പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയ ജൂലൈ ഒന്നിനാണ് ബാങ്കിംഗ് പ്രവര്‍ത്തന ചട്ടം നിലവില്‍ വന്നത്.
റോയല്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ബാങ്കിംഗ് കോഡിന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ (ASIC) അംഗീകാരം നല്‍കിയിരുന്നു.
എല്ലാ പ്രമുഖ ബാങ്കുകളും ഈ കോഡ് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. നിരവധി മാറ്റങ്ങളാണ് ഇതിലൂടെ വരുന്നത്.
കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഇനി മുതല്‍ ഫീസീല്ലാത്ത ബാങ്ക് അക്കൗണ്ടുകളോ, നാമമാത്രമായ ഫീസ് ഈടാക്കുന്ന ബാങ്ക് അക്കൗണ്ടുകളോ തുടങ്ങാന്‍ കഴിയും. ബാങ്കുകള്‍ ഇതിന് മുന്‍കൈയെടുക്കണമെന്ന് പ്രവര്‍ത്തന ചട്ടം വ്യക്തമാക്കുന്നു.
വരുമാനം കുറഞ്ഞവര്‍ക്ക് ഇതിനുള്ള യോഗ്യതയുണ്ടോ എന്നറിയാന്‍ ബാങ്കുകളെ നേരില്‍ ബന്ധപ്പെടാവുന്നതാണ്.
സാമ്പത്തികമായോ മാനസികമായോ പ്രതിസന്ധികള്‍ നേരിടുന്നവരുടെ ബാങ്കിംഗ് ഇടപാടുകളില്‍ ബാങ്ക് ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഈ കോഡ് നിര്‍ദ്ദേശിക്കുന്നു.

The Banking Association says it has completely re-written the code to better meet community expectations. Source: Getty Images
പ്രായമേറിയവരെയും, മാനസികാസ്വാസ്ഥ്യം നേരിടുന്നവരെയുമൊക്കെ ഫോണില്‍ വിളിച്ച് ബാങ്കുകള്‍ ഉത്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായി റോയല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതു തടയുന്നതിനു വേണ്ടിയാണ് പുതിയ വ്യവസ്ഥ.
ക്രെഡിറ്റ് കാര്‍ഡ് വ്യവസ്ഥകള്‍ സുതാര്യമാകും
ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുമ്പോള്‍ ലഭിക്കുന്ന പ്രത്യേക ഓഫറുകള്‍ അവസാനിക്കുന്നതിന് മുമ്പ് ബാങ്കുകള്‍ അത് കാര്‍ഡുടമകളെ അറിയിക്കണമെന്നും പുതിയ വ്യവസ്ഥയുണ്ട്.
നിലവില്‍ പലിശ രഹിത ഇടപാടുകള്‍ പോലുള്ള ഓഫറുകള്‍ ദീര്‍ഘകാലത്തേക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം നല്‍കാറുണ്ട്. 13 മാസത്തെ പലിശ രഹിത ഓഫറുണ്ടെങ്കില്‍, ആ കാലാവധി കഴിയുമ്പോള്‍ കാര്‍ഡുടമയോട് പറയാതെ തന്നെ പല ബാങ്കുകളും പലിശ ഈടാക്കി തുടങ്ങും.
എന്നാല്‍ ഇനി മുതല്‍ പലിശ രഹിത കാലാവധി പോലുള്ള ഓഫറുകള്‍ അവസാനിക്കും മുമ്പ് ബാങ്കുകള്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കണം.
അതുപോലെ, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകള്‍ നിര്‍ത്തലാക്കണമെങ്കില്‍ കാര്‍ഡുടമകള്‍ക്ക് അത് ഓണ്‍ലൈനായി തന്നെ ചെയ്യാനും കഴിയും.

Credit Card Identity Source: Sean MacEntee Flickr
നിലവില്‍ ക്രെഡിറ്റ് കാര്‍ഡുള്ളവരെ അവരുടെ ക്രെഡിറ്റ് പരിധി ഉയര്‍ത്താം എന്ന വാഗ്ദാനവുമായി ബാങ്കുകള്‍ സമീപിക്കാറുണ്ട്. ഇനിമുതല്‍ അതും പാടില്ല.
ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി ഉയര്‍ത്താന്‍ പാടുള്ളൂ.
ക്രെഡിറ്റ് കാര്‍ഡോ പേഴ്‌സണല്‍ ലോണോ എടുക്കുമ്പോള്‍ അതോടൊപ്പം ഇന്‍ഷ്വറന്‍സ് കൂടി അടിച്ചേല്‍പ്പിക്കുന്നതും നിര്‍ത്തലാക്കുമെന്ന് പുതിയ ബാങ്കിംഗ് ചട്ടം വ്യവസ്ഥ ചെയ്യുന്നു.
അക്കൗണ്ടോ ക്രെഡിറ്റ് കാര്‍ഡോ മറ്റൊരു ബാങ്കിലേക്ക് മാറുമ്പോള്‍ ഉപഭോക്താക്കള്‍ നേരിടുന്ന വലിയ ഒരു പ്രശ്‌നമാണ് ആ അക്കൗണ്ടില്‍ നിന്നുള്ള ഡയറക്ട് ഡെബിറ്റുകള്‍. എത്ര ഡയറക്ട് ഡെബിറ്റുകള്‍ അക്കൗണ്ടില്‍ നിന്ന് ഉണ്ടെന്ന് പലര്‍ക്കും അറിയില്ല.
എന്നാല്‍ ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ ആ വിവരം ബാങ്കുകള്‍ നല്‍കണം.
ഉപഭോക്താവ് മറ്റൊരു ബാങ്കിലേക്ക് അക്കൗണ്ട് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ബാങ്ക് അതിനു തടസ്സം നില്‍ക്കരുതെന്നും വ്യവസ്ഥയുണ്ട്. ഉപഭോക്താവിന്റെ വിവരങ്ങള്‍ മറ്റു ബാങ്കുകള്‍ക്ക് കൈമാറാന്‍ കഴിയുന്ന ഓപ്പണ്‍ ബാങ്കിംഗ് സംവിധാനവും ജൂലൈ ഒന്നിന് നിലവില്‍ വന്നു.
ചെറുകിട ബിസിനസ് ലോണ്‍
ചെറുകിട ബിസിനസുകള്‍ക്ക് ലോണ്‍ എടുക്കുന്നതിലുള്ള പ്രതിസന്ധികളും ഇനി മുതല്‍ ഇല്ലാതാകും.
ലോണ്‍ എടുത്തു കഴിയുമ്പോള്‍ അതിന്റെ കരാര്‍ വായിച്ചു മനസിലാക്കാന്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് കഴിയാറില്ല. ചെറുകിട ബിസിനസുകളെ ഇത് പ്രതിസന്ധിയിലാക്കാറുണ്ട്.
ലളിതമായ ഇംഗ്ലീഷില്‍, ഏറ്റവും സുവ്യക്തമായ രീതിയിലായിരിക്കണം ചെറുകിട ബിസിനസുകളുടെ ലോണ്‍ കരാറുകള്‍ എന്നാണ് പുതിയ വ്യവസ്ഥ.
ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ എന്തെല്ലാം നടപടികള്‍ ഉണ്ടാകും എന്നത് വ്യക്തമായി തന്നെ ബിസിനസ് ഉടമകളെ അറിയിക്കണം.
കോടതിയില്‍ നിലനില്‍ക്കും
ഈ പുതിയ ബാങ്കിംഗ് കോഡ് കോടതിയിലും അംഗീകരിക്കപ്പെടും എന്നതാണ് മറ്റൊരു മാറ്റം.
അതായത്, പ്രവര്ത്തന ചട്ടം ബാങ്കുകള്‍ ലംഘിക്കുന്നു എന്നു കണ്ടാല്‍ ഉപഭോക്താക്കള്‍ക്ക് അക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ കഴിയും.
ചട്ടം ലംഘിച്ചാല്‍ പിഴ മുതല്‍ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കല്‍ വരെയുള്ള ശിക്ഷ ലഭിക്കാം.
Share


