മൗണ്ട് വിൽസണിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയുടെ കൊലപാതകമാണ് പോലീസ് സ്ഥിരീകരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 31 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
സിഡ്നി സറൈ ഹിൽസിലുള്ള യൂണിറ്റിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം നിഷേധിച്ചു.
ക്വീൻസ്ലാൻഡിൽ നിന്ന് അവധിയാഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ബ്ലൂ മൗണ്ടൻസിലെത്തിയ പെൺകുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്.
പോലീസും എമർജൻസി വിഭാഗവുമടങ്ങുന്ന നൂറോളം പേരുൾപ്പെട്ട സംഘം പെൺകുട്ടിക്കു വേണ്ടി പ്രദേശത്ത് തിരച്ചിൽ നടത്തി വരികയായിരുന്നു. അഞ്ചു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടി കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്.
കോളോ നദിയുടെ പരിസരത്തുനിന്ന് കിട്ടിയ ബാരലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പെൺകുട്ടിയുടെതാണെന്ന് പോലീസ് അറിയിച്ചു.
വീപ്പയിൽ നിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ കാണാതായ ഒൻപതു വയസ്സുകാരിയുടേതുമായി പൊരുത്തപ്പെടുന്നതാണെന്ന് ആക്ടിംഗ് പോലീസ് കമ്മീഷണർ കാരെൻ വെബ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായ പ്രദേശത്തു കൂടി പോയ ഒരു കാറിനെ സംബന്ധിച്ച അന്വേഷണമാണ് അറസ്റ്റിലെത്തിച്ചത്. പെൺകുട്ടിയെ കാണാതായ ദിവസം പുലർച്ചെ ഹെഡ്ലൈറ്റ് തെളിക്കാതെ ഒരു കാർ കടന്നു പോയതായി സമീപവാസി പോലീസിന് മൊഴി നൽകിയിരുന്നു.