ചൊവ്വാഴ്ച രാവിലെ മെൽബൺ സിറ്റി ലൂപ്പ് ട്രെയിനിന്റെ സീറ്റിലാണ് ആന്തണി ആർട്‌സ എന്ന യാത്രക്കാരൻ തയ്യൽ സൂചികൾ കണ്ടെത്തിയത്.
പടിഞ്ഞാറൻ ഫുട്‍സ്ക്രെയിൽ നിന്ന് രാവിലെ 7.54ന്റെ ട്രെയിനിൽ കയറി ഇരുന്നപ്പോഴാണ് അതേ സീറ്റിൽ കുത്തി നിർത്തിയ നിലയിൽ 20 തയ്യൽ സൂചികൾ ആന്തണിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ മറ്റുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അദ്ദേഹം.
സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മെട്രോ വക്താവ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിക്ടോറിയ പൊലീസും മെട്രോ ട്രെയിൻസും അന്വേഷണം ആരംഭിച്ചു.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം സ്‌ട്രോബറികള്‍ക്കുള്ളില്‍ നിന്ന് തയ്യല്‍സൂചികളോ പിന്നുകളോ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെ ആപ്പിളിലും പെയറിലും കഴിഞ്ഞ വർഷം തയ്യൽ സൂചികൾ കണ്ടെത്തിയിരുന്നു.
സ്‌ട്രോബറികള്‍ക്കുള്ളില്‍ നിന്ന് തയ്യല്‍സൂചി കണ്ടെത്തിയ സംഭവത്തിൽ ക്വീൻസ്ലാന്റിലുള്ള 50 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ "പ്രതികാര നടപടിയായാണ്" ഈ കുറ്റകൃത്യത്തിലേർപ്പെട്ടതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
കൂടാതെ, മെൽബണിലെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ മുന്തിരിയിലും ഈ വർഷം ആദ്യം തയ്യൽ സൂചി കണ്ടെത്തി. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച മെൽബൺ മെട്രോയിൽ നിന്ന് സൂചി കണ്ടെടുത്തത്.