സെപ്റ്റംബറിൽ പുറത്തിറങ്ങിയ പനിനീർദളം എന്ന മലയാള ആൽബത്തിലുള്ള 'ഹൃദയത്തിൽ' എന്ന ഗാനമാണ് നസിയ ആലപിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലെ മലരേ എന്ന ഗാനം പാടി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നസിയ മലയാളികൾക്കിടയിൽ ശ്രദ്ധേയയായത്. പാട്ട് വൈറൽ ആയതോടെ എന്ന് നിന്റെ മൊയ്‌ദീനിലെ 'കാത്തിരുന്നു' എന്ന ഗാനവും മറ്റു നിരവധി ഹിറ്റ് ഗാനങ്ങളും പാടി ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധയാകർഷിച്ചിരുന്നു ഈ പാകിസ്ഥാനി ഗായിക.
ഹിന്ദി, ഉറുദു, സിന്ധി , പഞ്ചാബി, സ്വാഹിലി, ഗുജറാത്തി, കന്നഡ തുടങ്ങി 25 ൽ പരം ഭാഷകളിൽ ഇതിനോടകം പാടി കഴിഞ്ഞിരിക്കുകയാണ് നസിയ.
ദുബായിൽ ബിസിനസ് ഡെവലപ്പറായി ജോലി ചെയ്യുന്ന നസിയക്ക് മലയാളി സുഹൃത്തുക്കൾ നൽകിയ പ്രോൽസാഹനമാണ് മലയാള ഗാനങ്ങൾ പാടാൻ പ്രേരണയായതെന്ന് എസ് ബി എസ് മലയാളം റേഡിയോയുമായുള്ള അഭിമുഖത്തിൽ നസിയ പറഞ്ഞിരുന്നു.
ജൻമനാടായ പാകിസ്ഥാനിൽ പോലും ഇത്രയും സ്നേഹം കിട്ടിയിട്ടില്ലെന്ന് നസിയ പറയുന്നു. പരസ്പര ശത്രുതയും യുദ്ധക്കൊതിയും മനസിൽ വച്ചിരിക്കുന്നവർക്കു മുന്നിൽ, സ്നേഹത്തിൻറെ സന്ദേശം പകരാനാണ് താൻ പാടുന്നതെന്നും എസ് ബി എസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നസിയ പറഞ്ഞിരുന്നു.
അവസരം ലഭിച്ചാൽ മലയാളം സിനിമയിൽ പാടാൻ കാത്തിരിക്കുന്ന നസിയയ്ക്കാണ് മലയാളത്തിൽ പുറത്തിറങ്ങിയ ഈ ആൽബത്തിൽ പാടാൻ അവസരം ലഭിച്ചത്.