അതീവ ജാഗ്രതാ നിർദേശം നൽകുന്ന ആദ്യ പതിനെട്ട് ദിവസങ്ങൾ കഴിഞ്ഞതുകൊണ്ട് സീറോ മലബാർ നാഷണൽ യൂത്ത് കോൺഫറൻസിൽ പങ്കെടുത്തവർക്ക് അസുഖം ബാധിക്കാനുള്ള സാധ്യതകൾ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ എസ് ബി എസ് മലയാളത്തെ അറിയിച്ചു.
എന്നാൽ രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതെന്നും ചികിത്സ തേടണമെന്നും അധികൃതർ പറഞ്ഞു.
ഫിലിപ്പ് ഐലൻഡിൽ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ കോൺഫറൻസിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തിരുന്നു.
ഇതിൽ ക്യാൻബെറയിൽ നിന്നുമെത്തിയ ഒരാൾക്കാണ് അഞ്ചാം പനി ബാധിച്ചിരുന്നത്. എന്നാൽ അവർ തിരിച്ചു ACT യിലേക്ക് മടങ്ങിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
മുന്നറിയിപ്പായി ഇമെയിൽ സന്ദേശം:
കോൺഫറൻസിൽ പങ്കെടുത്ത എല്ലാവർക്കും കോൺഫറൻസ് കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ ജാഗ്രതാ നിർദേശങ്ങളടങ്ങിയ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു എന്ന് പങ്കെടുത്തവരിൽ ഒരാൾ വെളിപ്പെടുത്തി.
ഇതിൽ പങ്കെടുത്തവരിൽ അഞ്ചാം പനി ബാധിച്ചവർ ഉണ്ടായിരുന്നു എന്നും, എന്നാൽ ഇതേപ്പറ്റി നേരത്തെ വിവരം ലഭിച്ചിട്ടില്ലായിരുന്നുവെന്നും ഈ ഇമെയിൽ സന്ദേശത്തിൽ പറയുന്നു.
കൂടുതൽ വിവരങ്ങൾക്കായി യുണൈറ്റ് (UNITE) സീറോ മലബാർ നാഷണൽ യൂത്ത് കോൺഫറൻസ് സംഘാടകരെ ബന്ധപ്പെടാൻ എസ് ബി എസ് മലയാളം ശ്രമിച്ചിരുന്നു. എന്നാൽ സംഘാടകരെ നേരിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
അണുബാധ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെപ്പറ്റി കൂടുതൽ വായിക്കാം

ഓസ്‌ട്രേലിയയിൽ അഞ്ചാം പനി: സീറോ മലബാർ യൂത്ത് കോൺഫറൻസിൽ പങ്കെടുത്തവരെ ബാധിച്ചിരിക്കാം
സീറോ മലബാർ നാഷണൽ യൂത്ത് കോൺഫറൻസിലും വിക്ടോറിയയിൽ ഗ്രെയ്റ്റർ മെൽബണിലെ തിരക്കേറിയ പ്രദേശങ്ങളിലും അണുബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവ രണ്ട് വ്യത്യസ്ത സംഭവങ്ങളാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിക്ടോറിയയിലെ ക്വീൻ വിക്ടോറിയ മാർക്കറ്റിലേയും , ഡേവിഡ് ജോൺസ് സ്റ്റോറിലെയും ജാഗ്രത നിർദേശം പിൻവലിച്ചിട്ടില്ലന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പനിയോടൊപ്പം ദേഹത്ത് തടിപ്പുകൾ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ആവശ്യമായ വൈദ്യ സഹായം തേടണമെന്നും അധികൃതർ അറിയിച്ചു.