മെൽബണിലെ ട്രഗനൈനയിൽ 2018 ജൂലൈ ഏഴിന് രാത്രിയാണ് കാറപകടത്തിൽ രണ്ടു മലയാളി കുട്ടികൾ മരിച്ചത്. മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വര്ഗീസും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർഭാഗത്തു നിന്ന് മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം നടന്നത്.
അപകടത്തെത്തുടർന്ന് പത്തു വയസുള്ള റുവാന ജോർജ്ജ് സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരൻ ഇമ്മാനുവൽ ജോർജ്ജും ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 42 കാരനായ പ്രതി ഡാമിയൻ രകതൗവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപകടകരമായി വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിനും ഒരാളുടെ ഗുരുതരമായ പരുക്കിനും ഇടയാക്കിയതിനും, അമിതമായി മദ്യപിച്ചും ലൈസൻസില്ലാതെയും വാഹനമോടിച്ചെന്നും ഉള്ള കുറ്റങ്ങളെല്ലാം ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു. കുറ്റസമ്മത മൊഴിയും, ഇയാൾ പശ്ചാത്തപിക്കുന്നു എന്നതും കണക്കിലെടുത്താണ് കോടതി ഡാമിയൻ രകതൗവിന് 13 വർഷം ജയിൽശിക്ഷ വിധിച്ചത്.
കുറ്റം സമ്മതിച്ചില്ലായിരുന്നുവെങ്കിൽ 15 വർഷവും ആറു മാസവും ശിക്ഷ നൽകുമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ഒമ്പതു വർഷത്തിനു ശേഷം മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാകൂ. ഇനിയും കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ ഇത്രയും നീണ്ട പരോൾ രഹിത കാലാവധി ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപകടത്തിലൂടെ ജോർജ്പണിക്കർക്കും മഞ്ജുവിനുമുണ്ടായത് നികത്താനാകാത്ത നഷ്ടം: കോടതി
കാര്യങ്ങൾ കൃത്യമായി മനസിലാക്കി പ്രവർത്തിക്കാൻ കഴിയാത്തതരത്തിലുള്ള മാനസികപ്രശ്നങ്ങൾ രകതൗവിനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു.
ഇയാളെ പരിശോധിച്ച വിദഗ്ധരും ഇക്കാര്യം ശരിവച്ചെങ്കിലും, മദ്യത്തിന്റെ ഉപയോഗത്തിലൂടെ ഇയാളുടെ മാനസികപ്രവർത്തനം കൂടുതൽ മോശമാവുകയാണുണ്ടായതെന്നും കോടതിവിലയിരുത്തി.
അപകട ദിവസം പ്രതിയും സുഹൃത്തും ചേർന്ന് 25 ക്യാൻ വിസ്കിയും കോളയും ചേർന്ന മിശ്രിതം കഴിച്ചിരുന്നുവെന്നും, പ്രതിയുടെ രക്തത്തിൽ അമിതമായ തോതിൽ മദ്യത്തിന്റെ അളവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതുവരെയും ഡ്രൈവിംഗ്ലൈസൻസില്ലാത്ത രകതൗ മുമ്പും വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിന് പലതവണ കേസുണ്ടാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തകാര്യവും ശിക്ഷതീരുമാനിക്കുമ്പോൾ കോടതി കണക്കിലെടുത്തു.
മാത്രമല്ല അപകടം നടക്കുമ്പോൾ 80 കിലോമീറ്റർ പരിധിയുള്ള റോഡിൽ കുറഞ്ഞത് 115 കിലോമീറ്റർ വേഗതയിലാണ് പ്രതി വണ്ടിയോടിച്ചത്. ഇത് നിശ്ചിതവേഗതയിലും 35 കിലോമീറ്റർ കൂടുതലാണ്.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രതിക്ക് 13 വർഷം ജയിൽ ശിക്ഷ വിധിച്ചത്.
പ്രതിയെ നാടുകടത്തിയേക്കും
15 വയസ്സിൽ ന്യൂസിലന്റിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയതാണ് ഡാമിന് രകതൗ. ഈ പ്രായം മുതൽ മദ്യപാനം ആരംഭിച്ച പ്രതിയുടെ മേലുള്ള ആറാമത്തെ കേസാണിത്.
പ്രതി ഓസ്‌ട്രേലിയൻ പൗരൻ അല്ലാത്തതിനാൽ പ്രതിയെ നാടുകടത്തിയേക്കുമെന്ന് കോടതി പറഞ്ഞു. ഇത് പ്രതിക്ക് ഓസ്‌ട്രേലിയയിൽ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തും. ഇക്കാര്യം വിധി പ്രസ്താവിക്കുമ്പോൾ കണക്കിലെടുക്കുന്നതായി ജഡ്ജി പറഞ്ഞു.
ശിക്ഷ വിധിച്ച ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാൽ ചോദ്യങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.
ശിക്ഷാ വിധിക്കെതിരെ ഇയാൾക്ക് ഇനി അപ്പീലിന് അപേക്ഷിക്കാം. സുപ്രീം കോടതിയുടെ അപ്പീൽ കോടതിയിലാണ് അപ്പീൽ അപേക്ഷ സമർപ്പിക്കാവുന്നത്. എന്നാൽ ഇത് സംബന്ധിച്ച കാര്യങ്ങൾ അറിവായിട്ടില്ല.
കേസിന്റെ വിധി വന്ന ശേഷം പ്രതികരണമറിയാനായി കുട്ടികളുടെ അച്ഛൻ ജോർജ്ജ് പണിക്കറുമായി എസ് ബി എസ് മലയാളം സംസാരിച്ചു.
ശിക്ഷാ വിധിയിൽ സംതൃപ്തിയുണ്ടെന്നും പ്രതിക്ക് എത്ര ശിക്ഷ ലഭിച്ചാലും തങ്ങൾക്ക് തീർത്താൽ തീരാത്ത നഷ്ടമാണ് ഉണ്ടായതെന്നും ജോർജ്ജ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മഞ്ജു ഇപ്പോഴും അപകടത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ലെന്നും, എപ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയുമെന്ന കാര്യത്തിൽ നിശ്ചയമില്ലെന്നും ജോർജ് പണിക്കർ പറഞ്ഞു.
2018 ജൂലൈ ഏഴിന് രാത്രിയിലാണ് മെൽബണിൽ മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വര്ഗീസും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാർ ട്രഗനൈനയിലെ ഹോപ്കിൻസ് റോഡിൽ വച്ച് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് കാറിലേക്ക് മറ്റൊരു ഫോർഡ് ടെറിട്ടറി എതിർദിശയിൽ നിന്ന് വന്നിടിച്ചാണ് അപകടമുണ്ടായത്.