പുക നിറഞ്ഞ അന്തരീഷം കണ്ടുകൊണ്ടാണ് മെൽബൺ ചൊവ്വാഴ്ച ഉണർന്നത്. പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ (EPA) വെബ്സൈറ്റായ എയർ വാച്ച് മെൽബന്റെ വിവിധ സബർബുകളിൽ വായു മലിനീകരണം അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അന്തരീക്ഷത്തിലെ വായുമലിനീകരണത്തിന്റെ തോത് കണ്ടെത്തി മുന്നറിയിപ്പ് റേറ്റിങ് നൽകുന്ന വെബ്സൈറ്റാണ് എയർ വാച്ച്.
മെൽബൺ സബർബുകളായ ഡാൻഡനോംഗ്, മെൽടൺ, മക്ലോയ്ഡ് , മൂറൂൽബാർക്ക്, അൽഫിങ്ടൺ, ബോക്സ്ഹിൽ, ബ്രൈറ്റൻ, ബ്രൂക്‌ലിൻ, ഫുട്സ്ക്രെ, കൂളാരൂ, ഓമിയോ, ഓർബോസ്റ്റ് എന്നിവിടങ്ങളിലാണ് വായു മലിനീകരണത്തിന്റെ അളവ് ഏറ്റവും കൂടുതലായുള്ളത്.
എയർ വയ്ച്ചിന്റെ റേറ്റിങ് പ്രകാരം അപകടകരമായ നിലയിലാണ് ചൊവ്വാഴ്ച ഈ പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം.
ഇതേതുടർന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ലോകത്തെ ഏറ്റവും വായു മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ഒന്നായിരുന്നു മെൽബൺ എന്നാണ് റിപ്പോർട്ടുകൾ.
പുക കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ആളുകൾ പരമാവധി പുറത്തു ഇറങ്ങുന്നത് ഒഴിവാക്കണെമന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹനം ഓടിക്കുന്നവർക്കും മുന്നറിയിപ്പ്
അന്തരീക്ഷത്തിൽ പുക നിറഞ സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുന്നവർ നേരിയ വെളിച്ചം വരുന്ന രീതിയിൽ ഹെഡ് ലൈറ്റ് ഉപയോഗിക്കണമെന്ന് വിക്ടോറിയൻ റോഡ് അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടാതെ വാഹനത്തിന്റെ ജനല്‍ ചില്ലുകള്‍ അടച്ചിട്ട് വാഹനം ഓടിക്കണമെന്നും പുക അകത്തേക്ക് കടക്കാതിരിക്കാൻ എയർ കണ്ടീഷനും മറ്റും റീ സിർക്കുലേറ്റ് ചെയ്യുന്ന വിധത്തിൽ ഉപയോഗിക്കണമെന്നും വിക് ട്രാഫിക് മുന്നറിപ്പ് നൽകിയിട്ടുണ്ട്.
പുക മൂടിയിരിക്കുന്നതിനാൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും തുറന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന നീന്തൽ കുളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മെൽബന്റെ പടിഞ്ഞാറൻ സബർബായ വെറിബിയിൽ ചൊവ്വാഴ്ച നടക്കാനിരുന്ന കുതിരപ്പന്തയവും റദ്ദാക്കിയിട്ടുണ്ട്.
മാത്രമല്ല ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ പരിശീലനവും മറ്റും മാറ്റിവച്ചു. വായു മലിനീകരണം കളിക്കാരുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്.
അന്തരീക്ഷത്തിൽ പുക നിറഞ്ഞതോടെ വിവിധ ഇടങ്ങളിൽ സ്‌മോക്ക് അലാറം മുന്നറിയിപ്പ് നൽകി. ഇതോടെ നിരവധി പേരാണ് പരിഭ്രാന്തരായി സംസ്ഥാനത്തെ മെട്രോപൊളിറ്റൻ ഫയർ ബ്രിഗേഡിനെ (MFB) ബന്ധപ്പെട്ടത്.
തിങ്കളാഴ്ച രാത്രി പത്ത് മണി മുതൽ 192 ഫോൺ കോളുകളാണ് MFBക്ക് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ആൽപൈൻ പ്രദേശത്തും, കിഴക്കൻ ഗിപ്സലാന്റിലും, വടക്ക്-കിഴക്കൻ പ്രദേശത്തും കാട്ടുതീ ഇപ്പോഴും തുടരുകയാണ്. 1.4 മില്യൺ (14 ലക്ഷം) ഹെക്ടറുകളാണ് ഇവിടെ ഇതുവരെ കത്തിനശിച്ചത്.