ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ കണക്കിലെടുത്താണ് ഓസ്ട്രേലിയ ഡേയോടനുബന്ധിച്ചുള്ള പുരസ്കാരങ്ങൾ നൽകുന്നത്.
മെംബർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരമാണ് മലയാളിയായ മരിയ പറപ്പിള്ളിക്ക് ലഭിച്ചിരിക്കുന്നത്.
STEM വിദ്യാഭ്യാസ മേഖലയിലേക്ക് പെൺകുട്ടികളെ ആകർഷിക്കാനുള്ള പദ്ധതികൾക്കൊപ്പം ഭൗതിക ശാസ്ത്രരംഗത്ത് കൂടുതൽ സ്ത്രീ സാന്നിധ്യം വളർത്തുവാൻ മരിയ പറപ്പിള്ളി നടപ്പിലാക്കിയ പദ്ധതികളും ശ്രദ്ധേയമായ സംഭാവനകളിൽപ്പെടുന്നു.
ഫ്ലിന്റേഴ്സ് യൂണിവേഴ്സിറ്റിയിൽ കോളേജ് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസറായ മരിയ പറപ്പിള്ളി STEM എൻറിച്മെന്റ് അക്കാദമിയുടെ ഡയറക്ടർ കൂടിയാണ്.
ഇതിന് പുറമെ സൗത്ത് ഓസ്‌ട്രേലിയൻ ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ STEM ഇൻഡസ്ട്രി അഡ്വൈസറി ഗ്രൂപ്പിന്റെ ബോർഡ് മെമ്പർ കൂടിയായ മരിയ STEM വിമൻ ബ്രാഞ്ചിങ് ഔട്ടിന്റെ സ്ഥാപകയുമാണ്.
സൗത്ത് ഓസ്‌ട്രേലിയയിൽ സർക്കാർ പിന്തുണയോടെ മരിയ STEM രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം കൂട്ടുവാൻ പല പദ്ധതികളും നടപ്പിലാക്കി വരുന്നു.
2019 ഡിസംബറിൽ ദി അഡ്വടൈസർ പത്രം/സൺഡേ മെയിൽ മരിയയെ വുമൺ ഓഫ് ദി ഇയർ- ടോപ് ഇന്നോവേറ്റർ ആയി തെരഞ്ഞെടുത്തിരുന്നു.

Empowering women in STEM Source: Supplied
ഓസ്‌ട്രേലിയയിൽ STEM വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് നവീനമായ പദ്ധതികൾ നടപ്പിലാക്കിയതിനുള്ള അംഗീകാരമായിരുന്നു ഇത്.
ഇതിന് പുറമെ നെതെർലാൻഡ്‌സിൽ നിന്ന് (ACEEU) നൽകുന്ന അംഗീകാരമായ ഏഷ്യ പസിഫിക് മേഖലയിൽ എൻഗേജ്മെന്റ് ലീഡർ ഇൻ ഹയർ എഡ്യൂക്കേഷൻ 2020 പുരസ്‌കാരത്തിനുള്ള അവസാന പട്ടികയിലും മരിയ ഇടം നേടിയിരുന്നു. ഇതിൽ ഫസ്റ്റ് റണ്ണർ അപ് സ്ഥാനമാണ് നേടിയത്.
കേരളത്തിൽ ഭൗതിക ശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ മരിയ യൂണിവേഴ്സിറ്റി ഓഫ് അഡ്‌ലൈഡിൽ നിന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കി.
കേരളത്തിൽ നിന്ന് 1998 ലാണ് വടക്കൻ പറവൂർ സ്വദേശിയായ മരിയ പറപ്പിള്ളി സൗത്ത് ഓസ്‌ട്രേലിയയിലെത്തിയത്.