മെൽബണിൽ ബർക് സ്ട്രീറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ആളുകൾക്കിടയിലേക്ക് കാറിടിച്ചുകയറ്റി ഒരാൾ ആക്രമണം നടത്തിയത്. ഇതിൽ അഞ്ചു പേർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു
ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ കൂട്ടത്തിലാണ് ഒരു ഇന്ത്യൻ വംശജയായ യുവതിയുമുണ്ടെന്ന വിവരം ഇന്ന് പുറത്തുവന്നത്.
മൈസൂർ സ്വദേശിയും, മെൽബണിൽ ഐ ടി മേഖലയിൽ ജീവനക്കാരിയുമായ നേത്ര കൃഷ്ണമൂർത്തിയാണ് പരുക്കേറ്റ് കഴിയുന്നത്.
പ്രസവാവധിയിലായിരുന്ന നേത്ര കഴിഞ്ഞയാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകാനായി ഉച്ചക്ക് പോയിട്ട് തിരികെ ഓഫീസിലേക്ക് വരുന്പോഴായിരുന്നു ആക്രമണത്തിൽപ്പെട്ടത്.
തലയിൽ ആഴത്തിലുള്ള മുറിവേറ്റ നേത്രയുടെ ഒരു കാൽ ഒടിയുകയും വൃക്കയ്ക്കും കരളിനും തകരാറുണ്ടാകുകയും ചെയ്തിട്ടുണ്ട്. നട്ടെല്ലിനും വാരിയെല്ലിനും മൂന്നിടങ്ങളിൽ പൊട്ടലുണ്ടായി.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച നേത്രയെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ഇപ്പോഴും ഗുരുതരാവസ്ഥയിലാണെങ്കിലും സ്ഥിതി കൂടുതൽ മോശമാകുന്നില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭർത്താവും കുട്ടിയും മാത്രമാണ് നേത്രക്കൊപ്പം ഓസ്ട്രേലിയയിലുള്ളത്. ഏറെക്കാലം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നതിനാൽ നേത്രയെ സഹായിക്കാനായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ധനസമാഹരണം നടത്തുന്നുണ്ട്.
ഇതിനകം തന്ന്െ നിരവധി പേർ നേത്രയ്ക്കായി സഹായം എത്തിച്ചുകഴിഞ്ഞു.