വൈദ്യുതി നിരക്ക് കൂടും; സൂപ്പറാന്വേഷനും: ജൂലൈ ഒന്നു മുതല്‍ ഓസ്‌ട്രേലിയയില്‍ വന്ന മാറ്റങ്ങള്‍ അറിയാം....

ജൂലൈ 1ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ ഒട്ടെറെ മാറ്റങ്ങളാണ് ഓസ്ട്രേലിയക്കാരെ കാത്തിരിക്കുന്നത്. അടുത്ത മാസം പ്രബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്നറിയാം...

wage decline

Minimum wage has increased from July 1. Source: SBS

ഇന്ധനവില, വൈദ്യുതി ബിൽ, പലിശ നിരക്ക് എന്നിവയിലടക്കം വൻ കുതിപ്പാണ് അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്. നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രധാന നിരക്ക് വർദ്ധനവുകൾ എന്തൊക്കെയാണെന്നും, ജൂലൈ 1 മുതൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

420 ഡോളറിൻറെ നികുതി ഇളവ്

വർദ്ധിച്ചു വരുന്ന ജീവിതച്ചെലവുകളിൽ ആശ്വാസമേകാൻ പുതിയ സാമ്പത്തിക വർഷത്തിൽ ഒറ്റത്തവണയായി 420 ഡോളറിൻറെ അധിക നികുതി ഇളവ് ലഭിക്കും.

ചെറുകിട ഇടത്തരം വരുമാനക്കാർക്ക് മുൻപ് പ്രഖ്യാപിച്ചിരുന്ന നികുതി ഇളവിന്(LMITO)പുറമെയാണിത്. ഇതോടെ ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിന് 1,500 ഡോളർ വരെയായും, രണ്ട് പേർ ജോലി ചെയ്യുന്ന കുടുംബത്തിന് 3,000 ഡോളർ വരെയായും നികുതി ഇളവ് ഉയരും.

ഫാമിലി ടാക്സ് ബെനഫിറ്റ്

ഫാമിലി ടാക്സ് ബെനിഫിറ്റ് പാർട്ട് A,B ആനുകൂല്യങ്ങൾ വർദ്ധിക്കും.

13 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 204.40 ഡോളർ വരെ ആനൂകൂല്യം വർദ്ധിക്കും.13 വയസും അതിൽ കൂടുതലും പ്രായമുള്ള കുട്ടികളുള്ളവർക്ക് ആനുകൂല്യം പ്രതിവർഷം $255.50 ഡോളർ വർദ്ധിക്കും.

ഫാമിലി ടാക്സ് ബെനിഫിറ്റ് പാർട്ട് ബിക്ക് അർഹതയുള്ള കുടുബങ്ങളിൽ ഇളയ കുട്ടിയുടെ പ്രായം 5 വയസ്സിൽ താഴെയാണെങ്കിൽ വർഷം  $164.25 വരെ ആനുകൂല്യത്തിൽ വർദ്ധവുണ്ടാകും.

ഇളയ കുട്ടിയുടെ പ്രായം അഞ്ച് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലാണെങ്കിൽ 116.80 ഡോളറാകും വർദ്ധനവ്.

കുടിയേറ്റ നിയമമാറ്റം

സബ്ക്ലാസ് 482 വിസ ഉടമകൾക്ക് ജൂലൈ ഒന്ന് മുതൽ പുതിയ പദ്ധതി വഴി  പെർമെനൻറ് റസിഡൻസിക്ക് അപേക്ഷിക്കാം. കോവിഡ് മഹാമാരിയുടെ സമയത്ത് ഓസ്‌ട്രേലിയയിൽ ജോലി ചെയ്തിരുന്ന ഹ്രസ്വകാല- താൽക്കാലിക ഷോർട്ട് സ്‌കിൽഡ് (TSS) വിസകളിലുള്ളവർക്കാണ് പുതിയ പദ്ധതി ഗുണകരമാകുക.

ടെംപററി റസിഡൻസ് ട്രാൻസിഷൻ (TRT) സ്ട്രീം വഴിയാണ് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർ 2020 ഫെബ്രുവരി 1 നും 2021 ഡിസംബർ 14 നും ഇടയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ഓസ്‌ട്രേലിയയിൽ ഉണ്ടായിരിക്കണം.

കൂടാതെ ENS വിസയുടെ TRT സ്ട്രീമിനായുള്ള മറ്റെല്ലാ നാമനിർദ്ദേശ-വിസ മാനദണ്ഡങ്ങളും അപേക്ഷകർ പാലിച്ചിരിക്കണം.

വൈദ്യുതി നിരക്ക് ഉയരും

രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ അടുത്ത മാസം മുതൽ വൈദ്യുതി ബില്ലിൽ അധിക തുക നൽകേണ്ടി വരും.

ന്യൂ സൗത്ത് വെയിൽസിൽ 18.3 ശതമാനവും, ക്വീൻസ്‌ലാൻഡിൽ 12.6 ശതമാനവും, സൗത്ത് ഓസ്‌ട്രേലിയയിൽ 9.5 ശതമാനവും വൈദ്യുതി നിരക്ക് ഉയരും.

കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കൾ മാറണമെന്നാണ് വിദഗ്ദരുടെ നിർദ്ദേശം.

ഒരു വര്‍ഷത്തേക്കോ, രണ്ടു വര്‍ഷത്തേക്കോ ഉള്ള ഫിക്‌സഡ് നിരക്ക് കരാറിലേക്ക് മാറുന്നതും സഹായകരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വീട് വാങ്ങാൻ 'ഹോം ഗ്യാരണ്ടി' പദ്ധതി

2020ല്‍ തുടങ്ങിയ ഫസ്റ്റ് ഹോം ലോണ്‍ ഡെപ്പോസിറ്റ് സ്‌കീം ഇനി ഹോം ഗ്യാരന്‌റ് സ്‌കീം എന്നായിരിക്കും അറിയപ്പെടുക.

ഈ പദ്ധതി പ്രകാരം വാങ്ങാവുന്ന വീടുകളുടെ വില ജൂലൈ ഒന്നു മുതല്‍ കൂടും.

സിഡ്‌നിയില്‍ ഒമ്പതു ലക്ഷം ഡോളര്‍ വരെയുള്ള വീടുകളും, മെല്‍ബണില്‍ എട്ടു ലക്ഷം ഡോളര്‍ വരെയുള്ള വീടുകളുമാകും ഇനി മുതല്‍ പദ്ധതിയിലൂടെ വാങ്ങാന്‍ കഴിയുക.

അഞ്ചു പുതിയ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു കൂടി പുതിയ വര്‍ഷം ലോണ്‍ കിട്ടും.

വീട് വാങ്ങുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ട് ലേബർ പ്രഖ്യാപിച്ച ഹെൽപ്പ് ടു ബൈ പദ്ധതിയും ഈ വർഷം ആരംഭിക്കും. വീട് വിലയുടെ നിശ്ചിത ശതമാനം സർക്കാർ ഓഹരിയായി മുടക്കുന്നതാണ് പദ്ധതി.

സൂപ്പറാന്വേഷൻ ഗ്യാരണ്ടി

ജൂലൈ 1 മുതൽ സൂപ്പറാന്വേഷൻ ഗ്യാരണ്ടി തുക വർദ്ധിക്കും.

അതായത് ഇനി മുതൽ തൊഴിലുടമകൾ ജീവനക്കാരുടെ സൂപ്പർ അക്കൗണ്ടുകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കേണ്ടി വരും. തൊഴിലുടമകളുടെ വിഹിതം 10 ശതമാനത്തിൽ നിന്ന് 10.5 ശതമാനമായാണ് വർദ്ധിക്കുന്നത്.

സൂപ്പറാന്വേഷൻ പദ്ധതിയിൽ ഉൾപ്പെടുന്നതിന് പ്രതിമാസം കുറഞ്ഞത് 450 ഡോളർ വേതനമായി ലഭിക്കണമെന്ന നിബന്ധന ജൂലൈ മുതൽ ഇല്ലാതാകും.

കൂടുതൽ തൊഴിലവസരങ്ങൾ

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ -ഗവേഷണ മേഖലയിൽ സർക്കാർ അധിക നിക്ഷേപം നടത്തും. 2.2 ബില്യൺ ഡോളറിൻറ പദ്ധതികളാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

നവീന ആശയങ്ങളുള്ള ഓസ്‌ട്രേലിയൻ കമ്പനികളേയും  സർവ്വകലാശാലകളെയും  ഒരുമിച്ച് കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service