ഓസ്ട്രേലിയയിൽ പൗരത്വം ലഭിക്കുന്നതിനുള്ള പ്രധാന നടപടിക്രമങ്ങളിലൊന്നാണ് പൗരത്വപരീക്ഷ.
പൗരത്വ പരീക്ഷ നവീകരിക്കാനുള്ള തീരുമാനം ഫെഡറൽ സർക്കാർ മുമ്പു തന്നെ വ്യക്തമാക്കിയിരുന്നു.
നവംബർ 15 മുതൽ ഈ പുതുക്കിയ പരീക്ഷ പ്രാബല്യത്തിൽ വരുമെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് പ്രഖ്യാപിച്ചു.
ഓസ്ട്രേലിയൻ മൂല്യങ്ങൾ എന്ന ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയാണ് പൗരത്വ പരീക്ഷ പരിഷ്കരിക്കുക.
ഓസ്ട്രേലിയക്കാരെ ഒരുമിച്ചു നിർത്തുകയും, ലോകമെങ്ങുമുള്ളവർക്ക് ഓസ്ട്രേലിയൻ ജീവിതം ആകർഷകമാക്കുകയും ചെയ്യുന്ന ഘടകമാണ് ഓസ്ട്രേലിയൻ മൂല്യങ്ങളെന്ന് അലൻ ടഡ്ജ് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം, പരസ്പര ബഹുമാനം, അവസരങ്ങളിലെ തുല്യത, ജനാധിപത്യത്തിന്റെ പ്രാധാന്യം, നിയമപരിപാലനം എന്നീ ഓസ്ട്രേലിയൻ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാകും പുതിയ ചോദ്യങ്ങൾ ഉൾപ്പെടുത്തുക എന്ന് അദ്ദേഹം വ്യക്തമാക്കി.
പരീക്ഷയിലെ മാറ്റം
നിലവിലേതു പോലെ 20 ചോദ്യങ്ങൾ തന്നെയാകും നവംബർ 15മുതലുള്ള പുതുക്കിയ പൗരത്വ പരീക്ഷയിലും ഉണ്ടാകുന്നത്.
ഓരോ ചോദ്യത്തിനും മൂന്ന് ഉത്തരങ്ങൾ വീതം നൽകും. അതിൽ ശരിയായത് തെരഞ്ഞെടുക്കുക എന്നതാണ് പൗരത്വ പരീക്ഷയുടെ രീതി.
എന്നാൽ പുതുക്കിയ പരീക്ഷയിൽ അവസാനത്തെ അഞ്ചു ചോദ്യങ്ങൾ ഓസ്ട്രേലിയൻ മൂല്യങ്ങളെക്കുറിച്ചുള്ളതായിരിക്കും.
ഈ അഞ്ചു ചോദ്യങ്ങളിൽ ഒരെണ്ണം തെറ്റിയാൽ പോലും പൗരത്വ പരീക്ഷയിൽ പരാജയപ്പെടും.
ആകെ പരീക്ഷയുടെ 75 ശതമാനം ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാലാണ് വിജയിക്കുക. അതായത്, 15 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകണം.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
എന്നാൽ ഓസ്ട്രേലിയൻ മൂല്യങ്ങളെക്കുറിച്ചുള്ള ഉത്തരങ്ങൾ തെറ്റാൻ പാടില്ല.
എന്തൊക്കെയാണ് ചോദ്യങ്ങൾ
ഓസ്ട്രേലിയയിൽ ജീവിക്കുന്നവർക്ക് ഈ പുതിയ ചോദ്യങ്ങൾ വളരെ ലളിതമായി തോന്നാം എന്ന് അലൻ ടഡ്ജ് ചൂണ്ടിക്കാട്ടി. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നു വരുന്നവർക്ക്, പ്രത്യേകിച്ചും വ്യത്യസ്തമായ ഭരണസംവിധാനങ്ങളിൽ നിന്നു വരുന്നവർക്ക്, ഇതിന്റെ ഉത്തരം അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ ജീവിതരീതികളെയും, നിയമവ്യവസ്ഥയയെയും, പരസ്പരമുള്ള പെരുമാറ്റത്തെയും എല്ലാം കുറിച്ചുള്ള ചോദ്യങ്ങളാണ് ഇതിലുള്ളത്.
മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയുമോ എന്ന് ഇവിടെ പരിശോധിക്കാം:
എങ്ങനെ പരിശീലിക്കാം?
ഓസ്ട്രേലിയൻ സിറ്റിസൺഷിപ്പ്: ഔർ കോമൺ ബോണ്ട് എന്ന ഒരു ലഘുപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പൗരത്വ പരീക്ഷയിലെ ചോദ്യങ്ങൾ വരുന്നത്.
പൗരത്വ പരീക്ഷക്കുമപ്പുറം, ഓസ്ട്രേലിയയെക്കുറിച്ച് കൂടുതൽ പഠിക്കാൻ അവസരമൊരുക്കുന്നതാണ് ഇത്.
ഇതും സർക്കാർ പരിഷ്കരിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ മൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത് പരിഷ്കരിച്ചിരിക്കുന്നത്.
നിലവിൽ, ഓസ്ട്രേലിയയും ജനങ്ങളും, ഓസ്ട്രേലിയൻ ജനാധിപത്യ വിശ്വാസവും, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, ഓസ്ട്രേലിയൻ നിയമവും സർക്കാരും എന്നീ മൂന്നു ഭാഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
അതിനൊപ്പം, ഓസ്ട്രേലിയൻ മൂല്യങ്ങൾ എന്ന ഭാഗം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.
അതേസമയം, പൗരത്വം ലഭിക്കാൻ ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലോ, റെസിഡൻസി മാനദണ്ഡങ്ങളിലോ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഓസ്ട്രേലിയൻ പൗരത്വ ദിനമായ സെപ്റ്റംബർ 17ന് 2500ലേറെ പേരാണ് പുതുതായി പൗരത്വം സ്വീകരിക്കുന്നത്.
കൊവിഡ് ബാധ മൂലം നിർത്തിവച്ചിരുന്ന പൗരത്വ പരീക്ഷകളും പല നഗരങ്ങളിലും തുടങ്ങിയിട്ടുണ്ട്.