ന്യൂസൗത്ത് വെയിൽസിലെ പത്ത് ലോക്കൽ ഗവൺമെൻറ് ഏരിയകളിൽ മാത്രം 100 മില്യൺ ഡോളറിലധികം മൂല്യമുള്ള ഡൈൻ ആൻറ് ഡിസ്കവർ വൗച്ചറുകളാണ് ഉപയോഗിക്കാനുള്ളത്.
സെൻട്രൽ കോസ്റ്റ്, ബ്ലാക്ക്ടൗൺ, കാൻറബറി- ബാങ്ക്സ് ടൗൺ ലോക്കൽ ഗവൺമെൻറ് ഏരിയകളിൽ മാത്രം മുപ്പത്തിയഞ്ച് മില്യണിലധികം മൂല്യമുള്ള വൗച്ചറുകളാണ് അവശേഷിക്കുന്നുണ്ട്.
സെൻട്രൽ കോസ്റ്റ് പ്രദേശത്ത് 5,40,000ലധികം വൗച്ചറുകൾ ഉപയോഗിക്കാതെ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൻറെ മാത്രം മൂല്യം 13.7 മില്യൺ ഡോളറിനടുത്താണ്.
ബ്ലാക്ക്ടൗൺ LGA യിൽ 5,29,000 ഡൈൻ ആൻറ് ഡിസ്കവർ വൗച്ചറുകളിലായി 13.2 മില്യൺ ഡോളറാണ് ഉപയോഗിക്കാനുള്ളത്.
കാൻറബറി- ബാങ്ക്സ് ടൗൺ LGA യിൽ 12.8 മില്യൺ ഡോളറിൻറെ വൗച്ചർ ഉപയോഗിച്ചിട്ടില്ലെന്നും ന്യൂസൗത്ത് വെയിൽസ് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഡൈൻ ആൻറ് ഡിസ്കവർ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യം പൂർത്തിയായെന്നാണ് ന്യൂസൗത്ത് വെയിൽസ് സർക്കാർ പറയുന്നത്. 16,600 ബിസിനസുകൾക്കായി ഇതിനോടകം 500 മില്യൺ ഡോളർ ചെലവഴിച്ചതായും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
കൊവിഡിനെ തുടർന്ന് മാന്ദ്യത്തിലായ ബിസിനസുകളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഡൈൻ ആൻഡ് ഡിസ്കവർ വൗച്ചർ പദ്ധതി ആരംഭിച്ചത്.
NSWലെ 54 ലക്ഷത്തിലധികം താമസക്കാരാണ് ഡൈൻ ആൻറ് ഡിസ്കവർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇരുപത്തിയഞ്ച് ഡോളർ വീതമുളള ആറ് വൗച്ചറുകൾ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ സർവ്വീസ് NSW ആപ്പിലുടെ വിതരണം ചെയ്തു.
ഇതിൽ മൂന്ന് വൗച്ചറുകൾ ഭക്ഷണത്തിനും, മൂന്ന് വൗച്ചറുകൾ വിനോദത്തിനും വേണ്ടിയാണ് ചെലവഴിക്കാൻ കഴിയുക.
ജൂൺ 30ന് ശേഷം വൗച്ചറുകളുടെ കാലാവധി നീട്ടി നൽകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 30ന് ശേഷം ഉപയോഗിക്കാത്ത വൗച്ചറുകൾ സർവ്വീസ് NSW ആപ്പിൻറെ എക്സ്പെഡ് വിഭാഗത്തിലേക്ക് മാറ്റപ്പെടും.
അവസാന മണിക്കൂറിൽ വൗച്ചറുകൾ എങ്ങനെ ചിലവഴിക്കാം?
അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഭക്ഷണ, വിനോദ കേന്ദ്രങ്ങളിൽ പോകാൻ സാധിക്കില്ലെങ്കിൽ വൗച്ചറുപയോഗിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുകയാണ് ഏറ്റവും എളുപ്പ മാർഗ്ഗം.
ഓസ്ട്രേലിയയിലെ പ്രമുഖ സിനിമ തീയേറ്ററുകൾ, സംഗീത പരിപാടികൾ, മൃഗശാലകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയിലെല്ലാം വൗച്ചർ ഉപയോഗിച്ച് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ജൂൺ 30 ന് മുൻപ് വൗച്ചർ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം പിന്നീട് സേവനം ആസ്വദിക്കാനാകും.
സന്നദ്ധ സംഘടനകൾക്ക് നൽകാം
ഉപയോഗിക്കാത്ത വൗച്ചറുകൾ പാഴാക്കി കളയാതെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.
ഡൈൻ ആൻറ് ഡിസ്കവർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൃഗശാലകൾ അടക്കമുള്ള വിവിധ വിനോദ കേന്ദ്രങ്ങൾ വൗച്ചർ ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന സേവനങ്ങളുടെ നിശ്ചിത വിഹിതം സന്നദ്ധ പ്രവർത്തനങ്ങൾക്കോ, സംഘടനകൾക്കോ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതു വഴി 25 ഡോളറോ അതിൽ കൂടുതലോ സന്നദ്ധ പ്രവർത്തനത്തിനായി സംഭാവന നൽകുകയും ചെയ്യാം.