ഓസ്ട്രേലിയൻ പൗരത്വത്തിനായുള്ള പരീക്ഷയിൽ മാറ്റങ്ങൾ വരുത്തുമെന്ന് കഴിഞ്ഞ ദിവസം ആക്‌ടിംഗ് കുടിയേറ്റ കാര്യ മന്ത്രി അലൻ ടഡ്ജ് വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയൻ മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷയിൽ മാറ്റങ്ങൾ വരുത്തുന്നതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഇത്തരത്തിൽ പരിഷ്കരിച്ച പരീക്ഷ നവംബർ മുതൽ നടപ്പാക്കി തുടങ്ങുമെന്ന് അലൻ ടഡ്ജ് സ്ഥിരീകരിച്ചു.
ലളിതമായ ഭാഷയിൽ, ജനാധിപത്യ വ്യവസ്ഥക്ക് ചേർന്ന വിധത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷയിൽ മാറ്റം വരുത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പരീക്ഷയിൽ പങ്കെടുക്കുന്നവർക്കായി ഇത് സംബന്ധിച്ച ഒരു ലഖുലേഖ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
പൗരത്വ പരീക്ഷയിൽ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ ഉൾപ്പെടുത്തില്ലെന്നും മന്ത്രി അലൻ ടഡ്ജ് സ്ഥിരീകരിച്ചു.
"ഓസ്‌ട്രേലിയൻ പൗരത്വം എന്നത് ഒരു ഉത്തരവാദിത്വമാണ്. അത് മൂല്യങ്ങളെ പിന്തുണയ്ക്കുന്നവർക്കും നിയമം പാലിക്കുന്നവർക്കും ലഭിക്കേണ്ടതാണ്."
ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർ രാജ്യത്തിൻറെ മൂല്യങ്ങളെക്കുറിച്ച് മനസിലാക്കേണ്ടത് ആവശ്യമാണ്. അത് ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 20 ചോദ്യങ്ങളുള്ളതാണ് പൗരത്വ പരീക്ഷ. ഓസ്‌ട്രേലിയന്‍ ചരിത്രത്തെയും നിയമങ്ങളെയും കുറിച്ചാണ് ഇവ.
വിവിധ കുടിയേറ്റ വിസകൾക്കും, പൗരത്വത്തിനും അപക്ഷിക്കുന്നവർ ഓസ്‌ട്രേലിയന്‍ മൂല്യങ്ങൾ പാലിക്കും എന്ന ഒരു പ്രസ്താവന ഒപ്്പിടേടതുണ്ട്. ഈ പ്രസ്താവനയും നവീകരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് സംബന്ധിച്ച കാര്യം നാഷണൽ പ്രസ് ക്ലബ്ബിൽ വച്ചാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്നത് കർശനമാക്കുന്നതിനായി 2017 ഏപ്രിലിലാണ് അന്നത്തെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്.
പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച് നാലു വര്‍ഷം കഴിഞ്ഞു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയൂ, IELTS സ്‌കോര്‍ ആറിന് തുല്യമായ ഇംഗ്ലീഷ് പരിജ്ഞാനം വേണം, മൂന്നു തവണ പൗരത്വ പരീക്ഷ പരാജയപ്പെട്ടാല്‍ പിന്നെ രണ്ടു വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ ബില്‍ സെനറ്റില്‍ പാസാക്കാന്‍ സര്ക്കാരിന് കഴിഞ്ഞിരുന്നില്ല.
2020 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 150,171 പേരാണ് പൗരത്വം നേടാൻ കാത്തിരിക്കുന്നത്.