മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അഞ്ചു വകുപ്പുകളിലേക്ക് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത നടപടിയിൽ നിയമ ലംഘനം ഉണ്ടായിട്ടില്ലെന്ന് കോമൺവെൽത് സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ ഉത്തരവാദിത്വമുള്ള സർക്കാർ സ്വീകരിക്കുന്ന നടപടിയായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യം, ധനകാര്യം, റിസോഴ്‌സസ്, ട്രഷറി, ആഭ്യന്തരം എന്നീ അഞ്ചു വകുപ്പുകളിലേക്കാണ് സ്കോട്ട് മോറിസൺ മഹാമാരിക്കാലത്ത് രഹസ്യമായി സത്യപ്രതിജ്ഞ ചെയ്തത്.
സ്കോട്ട് മോറിസന്റെ രഹസ്യ സത്യപ്രതിജ്ഞ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സോളിസിറ്റർ ജനറലിൽ നിന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി നിയമോപദേശം തേടിയിരുന്നു.
നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.
വിവാദ വാതക പദ്ധതി വേണ്ടെന്ന് വയ്ക്കാൻ മോറിസൺ റൊസോഴ്സസ് വകുപ്പിന് മേലുള്ള അധികാരം ഉപയോഗിച്ചത് സോളിസിറ്റർ ജനറൽ വിലയിരുത്തി.
ഈ വകുപ്പിലേക്ക് സ്കോട്ട് മോറിസന്റെ നിയമനത്തിൽ തെറ്റില്ലെന്ന് സോളിസിറ്റർ ജനറൽ സ്റ്റീഫൻ ഡോനഹ്യു, QC പറഞ്ഞു.
എന്നാൽ വകുപ്പുകൾ ഏറ്റെടുക്കുന്ന നടപടി ക്യാബിനറ്റ് സഹപ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും രഹസ്യമാക്കിയത് ഉത്തരവാദിത്വമുള്ള സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വമുള്ള സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന നടപടികളെക്കുറിച്ച് ഭരണഘടനയുടെ രണ്ടാം ചാപ്റ്ററിൽ വിവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കോട്ട് മോറിസൺ ഈ വകുപ്പുകളിൽ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇവയുടെ നിയമപരവും രാഷ്ട്രീയവുമായി ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി സോളിസിറ്റർ ജനറൽ പറഞ്ഞു.
എന്നാൽ ഈ വകുപ്പുകളിൽ സ്കോട്ട് മോറിസൺ ശരിയായ രീതിയിൽ ഉത്തരവാദിത്വം നിർവഹിച്ചിരുന്നോ എന്ന കാര്യം വിലയിരുത്താൻ കഴിഞ്ഞിരുന്നില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളോടും അവരിലൂടെ ജനങ്ങളോടും സർക്കാർ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു എന്നാണ് ഉത്തരവാദിത്വമുള്ള സർക്കാർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്കോട്ട് മോറിസന്റെ നടപടികൾക്കെതിരെ സോളിസിറ്റർ ജനറൽ രൂക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രിയുടെ വിവാദ നടപടികൾ സംബന്ധിച്ച് സ്വന്തന്ത്ര അന്വേഷണം നടത്തുവാൻ ഫെഡറൽ ക്യാബിനറ്റ് യോഗത്തിൽ ധാരണയായതായി അൽബനീസി സ്ഥിരീകരിച്ചു.
സ്കോട്ട് മോറിസൺ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരണത്തിനായി എസ് ബി എസ് ന്യൂസ് സ്കോട്ട് മോറിസനെ ബന്ധപ്പെട്ടിട്ടുണ്ട്.


