ബുധനാഴ്ച സിഡ്നിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് വിവാദ വിഷയത്തിൽ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നിലപാട് വ്യക്തമാക്കിയത്. അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വകുപ്പുകൾ ഏറ്റെടുത്തതെന്ന് പറഞ്ഞ മോറിസൺ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് സത്യപ്രതിജ്ഞ രഹസ്യമാക്കിയതെന്നും ന്യായീകരിച്ചു.
മഹാമാരിക്കാലത്ത് സംഭവിക്കുന്ന ഓരോ കാര്യത്തിനും പ്രധാനമന്ത്രിക്കാണ് ഉത്തരവാദിത്തമെന്ന ചിന്ത പൊതുജനങ്ങൾക്കും, മാധ്യമങ്ങൾക്കും, പ്രതിപക്ഷത്തിനുമുണ്ടായിരുന്നുവെന്ന് പറഞ്ഞ സ്കോട്ട് മോറിസൺ അടിയന്തര അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനായിരുന്നു നടപടിയെന്നും കൂട്ടിച്ചേർത്തു.
അതേസമയം , രഹസ്യ വകുപ്പേറ്റെടുക്കൽ വിവാദത്തിൽ ഗവർണ്ണർ ജനറലും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തൻറെ ഉത്തരവാദിത്തങ്ങൾക്കനുസൃതമായാണ് പ്രവർത്തിച്ചതെന്ന് ഗവർണർ ജനറൽ പറഞ്ഞു. എല്ലാ നിയമനങ്ങളും ഭരണഘടനയ്ക്ക് അനുസൃതമായാണ് നടന്നതെന്നും നിയമനങ്ങൾ പരസ്യപ്പെടുത്തുന്നത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോറിസൺ മന്ത്രി സഭയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്, ധനമന്ത്രി മത്യാസ് കോർമാൻ, റിസോഴ്‌സ് മന്ത്രി കീത്ത് പിറ്റ് എന്നിവരുടെ വകുപ്പുകളിലേക്കും, ട്രഷറി, ആഭ്യന്തര വകുപ്പുകളിലേക്കുമാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സത്യപ്രതിജ്ഞ ചെയ്തത്. രഹസ്യമായി നടന്ന ഈ വകുപ്പ് പങ്കിടൽ നടപടിയെ പറ്റി വകുപ്പ് മന്ത്രിമാരിൽ പലർക്കും അറിവുണ്ടായിരുന്നില്ല.
ഏകപക്ഷീയമായി നടത്തിയ വകുപ്പ് പങ്കിടലിനെതിരെ ലിബറൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്കോട്ട് മോറിസൺ MP സ്ഥാനം രാജി വെയ്ക്കണമെന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കാരൻ ആൻഡ്രൂസ് ആവശ്യപ്പെട്ടു.
രഹസ്യ സത്യപ്രതിജ്ഞ വിവാദത്തിൽ ലേബർ മന്ത്രിമാരും സ്കോട്ട് മോറിസണെതിരെ ശക്തമായ വിമർശനം തുടരുകയാണ്.