ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ക്വീൻസ്ലാൻറ് ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ ആറു സംസ്ഥാനങ്ങളിൽ സ്ട്രോബറികളിൽ തയ്യൽ സൂചികൾ കണ്ടെത്തിയത്. സെപ്റ്റംബർ 12നു ക്വീൻസ്ലാന്റിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളും സ്‌ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ക്വീൻസ്ലാൻറ് പൊലീസ് ഇന്റലിജൻസ് ഏജന്സികളുമായും മറ്റ് സംസ്ഥാന സർക്കാരുകളുമായും ചേർന്ന് അന്വേഷണം നടത്തുകയായിരുന്നു.
കൂടാതെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ക്രൈം കമാൻഡിലെ അധികൃതരും ക്വീൻസ്ലാന്റിലെ വിവിധ പൊലീസ് ഡിസ്ട്രിക്റ്റുകളിലെ ഡിറ്റക്ടീവ്‌സുമായി ചേർന്ന് പൊലീസ് ടാസ്ക് ഫോഴ്സും രൂപീകരിച്ചിരുന്നു.
അന്വേഷണത്തെത്തുടർന്ന് 50 വയസുള്ള ഒരു സ്ത്രീയെ ഞായറാഴ്ച ഉച്ചതിരിഞ് പൊലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ ഇവർക്കെതിരെ കുറ്റം ചുമത്തും. ഇവരെ തിങ്കളാഴ്ച ബ്രിസ്‌ബൈൻ മജിസ്‌ട്രേറ്സ് കോടതിയിൽ ഹാജരാക്കും.
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ സ്ട്രോബറിക്ക് പുറമെ ആപ്പിൾ, മാമ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളിൽ നിന്നും തയ്യൽ സൂചികൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ് .