കുടിയേറ്റവിഭാഗങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന താല്‍ക്കാലിക സ്‌പോണ്‍സേര്‍ഡ് പേരന്റ് വിസ കഴിഞ്ഞ മാസമാണ് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സബ്ക്ലാസ് 870 എന്ന ഈ ഗണത്തില്‍ ഓരോ വര്‍ഷവും 15,000 വിസകള്‍ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും ഈ വിസക്ക് അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ഓസ്‌ട്രേലിയയിലുള്ള മക്കള്‍ക്ക് സ്‌പോണ്‍സറായി അനുമതി ലഭിക്കണം.
സ്‌പോണ്‍സര്‍ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നീടാണ് വിദേശത്തുള്ള അച്ഛനമ്മമാര്‍ക്ക് വിസ അപേക്ഷ നല#്കാന്‍ കഴിയുന്നത്.
സ്‌പോണ്‍സര്‍ ആകുന്നതിനുള്ള വരുമാന മാനദണ്ഡമാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വര്‍ഷം 83,454.80 ഡോളര്‍ വരുമാനമുള്ളവര്‍ക്ക് മാത്രമേ അച്ഛനമ്മമാരെ ഈ വിസയില്‍ കൊണ്ടുവരാന്‍ കഴിയൂ.
നികുതി ഈടാക്കുന്നതിനു മുമ്പുള്ള വരുമാനമാണ് (ടാക്‌സബിള്‍ ഇന്‍കം) ഇതിനായി കണക്കിലെടുക്കുന്നത്. ദമ്പതികളുടെ വരുമാനം ഒരുമിച്ചും കണക്കിലെടുക്കും.
അതായത്, ആഴ്ചയില്‍ 1,604.90 ഡോളര്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ താല്‍ക്കാലിക പേരന്റ് വിസയില്‍ അച്ഛനമ്മമാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയൂ.
ഈ വിസയുടെ ഫീസ് നേരത്തേ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മൂന്നു വര്‍ഷ വിസക്ക് ഒരാള്‍ക്ക് 5,000 ഡോളറും, അഞ്ചു വര്‍ഷ വിസക്ക് 10,000 ഡോളറുമാണ് ഫീസ്.
മറ്റു സാമ്പത്തിക വ്യവസ്ഥകളും സ്‌പോണ്‍സര്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നു വര്‍ഷ വിസയും അഞ്ചു വര്‍ഷ വിസയുമാണ് അനുവദിക്കുന്നത്. വിസ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിന്നീട് ഒരു തവണ കൂടി വിസക്കായി അപേക്ഷിക്കാവുന്നതാണ്.
ഏതെങ്കിലും ഒരു ഓസ്‌ട്രേലിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സിന് പുറമേ ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ചെലവുകളോ, അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളോ ഉണ്ടായാൽ അതും സ്‌പോണ്‍സര്‍മാര്‍ തന്നെ വഹിക്കണം.
മാത്രമല്ല ഈ വിസയിൽ എത്തുന്ന മാതാപിതാക്കൾക്ക് ഇവിടെ ജോലി ചെയ്യാൻ അനുവാദം ഇല്ല. കൂടാതെ, ഒരു കുടുംബത്തില്‍ ഒരാളുടെ അച്ഛനമ്മമാര്‍ക്ക് മാത്രമേ ഒരേ സമയത്ത് വിസ അനുവദിക്കൂ.
ഈ വ്യവസ്ഥകളിൽ ഏതെങ്കിലും പാലിക്കാത്ത പക്ഷം സ്‌പോൺസർഷിപ്പ് റദ്ദാക്കും. ഈ സാഹചര്യത്തിൽ അച്ഛനമ്മമാർ ഓസ്ട്രേലിയ വിടുകയോ മറ്റൊരു സ്‌പോൺസറെ കണ്ടെത്തുകയും ചെയ്യണമെന്നും കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.
ഒരിക്കൽ സ്‌പോൺസർഷിപ്പ് റദ്ദാക്കുന്ന സ്പോൺസർക്ക് പിന്നീട് അച്ഛനമ്മമാരെ സ്പോൺസർ ചെയ്യാനും കഴിയില്ല.