മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തി എട്ട് ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകളും ലിങ്കുകളും ഫേസ്ബുക്കിലൂടെ വീണ്ടും ലഭ്യമാകാൻ തുടങ്ങിയത്.
ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകൾക്ക് ഫേസ്ബുക് പണം നല്കണമെന്നനുശാസിക്കുന്ന മീഡിയ ബാർഗെയ്‌നിംഗ് കോഡ് നിയമം വ്യാഴാഴ്ച പാർലമെന്റിൽ പാസായിരുന്നു.
ഇത് സംബന്ധിച്ച ബിൽ ഉപരിസഭയിൽ പാസായതോടെയാണ് ഫേസ്ബുക് കഴിഞ്ഞ വ്യാഴാഴ്‌ച ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
എന്നാൽ മീഡിയ ബാർഗെയ്‌നിംഗ് കോഡ് നിയമത്തിൽ ഭേദഗതി വരുത്തിയതിനെത്തുടർന്ന് ചില മാധ്യമങ്ങളുമായി ഫേസ്ബുക് ധാരണയിൽ എത്തുകയും നിരോധനം പിൻവലിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ വ്യാഴാഴ്ച മീഡിയ ബാർഗെയ്‌നിംഗ് കോഡ് നിയമം ഉപരിസഭയിൽ പാസായി.
ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഫേസ്ബുക്കിന്റെ നടപടിയിക്കെതിരെ രാജ്യമെങ്ങും രൂക്ഷ വിമർശനം ഉയർന്നിരുന്നു.
എന്നാൽ നിരോധനം ഏർപ്പെടുത്തിയപ്പോൾ ഫേസ്ബുക്കിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നിരോധനം പിൻവലിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.
ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ വാർത്തകൾക്ക് പണം നൽകാമെന്ന് ചില മാധ്യമങ്ങളുമായി ഫേസ്ബുക് ധാരണയിലെത്തിയതായും മോറിസൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
നിരോധനം പിൻവലിച്ചതോടെ എസ് ബി എസ് മലയാളം വാർത്തകളും ഇനി ഫേസ്ബുക്കിലൂടെ ലഭിക്കും.