ഭൂമിയിൽ തുടങ്ങിയ ഒരു കുടുംബവഴക്കാണ് അങ്ങ് ശൂന്യാകാശം വരെ നീണ്ടത്. അമേരിക്കയിലെ കാൻസാസിലുള്ള ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യവും അന്വേഷണവും റോക്കറ്റ് കയറി ശൂന്യാകാശത്തെത്തിയിരിക്കുകയാണ്.
ഒരു ബഹിരാകാശ യാത്രിക രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ വച്ച് തന്റെ മുന്‍ ജീവിതപങ്കാളിയുടെ ബാങ്ക് അക്കൗണ്ട് അനധികൃതമായി പരിശോധിച്ചു എന്നതാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കുറ്റകൃത്യം.
ബഹിരാകാശ യാത്രികയായ ആനി മക്ക്‌ലൈനാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വച്ച് തന്റെ മുൻ ജീവിതപങ്കാളിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചത്.
ആറ് മാസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നും യാത്ര തിരിച്ച ആനി ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപ് വഴി മധ്യേയാണ് ഈ കുറ്റകൃത്യം നടത്തിയതെന്നാണ് ആരോപണം.
മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് അനുവാദമില്ലാതെ പരിശോധിച്ചതിന് ഐഡന്റിറ്റി തെഫ്റ്റ് നടത്തിയെന്നാരോപിച്ച് ആനിക്കെതിരെ നാസ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മുന്‍പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു എന്ന കാര്യം ആനി സമ്മതിച്ചിട്ടുണ്ട്.
തന്റെ അനുവാദമില്ലാതെ മറ്റാരോ ബാങ്ക് അക്കൗണ്ട് തുറന്നതായി ആനിയുടെ മുൻ ജീവിതപങ്കാളിയും എയർഫോഴ്സ് ഇന്റലിജൻസിലെ മുൻ ഉദ്യോഗസ്ഥയുമായ സമ്മർ വോർഡന് സംശയം തോന്നിയിരുന്നു. ഇതേതുടർന്ന് ബാങ്കിനോട് കാര്യങ്ങൾ തിരക്കി.
നാസയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ നിന്നാണ് ഇത് നടന്നിരിക്കുന്നതെന്ന് ബാങ്ക് അറിയിച്ചതോടെയാണ് തന്റെ മുൻ പങ്കാളിയാണ് ഇതിന് പിന്നിലെന്ന് സമ്മറിന് മനസ്സിലായത്.
ഇതോടെ സംഭവം ഗുരുതരമാകുകയും ഐഡന്റിറ്റി തെഫ്റ്റ് നടത്തി എന്നാരോപിച്ച് ആനിക്കെതിരെ ഫെഡറൽ ട്രേഡ് കമ്മീഷനും നാസയുടെ ഇൻസ്‌പെക്ടർ ജനറലിനും സമ്മർ പരാതി നൽകുകയും ചെയ്തു.
ഇതേത്തുടർന്നാണ് നാസ അന്വേഷണം ആരംഭിച്ചത്. എന്നാൽ സമ്മറിനൊപ്പം താമസിക്കുന്ന തന്റെ മകന്റെ ക്ഷേമം അറിയാനാണ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതെന്നാണ് ആനിയുടെ വാദം.
സ്പേസ് സ്റ്റേഷനിൽ വച്ച് മുമ്പ് ഒരു കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ നാസ ശൂന്യാകാശത്ത് നടന്ന ആദ്യത്തെ കുറ്റകൃത്യത്തിന്റെ അന്വേഷണത്തിലാണ് ഇപ്പോൾ.