ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് പോകാനും, നാട്ടിലുള്ള മാതാപിതാക്കളെ ഇങ്ങോട്ടേക്ക് കൊണ്ടുവരാനുമൊക്കെയായി മെൽബണിലുള്ള ആക്സിസ് ടൂർസ് ആൻഡ് ട്രാവെൽസ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ഡസൻ കണക്കിന് മലയാളികളാണ് പണം നഷ്ടമായി എന്ന പരാതിയുമായി രംഗത്തെത്തിയിരുന്നത്.
തട്ടിപ്പിനിരയായി ആയിരക്കണക്കിന് ഡോളർ നഷ്ടമായ നിരവധി മലയാളികൾ നൽകിയ പരാതിയിലാണ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്.
വിക്ടോറിയയിലെ പാകൻഹാം സ്വദേശിയായ 38കാരനെയാണ് ഡാംഡനോംഗ് ക്രൈ ഇൻവെസ്റ്റിഗേഷൻ ഡിറ്ററ്റീവ് യൂണിറ്റ് ഇക്കഴിഞ്ഞ ഒക്ടോബർ 23 -ന് അറസ്റ്റ് ചെയ്തത്.
എന്നാൽ ഇയാളുടെ പേരിൽ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചതായി പൊലീസ് വക്താവ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. കേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത് വിട്ടയച്ച ആളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
തട്ടിപ്പിനിരയായത് നിരവധി മലയാളികൾ
പണം വാങ്ങിയ ശേഷം ടിക്കറ്റ് ബുക്ക് ചെയ്തതായി കാണിച്ച് വ്യാജ യാത്രാവിവരങ്ങൾ അയച്ചുകൊടുക്കുകയും, പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാതെയോ, അല്ലെങ്കിൽ ബുക്ക് ചെയ്ത ശേഷം ക്യാൻസൽ ചെയ്തോ പണം കൈക്കലാക്കി എന്നാണ് പരാതി.
ഇതുവഴി പണം നഷ്ടമാകുകയും, യാത്ര റദ്ദാക്കേണ്ടിവരികയുമൊക്കെ ചെയ്ത നിരവധി പേർ എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ വിവരിച്ചിരുന്നു.
കമ്പനി പാപ്പരായെന്നും, അതിനാൽ ലിക്വിഡേഷൻ നടപടിയിലേക്ക് പോകുന്നു എന്നുമുള്ള അറിയിപ്പാണ് ആക്സിസ് ടൂർസ് ആൻറ് ട്രാവൽസിൽ നിന്ന് പല യാത്രക്കാർക്കും ലഭിച്ചത്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ തുടരുകയാണ്.
ഡാംഡനോംഗ് ആസ്ഥനമായി പ്രവർത്തിച്ചിരുന്ന ആക്സിസ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ജോസഫ് സ്വീറ്റ്സൺ പഞ്ഞിക്കാരൻ തോമസിനെ ബന്ധപ്പെടാൻ എസ് ബി എസ് മലയാളം പല തവണ ശ്രമിച്ചിരുന്നെങ്കിലും ഇതുവരെയും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

