ഓസ്‌ട്രേലിയയിലേക്കെത്തുന്നവരിൽ 90 ശതമാനം പേരും മെൽബൺ സിഡ്നി പോലുള്ള വൻ നഗരങ്ങളിലേക്കാണ് പോകുന്നത്. ഇതുമൂലം നഗരങ്ങളിൽ ഉണ്ടാകുന്ന ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം നഗരങ്ങളിലേക്ക് പുതിയ കുടിയേറ്റക്കാർ പോകുന്നത് ഒഴിവാക്കാനാണ് വിസ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്.
സർക്കാർ പ്രഖ്യാപിക്കാൻ പദ്ധതിയിടുന്നു പുതിയ നിയമ പ്രകാരം പുതുതായി രാജ്യത്തേക്കെത്തുന്നവർ അഞ്ച് വർഷം ഉൾനാടൻ പ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും പാർക്കണമെന്നത് നിർബന്ധമാക്കുമെന്ന് സിറ്റിസൺഷിപ്പ് മന്ത്രി അലൻ ടഡ്ജ് അറിയിച്ചു.
ഇതോടെ പുതുതായി എത്തുന്നവർക്ക് ആദ്യത്തെ അഞ്ച് വർഷം നഗരങ്ങളിൽ പാർക്കാനുള്ള അവസരം ഇല്ലാതാകും.
ഓസ്ട്രേലിയയിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാർ സിഡ്നിയും മെൽബണും പോലെയുള്ള വൻ നഗരങ്ങളിൽ പാർക്കുന്നത് ഒഴിവാക്കാൻ കുടിയേറ്റ നിയമങ്ങളിൽ മാറ്റം ആലോചിക്കുമെന്ന് ഫെഡറൽ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു .
സൗത്ത് ഓസ്‌ട്രേലിയ, ടാസ്മേനിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി, നോർത്തേൺ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളൂം അവയുടെ തലസ്ഥാനനഗരങ്ങളായ അഡ്‌ലൈഡ്, ഹൊബാർട്, കാൻബറ, ഡാർവിൻ എന്നിവയും ഉൾനാടൻ പ്രദേശങ്ങളായാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്.
നേരത്തെ പെർത്തും ഈ ഗണത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ നവംബറിൽ പെർത്തിനെ ഈ പട്ടികയിൽ നിന്ന് മാറ്റിയിട്ടുണ്ട്. 2016-17 കാലയളവിൽ രാജ്യത്തിന്റെ ഉൾപ്രദേശങ്ങിലേക്കെത്തിയ 4,766 സ്‌കിൽഡ് വർക്കേഴ്‌സിൽ പകുതി പേര് മാത്രമാണ് പെർത്തിൽ സ്ഥിരതാമസമാക്കിയത്.
കുടിയേറ്റക്കാരെ ഉൾപ്രദേശങ്ങളിലേക്ക് ആകർഷിക്കാനായി ആനുകൂല്യങ്ങളും മറ്റും ഏർപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു.
എന്നാൽ എംപ്ലോയർ സ്‌പോൺസേർഡ് വിസയിലെത്തുന്നവരെയും ഫാമിലി വിസയിലെത്തുന്നവരെയും ഈ മാറ്റം ബാധിക്കില്ല.
രാജ്യത്തേക്കെത്തുന്ന 45 ശതമാനം കുടിയേറ്റക്കാരെയാണ് ഈ മാറ്റം സാരമായി ബാധിക്കാൻ ഇടയുള്ളത്. ബാക്കി 25 ശതമാനം കുടിയേറ്റക്കാർ എംപ്ലോയർ സ്‌പോൺസേർഡ് വിസയിലും 30 ശതമാനത്തോളം ആളുകൾ ഫാമിലി വിസയിലുമാണ് ഇവിടേക്കെത്തുന്നത്.
അതേസമയം, നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമം പാലിക്കാത്ത പെർമനന്റ് റെസിഡൻസിയിലുള്ളവർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള അനുവാദം ഇല്ലാതാക്കാനും സർക്കാർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.