മെൽബണിലെ ബർവുഡ് ഈസ്റ്റിൽ നിന്ന് കഴിഞ്ഞ വർഷം ഏപ്രിൽ 27-നാണ് ഇന്ത്യൻ വംശജനായ തേജ് ചിറ്റ്നിസിനെ കാണാതായത്. കാറിൽ വീട്ടിൽ നിന്നും പോയ തേജിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. പൊലീസ് തെരച്ചിൽ തുടരുകയാണ്.
കാണാതായവരെ പൊതുസമൂഹത്തിന്റെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുക എന്ന ഉദ്ദേശത്തോടെ മിസ്സിംഗ് പെർസൺസ് അഡ്വക്കസി നെറ്റ്‌വർക്ക് - അണ്മിസ്സബ്ൾസ് എന്ന സംഘടന ഒരു പ്രചാരണം നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് തേജിന്റെ മ്യൂറൽ പെയിന്റിംഗ് മെൽബണിലെ ഏറ്റവും പ്രധാനകേന്ദ്രങ്ങളിൽ ഒന്നായ ക്വീൻ വിക്ടോറിയ മാർക്കറ്റിന് സമീപത്തുതന്നെ വരച്ചിരിക്കുന്നത്.
തേജിന്റെ മാതാപിതാക്കളായ ജയന്തിന്റെയും രേവയുടെയും അനുവാദത്തോടെയാണ് എഴുത്തുകാരനായ ബെഞ്ചമിൻ ലോയും, സ്ട്രീറ്റ് ആർട്ടിസ്റ് ഹീസ്‌കോയും ചേർന്ന് തേജിന്റെ ചിത്രം വരച്ചിരിക്കുന്നത്.
ചിത്രത്തിനൊപ്പം തേജിനെ തിരിച്ചറിയത്തക്ക വിധമുള്ള വിവരങ്ങളും ഇതിൽ കൊടുത്തിട്ടുണ്ട് .
ഇത് വരെ തേജിനെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പിതാവ് ജയന്ത് ചിറ്റ്നിസ് ദി ഏജ് ദിനപ്പത്രത്തോട് പറഞ്ഞു.
തേജിനെ കണ്ടെത്താൻ സഹായിക്കാനായി ഒരു ഫേസ്ബുക് പേജും മാതാപിതാക്കൾ തയാറാക്കിയിരുന്നു. ഇതിൽ പറയുന്ന വിവരപ്രകാരം ഹീൽസ്‌വില്ലിൽ വച്ചാണ് തേജ് സഞ്ചരിച്ചിരുന്ന കാർ അവസാനമായി കണ്ടത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക .

Source: Facebook