ഓസ്‌ട്രേലിയയിൽ വിസ വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ നിരവധി ഏജൻസികളും വ്യക്തികളും വിസ തട്ടിപ്പുകൾ നടത്താൻ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയവും കഴിഞ്ഞ വര്ഷം അറിയിച്ചിരുന്നു.
രാജ്യത്ത് ജോലി ചെയ്യാമെന്ന് വാഗ്ദാനം നൽകിക്കൊണ്ട് സന്ദർശക വിസ എടുത്തു കൊടുക്കാൻ തട്ടിപ്പുകൾ ശ്രമം നടത്തുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഓസ്‌ട്രേലിയയിലേക്ക് വ്യാജ വിസ നൽകി ആളുകളെ വഞ്ചിക്കുന്ന നിരവധി സംഭവങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
വിവരാവകാശ നിയമ പ്രകാരം ഇത് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി നടക്കുന്ന വിസ തട്ടിപ്പുകളുടെ എണ്ണം ഇപ്പോൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.
ഇത് പ്രകാരം 2014 ജൂലൈ ഒന്ന് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 2,796 വിസ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്ന് ലഭിച്ചിട്ടുള്ളത്. അതായത് വർഷം 500 ലധികം വിസ തട്ടിപ്പുകൾ.
ഓസ്‌ട്രേലിയയ്ക്ക് അകത്തും പുറത്തും നിന്നുമാണ് ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓസ്‌ട്രേലിയയ്ക്ക് പുറത്തു നിന്നും അതായത് മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടത്തുന്നത് സംബന്ധിച്ച നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പടുത്തി.
ഇത്തരത്തിലുള്ള 56 തട്ടിപ്പുകേസുകളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ബോർഡർ വാച്ചിന് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകൾ ഉണ്ടാവാൻ ഇടയുള്ളതിനാൽ ആകെ തട്ടിപ്പിനിരയായവരുടെ എണ്ണം മന്ത്രാലയം പുറത്തുവിട്ടതിലും അധികമാകാനാണ് സാധ്യതയെന്ന് ഇമ്മിഗ്രേഷൻ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടി.
വിസ തട്ടിപ്പിനിരയാകുന്നവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ആഭ്യന്തര മന്ത്രാലയം കൈകൊള്ളുന്നില്ല. ഇതാണ് തട്ടിപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനായി ഇരയായവർ മുൻപോട്ടു വരാൻ മടിക്കുന്നതെന്ന് വിക്ടോറിയയിലുള്ള മുതിർന്ന ഇമ്മിഗ്രേഷൻ ലോയർ സന്മതി വെർമ വ്യക്തമാക്കി.
ഇത്തരത്തിൽ തട്ടിപ്പിനിരയാവുന്നവരുടെ വിസ നിരസിക്കുകയോ റദ്ദാക്കുകയോ ആണ് ചെയ്യുന്നത്.

Source: (Pixabay/geralt CC0)
ഇതോടെ രാജ്യത്ത് താങ്ങാനുള്ള അവസരം നഷ്ടപ്പെടുന്ന ഇവർ എങ്ങനെയും രാജ്യത്ത് തങ്ങാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പിനെക്കുറിച്ച് പരാതിപ്പെടാൻ ഇവർ പിന്നീട് ശ്രമിക്കുന്നില്ലെന്നും വെർമ സൂചിപ്പിച്ചു.
ഇത്തരത്തിൽ തട്ടിപ്പിനിരയായവർക്ക് ആഭ്യന്തര മന്ത്രാലയം ഒരു വിധസത്തിലുള്ള സഹായവും നൽകുന്നില്ലെന്നും വെർമ ആരോപിച്ചു.
എന്നാൽ ഇത് സംബന്ധിച്ച വിഷയത്തെക്കുറിച്ചുള്ള പ്രതികരണം അറിയാൻ എസ് ബി എസ് ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.