2018 ജൂലൈ ഏഴിന് രാത്രിയിലാണ് മെൽബണിൽ മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വര്ഗീസും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാർ ട്രഗനൈനയിലെ ഹോപ്കിൻസ് റോഡിൽ വച്ച് അപകടത്തിൽപ്പെട്ടത്.
അപകടത്തെത്തുടർന്ന് പത്തു വയസുള്ള റുവാന ജോർജ്ജ് സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരൻ ഇമ്മാനുവൽ ജോർജ്ജും ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് കേസിന്റെ വാദം മെൽബൺ കൗണ്ടി കോടതിയിൽ നടന്നത്.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ റിമാന്റിൽ കഴിയുന്ന 42കാരനായ ഡാമിയൻ രകതൗ കോടതിയിൽ ഹാജരായിരുന്നു.
പ്രതിക്കെതിരെ നിരവധി കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. രണ്ടു പേരുടെ മരണത്തിന് കാരണമാകുന്ന രീതിയിൽ അശ്രദ്ധയോടെ വണ്ടിയോടിച്ചു, അശ്രദ്ധയോടെ വാഹനം ഓടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു, ലൈസൻസ് റദ്ദാക്കിയിരുന്ന സാഹചര്യത്തിലും വണ്ടിയോടിച്ചു, മദ്യപിച്ച് വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഈ കുറ്റങ്ങൾ ഓരോന്നായി സമ്മതിക്കുന്നോ എന്ന് കോടതി രകതൗവിനോട് ചോദിച്ചു. എല്ലാ കുറ്റങ്ങളും താൻ സമ്മതിക്കുന്നുവെന്നായിരുന്നു പ്രതിയുടെ മറുപടി.
അപകടത്തിൽ കുട്ടികൾ നഷ്ടപ്പെട്ട കുടുംബത്തോട് രകതൗ കോടതിയിൽ മാപ്പ് പറഞ്ഞു.
സംഭവദിവസം പ്രതിയും സുഹൃത്തും ചേർന്ന് 25 ക്യാൻ കോളയും ജാക്ക് ഡാനിയേൽ വിസ്കിയും കുടിച്ചിരുന്നതായി രകതൗവിന്റെ സുഹൃത്ത് പറഞ്ഞതായി പ്രോസിക്യൂട്ടർ ജെയ്മി സിംഗ് കോടതിയെ അറിയിച്ചു.
മാത്രമല്ല 0.152നും 0.173 ശതമാനത്തിനുമിടയിൽ പ്രതിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധൻ നൽകിയ മൊഴിയും കോടതി പരിശോധിച്ചു.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഈ അപകടം പ്രതിയുടെ പേരിലുള്ള ആറാമത്തെ ക്രിമിനൽ കുറ്റമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇവയെല്ലാം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.
അപകടത്തിന് ശേഷം പ്രതിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ഡോക്ടറുടെ മൊഴിയും കോടതി പരിശോധിച്ചു.
അപകടത്തിന്റെ ഉത്തവാദിത്വം പ്രതി ഏറ്റെടുക്കുന്നു. ചെയ്ത കുറ്റത്തിൽ പ്രതി പശ്ചാത്തപിക്കുന്നുമുണ്ട്. അതിനാൽ ഇവ വിധി നിർണയത്തിൽ പരിഗണിക്കണമെന്നും രകതൗവിന്റെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.
മഞ്ജുവിന് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല
അപകടത്തിൽ മരണമടഞ്ഞ കുട്ടികളുടെ അച്ഛൻ ജോർജ് പണിക്കരും വാദം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. കുട്ടികൾ നഷ്ടപ്പെട്ട് ഒരു വർഷം പിന്നിട്ടുവെങ്കിലും ഈ അവസ്ഥ കൈകാര്യം ചെയ്യാൻ ജോർജ് ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
എൻജിനീയറായ ജോർജിന് ജോലിയിൽ ഒട്ടും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും കുട്ടികളുടെ ഓർമകളും അവർ വരുത്തിയ വിടവും സാരമായി രക്ഷിതാക്കളെ ബാധിക്കുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടികളുടെ അമ്മ മഞ്ജു വര്ഗീസിനു നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയാവേണ്ടി വന്നു. നഴ്‌സായ മഞ്ജുവിന് ഇപ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.
മാത്രമല്ല ആഴ്‌ചയിൽ രണ്ട് തവണ ഫിസിയോതെറാപ്പിയും ഇടവിട്ട വൈദ്യപരിശോധനയും ആവശ്യമാണ്. കൂടാതെ മാസത്തിലൊന്ന് സൈക്കോളജിസ്റിനെയും കാണുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകളും കോടതി ഇന്ന് പരിശോധിച്ചു.
കേസിൽ വിധി പറയാനായി കോടതി പിരിഞ്ഞു. എന്നാൽ എന്ന് വിധി പറയാൻ കഴിയുമെന്ന തീരുമാനം പിന്നീട് അറിയിക്കുമെന്ന് ജഡ്ജി ഡോവ്സ് അറിയിച്ചു.
പ്രതിയുടെ റിമാന്റ് കാലാവധി വിധി പറയും വരെ കോടതി നീട്ടി.
കുട്ടികളുടെ പിതാവ് ജോർജ് പണിക്കറുമായി എസ് ബി എസ് മലയാളം സംസാരിച്ചു. പ്രതിക്ക് എന്ത് ശിക്ഷ കിട്ടുമെന്ന കാര്യത്തിൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഏത് തരം ശിക്ഷ ലഭിച്ചാലും തങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടുവെന്നും ജോർജ് പണിക്കർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. മഞ്ജുവിന് ജോലിയിൽ തിരികെ പ്രവേശിക്കാൻ ഇനിയും ഏറെ നാൾ വേണ്ടിവരുമെന്നും ജോർജ് പറഞ്ഞു.