2018 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയുടെ ആറു സംസ്ഥാനങ്ങളിൽ സ്ട്രോബറികളിൽ തയ്യൽ സൂചികൾ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളും സ്‌ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചതോടെ ഇത് മേഖലയെ സാരമായി ബാധിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ക്വീൻസ്ലാൻറ് പൊലീസ് നടത്തിയ അന്വേഷണത്തെത്തുടർന്ന് 52 വയസുള്ള മൈ അറ്റ് ട്രിൻ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ പ്രാരംഭ വാദം ബ്രിസ്‌ബൈൻ മജിസ്‌ട്രേറ്റ്സ് കോടതിയിൽ തിങ്കളാഴ്ച തുടങ്ങി.
പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവം മൂലം മുൻ ഫാം ജീവനക്കാരിയായിരുന്ന ട്രിന്നിനെതിരെ കേസേടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഇവരുടെ ഡി എൻ എ പരിശോധനയുടെ ഫലം പുറത്തുവന്ന ശേഷമാണ് ഇവർക്കെതിരെ അന്വേഷണ സംഘം കേസെടുത്തതെന്ന് ഡിറ്റക്റ്റീവ് സെർജന്റ് ഗാരി പെററ്റ് കോടതിയിൽ പറഞ്ഞു.
സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന വിധത്തിൽ സാധനങ്ങളിൽ മാലിന്യം കലർത്തിയതിന് ആറ് കേസുകളാണ് ട്രിന്നിനെതിരെ പോലീസ് എടുത്തിരിക്കുന്നത്.
ക്വീൻസ്‌ലാന്റിലെ കബുൾച്ചറിലുള്ള ബെറിലീഷ്യസ് എന്ന ഫാമിലെ സൂപ്പർവൈസർ ആയിരുന്നു ട്രിൻ. 2018 സെപ്തംബര് രണ്ടിനും ഏഴിനും ഇടയിലാണ് സ്ട്രോബെറിക്കുള്ളിൽ തയ്യൽ സൂചി വച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം.
ഒരു ബ്രിസ്‌ബൈൻകാരൻ വാങ്ങിയ സ്ട്രോബെറിക്കുള്ളിൽ സൂചി കണ്ടെത്തിയതോടെയാണ് സൂപ്പർമാർക്കറ്റുകളെല്ലാം സ്ട്രോബെറി തിരിച്ചു വിളിച്ചത്.
ഈ സംഭവത്തിന് പിന്നാലെ സമാനമായ 240ലേറെ സംഭവങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് സെർജന്റ് പെററ്റ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇന്റലിജൻസ് ഏജന്സികളുമായും മറ്റ് സംസ്ഥാന സർക്കാരുകളുമായും ചേർന്നാണ് ക്വീൻസ്ലാൻറ് പോലീസ് അന്വേഷണം നടത്തിയത്.
സംഭവം നടന്ന് രണ്ട് മാസത്തിനു ശേഷം നവംബറിലാണ് ഇവർ അറസ്റ്റിലായത്.