ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പുകളുടെ നാടാണ് ഓസ്‌ട്രേലിയ എന്നത് വ്യാപകമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്.
കരയില്‍ ജീവിക്കുന്ന 140ഓളം ഇനം പാമ്പുകളും, 32ഓളം ഇനം കടല്‍പ്പാമ്പുകളുമാണ് ഓസ്‌ട്രേലിയയിലുള്ളത്. ഇതില്‍ നൂറോളം ഇനം പാമ്പുകളും വിഷമുള്ളവയാണ്.
ഇതില്‍ ഒരു ഡസനിലേറെ പാമ്പുകളാണ് അതീവ വിഷമുള്ളവ.
ഇന്ത്യയില്‍ വര്‍ഷം അരലക്ഷം പേരോളം പാമ്പുകടിയേറ്റ് മരിക്കുമ്പോള്‍, ഓസ്‌ട്രേലിയയില്‍ ആറുപേര്‍ മാത്രം
എന്നാല്‍, ഇത്രയും വിഷം നിറഞ്ഞവയാണെങ്കിലും ഓസ്‌ട്രേലിയന്‍ പാമ്പുകള്‍ മനുഷ്യന് പൊതുവില്‍ അപകടകാരികളല്ല. വര്‍ഷം മൂവായിരത്തോളം പേര്‍ക്കാണ് രാജ്യത്ത് പാമ്പുകടിയേല്‍ക്കാറുള്ളതെന്ന് നാഷണല്‍ കൊറോണിയല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ചൂണ്ടിക്കാട്ടുന്നു. 500-600 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കാറുണ്ട്.
ഇതില്‍ നാലു മുതല്‍ ആറു വരെ മരണങ്ങള്‍ മാത്രമാണ് പരമാവധി ഉണ്ടാകുന്നത്.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇതെന്ന് ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ബ്രയാന്‍ ഫ്രൈ പറയുന്നു. ഇന്ത്യയില്‍ വര്‍ഷം പത്തുലക്ഷത്തോളം പേര്‍ക്ക് പാമ്പുകടിയേല്‍ക്കാറും, അമ്പതിനായിരം പേരെങ്കിലും മരിക്കാറുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യലഹരിയിലോ മറ്റോ ആളുകള്‍ പാമ്പുകളെ ഉപദ്രവിക്കുമ്പോഴാണ് ഓസ്‌ട്രേലിയില്‍ ഭൂരിഭാഗം പാമ്പുകടി മരണങ്ങളും ഉണ്ടാകുന്നത്.
അപകടം കുറയാന്‍ കാരണം
ഇത്രയും വിഷപ്പാമ്പുകളുണ്ടായിട്ടും ഓസ്‌ട്രേലിയയില്‍ പാമ്പുകടി മരണങ്ങള്‍ കുറയാനുള്ള പ്രധാന കാരണം പാമ്പുകളെക്കുറിച്ചുള്ള അവബോധവും നിയമങ്ങളുമാണ്.
കൊന്നാല്‍ കേസ്
വന്യജീവി നിയമപ്രകാരം ഓസ്‌ട്രേലിയയില്‍ പാമ്പുകളെ പിടിക്കുന്നതും ആക്രമിക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ്.
വീട്ടില്‍ പാമ്പുകളെ കാണുകയാണെങ്കില്‍ ലൈസന്‍സുള്ള പാമ്പു പിടിത്തക്കാരെ വിവരമറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
പാമ്പുകളെ മനുഷ്യന്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോഴാണ് അത് തിരിച്ച് ആക്രമിക്കുന്നത് എന്ന ബോധവത്കരണം കാര്യക്ഷമമായി നടക്കാറുണ്ട്.
ചെറിയ സ്‌കൂള്‍ ക്ലാസുകളും ചൈല്‍ഡ് കെയറുകളും മുതല്‍ കുട്ടികള്‍ക്ക് പാമ്പുകളെക്കുറിച്ചുള്ള പഠനം നല്‍കാറുമുണ്ട്. അംഗീകൃത യോഗ്യതയുള്ള സ്ഥാപനങ്ങളാണ് ഇത്തരത്തിലുള്ള ക്ലാസുകളെടുക്കുന്നത്.
പ്രാഥമിക ശുശ്രൂഷ
പാമ്പുകടിയേറ്റു കഴിഞ്ഞാല്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിലവിലുണ്ട്.
പ്രെഷര്‍ ഇമ്മൊബിലൈസേഷന്‍ ടെക്‌നിക് എന്ന പ്രാഥമിക ശുശ്രൂഷാ സംവിധാനം 1970കള്‍ മുതലാണ് നടപ്പാക്കുന്നത്.
കടിയേറ്റ മുറിവുള്‍പ്പെടെ ആ ശരീരഭാഗം പൂര്‍ണമായും ശക്തമായ മര്‍ദ്ദം ചെലുത്തി പൊതിഞ്ഞുകെട്ടുകയും, ആ ശരീരഭാഗം അനക്കാന്‍ കഴിയാത്ത രീതിയില്‍ വയ്ക്കുകയും ചെയ്യുക എന്നതാണ് പ്രെഷര്‍ ഇമ്മൊബിലൈസേഷന്‍ രീതി.

അതു കഴിഞ്ഞാല്‍ എത്രയും വേഗം ആളെ ആശുപത്രിയിലെത്തിക്കുക എന്നതിനാണ് ഏറ്റവും പ്രാധാ്‌ന്യം നല്‍കുന്നത്. അല്ലെങ്കില്‍ ആന്റി വെനം ലഭ്യമാക്കുക എന്നത്.

Source: SBS

Source: SBS

Source: SBS
ആശുപത്രിയിലേക്കെത്താന്‍ പ്രയാസമുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് ഇത്തരം സഹായം എത്തിക്കാന്‍ റോയല്‍ ഫ്‌ളൈയിംഗ് ഡോക്ടേഴ്‌സ് എന്ന സംവിധാനവുമുണ്ട്.
ആന്റിവെനം
1930ലാണ് ഓസ്‌ട്രേലിയ സ്വന്തമായി പാമ്പിന്‍ വിഷത്തിനെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചത്.
കുതിരയുടെ ശരീരത്തില്‍ നിന്ന് ഉണ്ടാക്കുന്ന ഈ മരുന്ന്, മെല്‍ബണിലെ bioCSL എന്ന സ്ഥാപനമാണ് വിപണിയിലെത്തിക്കുന്നത്.
കുതിരകള്‍ക്ക് ചെറിയ തോതില്‍ പാമ്പിന്‍ വിഷം നല്‍കുകയാണ് ഈ മരുന്ന് നിര്‍മ്മിക്കുന്നതിനായി ചെയ്യുന്നത്. വിഷത്തിന്റെ അളവ് പതിയെ കൂട്ടും. കുതിരകളുടെ ശരീരത്തില്‍ വിഷത്തിനെതിരായ ആന്റിബോഡികള്‍ ഉണ്ടാകുമ്പോള്‍ അത് വേര്‍തിരിച്ചെടുത്ത് പാമ്പിന്‍ വിഷത്തിനെതിരെ മനുഷ്യരില്‍ ഉപയോഗിക്കും.
ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം പാമ്പുകളുടെയും വിഷത്തിന് ഇത്തരത്തിലുള്ള ആന്റിബോഡി നിര്‍മ്മിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ പാമ്പുകളില്‍ ഏറ്റവും അപകടകാരികളായ അഞ്ച് ഇനങ്ങളുടെ പട്ടിക ഓസ്‌ട്രേലിയന്‍ ജിയോഗ്രാഫിക് മാഗസിന്‍ തയ്യാറാക്കിയിരുന്നു. അവ ഇതാണ്.
1. ഈസ്‌റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക്
കരയില്‍ ജീവിക്കുന്ന പാമ്പുകളില്‍ ലോകത്തില്‍ ഏറ്റവും വിഷമുള്ള രണ്ടാമത്തെ ഇനമാണ് ഇത്. അതിവേഗത്തില്‍ ചലിക്കാന്‍ കഴിയുന്ന ഈ പാമ്പ് ഉള്‍നാടന്‍ പ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങളിലും മറ്റും ധാരാളമായുണ്ട്. ഓസ്‌ട്രേലിയില്‍ പാമ്പുവിഷമേറ്റുള്ള മരണങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നതും ഇതുള്‍പ്പെടെയുള്ള ബ്രൗണ്‍ സ്‌നേക്കുകളാണ്.
ദ്വേഷ്യം വന്നാല്‍ എസ് (S) ആകൃതിയില്‍ ഉയര്‍ന്നു നിന്ന് ആക്രമിക്കുന്നവയാണ് ഇവ. കടിയേറ്റാല്‍ രക്തം കട്ടപിടിക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ കുഴഞ്ഞുവീഴും.

Source: Pic: public domain
2. വെസ്‌റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക്
ഗ്വാര്‍ഡര്‍ എന്നും അറിയപ്പെടുന്ന ഈ പാമ്പുകള്‍ കിഴക്കന്‍ തീരം ഒഴികെ ഓസ്‌ട്രേലിയയുടെ മറ്റെല്ലാ ഭാഗത്തും കാണപ്പെടുന്നവയാണ്. അപകടം മണത്താല്‍ ആദ്യം ഒളിക്കാന്‍ നോക്കുന്ന ഇവ, അതിനു കഴിഞ്ഞില്ലെങ്കില്‍ ആക്രമിച്ച ശേഷം അതിവേഗം രക്ഷപ്പെടും.
ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കിനെക്കാള്‍ വിഷം കുറവാണെങ്കിലും ഇവയും അപകടകാരികളാണ്. ഈസ്റ്റേണ്‍ ബ്രൗണിനെക്കാള്‍ മൂന്നിരട്ടി വിഷമാണ് ഓരോ കടിയിലും ഇവ കുത്തിവയ്ക്കുന്നത്. വേദനയില്ലാത്ത കടിയും, ചെറിയ മുറിവുമായതിനാല്‍ പെട്ടെന്ന് അറിയാന്‍ കഴിയില്ല. തലവേദന, വയറ്റുവേദന, രക്തം കട്ടിപിടിക്കാതിരിക്കല്‍ എന്നിവ മുതല്‍ കിഡ്‌നി സ്തംഭനം വരെ ഇവയുടെ വിഷം മൂലം ഉണ്ടാകാം.

Source: Pic: public domain
3. മെയിന്‍ലാന്റ് ടൈഗര്‍ സ്‌നേക്ക്
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ടാസ്‌മേനിയ, സൗത്ത് ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജനവാസപ്രദേശങ്ങളില്‍ കാണുന്ന പാമ്പുകളാണ് ഇവ. രാജ്യത്ത് പാമ്പുവിഷബാധയുണ്ടാകുന്നതില്‍ രണ്ടാമതു നില്‍ക്കുന്നത് ടൈഗര്‍ സ്‌നേക്കിന്റെ ആക്രമണമാണ്.
മെല്‍ബണ്‍ നഗരത്തില്‍ പോലും ഈ പാമ്പിനെ കാണാറുണ്ട്.
രണ്ടു മീറ്റര്‍ വരെ നീളം വയ്ക്കുന്ന ഈ പാമ്പുകളുടെ കടിയേറ്റാല്‍ മരവിപ്പും അമിത വിയര്‍പ്പും ശ്വാസതടസവും ഉണ്ടാകും. രക്തത്തെയും പേശികളെയും ബാധിക്കുന്നതിലൂടെ ശരീരം തളര്‍ന്നുപോകാനും സാധ്യതയുണ്ട്.

Source: Pic: public domain
4. ഇന്‍ലാന്റ് ടായ്പാന്‍
ലോകത്തിലെ ഏറ്റവും വിഷമുള്ള കരപ്പാമ്പുകള്‍. ഓസ്‌ട്രേലിയയുടെ മധ്യഭാഗത്തുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്ത് കാണുന്ന പാമ്പുകളാണ് ഇവ. മനുഷ്യവാസമുള്ള പ്രദേശങ്ങളിലല്ലാത്തതിനാല്‍ അധികം അപകടകാരികളാകാറില്ല. പക്ഷേ കടിയേറ്റാല്‍ 45 മിനിട്ടിനുള്ളില്‍ ഒരാളെ കൊല്ലാനുള്ള ശേഷിയുണ്ട് ഇവയുടെ വിഷത്തിന്.
പാമ്പുകളെ കൈകാര്യം ചെയ്യുന്ന അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് ഇതുവരെ ഇവയുടെ കടിയേറ്റിട്ടുള്ളത്. എന്നാല്‍ കൃത്യസമയത്ത് ചികിത്സ നല്‍കി ഇവരെ എല്ലാവരെയും രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്.

Source: Pic: public domain
5. കോസ്റ്റല്‍ ടായ്പാന്‍
വടക്കന്‍ ന്യൂസൗത്ത് വെയില്‍സിന്റെ തീരങ്ങള്‍ മുതല്‍, ബ്രിസ്‌ബൈനിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വടക്കന്‍ ഭാഗങ്ങളിലും കാണുന്ന പാമ്പുകള്‍. കരിമ്പിന്‍ തോട്ടങ്ങളിലാണ് ഇവയെ ഏറ്റവുമധികം കാണുന്നത്.
ഏറ്റവും നീളമേറിയ പല്ലുകളുള്ള ഓസ്‌ട്രേലിയന്‍ പാമ്പുകളുമാണ് ഇവ. 13 മില്ലിമീറ്റര്‍. മൂന്നാമത്തെ ഏറ്റവും വിഷമുള്ള പാമ്പുകള്‍.
ഭാരം കുറഞ്ഞ ശരീരം അതിവേഗത്തില്‍ മുന്നോട്ടാഞ്ഞ്, മിന്നല്‍വേഗത്തില്‍ നിരവധി തവണ കടിക്കുന്നതാണ് ഇവയുടെ രീതി. പക്ഷേ അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവ പൊതുവില്‍ ആളുകളെ ആക്രമിക്കാറില്ല.

Source: Pic: public domain
നാഡീവ്യൂഹത്തെയും രക്തത്തെയുമാണ് ഇവയുടെ വിഷം ബാധിക്കുന്നത്. 30 മിനിട്ടിനുള്ളില്‍ മരണം സംഭവിച്ച കേസുകളുണ്ട്.