ട്.
ഫ്രഞ്ച് ഭാഷ പഠിക്കുന്ന 60 വയസുകാരി പാമില അതിന്റെ കാരണം എഴുതിയിരിക്കുന്നത് ഇങ്ങെയാണ്.
I am learning French because my son's wife is French. She lives in Autsralia now. She speaks English but I think that it's nicer for me to understand her so we are better friends. I also want to go to France
ഗ്രീക്ക് ഭാഷ പഠിക്കുന്ന കത്രീന എന്ന 11 കാരി സമര്‍പ്പിച്ച ചിത്രം ഇതാണ്.

അഞ്ചു പ്രായവിഭാഗങ്ങളിലായായിരുന്നു എസ് ബി എസ് ഭാഷാ മത്സരം നടത്തിയത്. അഞ്ചു വിഭാഗങ്ങളിലും ഓരോ ഐപാഡ് പ്രോയും, എയര്‍പോഡുമായിരിക്കും സമ്മാനം.
നവംബര്‍ എട്ടിന് സിഡ്‌നിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

