സിഡ്‌നിയിലെ ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവിൽ വച്ച് ഇക്കഴിഞ്ഞ ഡിസംബർ 20 നാണ് യുവ മലയാളി ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
കൂനാബാർബറിനിൽ താമസിച്ചിരുന്ന ആൽബിൻ ടി മാത്യുവും (29) ഭാര്യ നിനു ആൽബിനുമാണ് (28) ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട കാംറി സെഡാന് തീപിടിച്ചു മരിച്ചത്.
വാരാന്ത്യത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സിഡ്‌നിയിൽ പൂർത്തിയായിരുന്നു.
ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കേരളത്തിലെത്തിച്ചതായി മരിച്ച ദമ്പതികളുടെ പരിചയക്കാരൻ അറിയിച്ചു.
മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം എട്ട് മണിയോടെ നിനുവിന്റെ മുവാറ്റുപുഴയിലുള്ള വീട്ടിലും ശേഷം പത്ത് മണിയോടെ പെരുമ്പാവൂരിൽ ആൽബിന്റെ വീട്ടിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
സംസ്കാരം ഉച്ചക്ക് 12 മണിക്ക് പെരുമ്പാവൂരിലെ വെങ്ങോലയിലുള്ള സെയിന്റ് മേരീസ് യാക്കോബായ വലിയ പള്ളിയിൽ നടക്കും.
ഡിസംബർ 20ന് ഡനഡൂവിലെ കൊബ്ബോറ റോഡിൽ വച്ച് അപകടമുണ്ടായ കാറിന് തീപിടിച്ചു എന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് എമർജൻസി വിഭാഗം സ്ഥലത്തെത്തുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ റോഡിൽ നിന്ന് മാറി തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂർണമായും തീപിടിച്ചിരുന്നുവെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചത്.
തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയത്.
കൂനാബാർബറിനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു നിനു.
അടുത്ത കാലത്ത് വിവാഹം കഴിഞ്ഞ ദമ്പതികൾ കൂനാബാർബനിൽ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായതെന്ന് ഒറാന മേഖലയിലെ മലയാളികൾ പറഞ്ഞു.