മെൽബണിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പത്തു വയസുള്ള മലയാളി പെൺകുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് ഗുരുതരമായി പരുക്കേറ്റിരുന്ന അനുജനും മരണത്തിന് കീഴടങ്ങിയത്.
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു നാലു വയസുകാരൻ റോയൽ ചിൽഡ്രൻസ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് കാറിലേക്ക് മറ്റൊരു ഫോർഡ് ടെറിട്ടറി എതിർദിശയിൽ നിന്ന് വന്നിടിച്ചാണ് അപകടമുണ്ടായത്.
കാറോടിച്ചിരുന്ന മലയാളി സ്ത്രീ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ റോയൽ മെൽബൺ ആശുപത്രിയിലാണ്.
അതേസമയം, പരുക്കേറ്റിരുന്ന മലയാളി പുരുഷന്റെ നില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി പൊലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിന്റെ വിശദാംശങ്ങൾ മെൽബൺ മലയാളി സമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും ചർച്ച ചെയ്യുന്നുണ്ടെങ്കിലും, കുടുംബത്തിന്റെ അനുമതി ലഭിച്ച ശേഷമേ ഇത് ഔദ്യോഗികമായി വെളിപ്പെടുത്തൂ എന്ന് വിക്ടോറിയ പൊലീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.