മലയാളി ഷെഫിന് ശമ്പളം കുറച്ച് നൽകി: കേരള റെസ്റ്റോറന്റിന്റേത് കടുത്ത നിയമലംഘനമെന്ന് കോടതി

തൊഴിൽ വിസയിലെത്തിയ മലയാളിയായ ഷെഫിന് ശമ്പളം കുറച്ച് നൽകിയ ന്യൂ സൗത്ത് വെയിൽസിലെ കേരള റസ്റ്റോറൻറിൻറെ നടപടി കടുത്ത നിയമ ലംഘനമാണെന്ന് ഓസ്ട്രേലിയൻ ഫെഡറൽ കോടതി കണ്ടെത്തി. പരാതിക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം പിന്നീട് തീരുമാനിക്കും.

SBS Malayalam

Source: Kampus Production from Pexels

ന്യൂ സൗത്ത് വെയിൽസിലെ നൗറയിലും, ഇലവാരയിലുമുള്ള  ആദിത്യ കേരള റെസ്റ്റോറന്റിനെതിരെയായിരുന്നു ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയത്. മലയാളിയായ മിഥുൻ ഭാസി, പാക്കിസ്ഥാൻ പൗരനായ സയീദ് ഹൈദർ എന്നിവരാണ് ആദിത്യ കേരള റസ്റ്റോറൻറ് ഉടമ വൈശാഖ് മോഹനൻ ഉഷക്കെതിരെ കോടതിയെ സമീപിച്ചത്. കുറഞ്ഞ വേതനത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചുവെന്നായിരുന്നു പരാതി.

രണ്ട് വർഷത്തോളം, ആഴ്ചയില്‍ ആറു ദിവസം പന്ത്രണ്ട് മണിക്കൂര്‍ വീതം ജോലി ചെയ്തിട്ടും 38 മണിക്കൂറിൻറെ ശമ്പളം മാത്രമാണ് നൽകിയതെന്ന് മിഥുൻ ഭാസി പരാതിയിൽ ആരോപിച്ചു. റെസ്റ്റോറന്റ് ഉടമ രണ്ട് ലക്ഷത്തിൽപ്പരം ഡോളർ നൽകാനുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

2018ജൂലൈ മാസത്തിലാണ് മിഥുൻ പരാതി നൽകിയത്. പിന്നാലെ പാകിസ്താനി വംശജനായ സെയ്ദ് ഹൈദർ ഇതേ റസ്റ്റോറൻറ് ഉടമക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഇരുവരുടെയും പരാതിയെ തുടർന്ന് റെസ്റ്റോറന്റിൻറെ സ്വത്തുക്കൾ ഫെഡറൽ കോടതി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.

ചൊവ്വാഴ്‌ച നടത്തിയ പ്രഥമിക വിധിന്യായത്തിൽ ആദിത്യ കേരള റെസ്റ്റോറന്റ് തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ഫെഡറൽ കോടതി കണ്ടെത്തി. കേരള റെസ്റ്റോറൻറ്, ജീവനക്കാർക്ക് കുറഞ്ഞ ശമ്പളമാണ് നൽകിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു.

കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജസ്റ്റിസ് ജോൺ ഹാലി പറഞ്ഞു.

അതേസമയം ജോലിസമയം സംബന്ധിച്ച പരാതിക്കാരുടെ വാദം കോടതി തള്ളി. പലപ്പോഴും വിശ്രമമില്ലാതെ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ നിർബന്ധിതനായെന്നായിരുന്നു മിഥുൻ ഭാസിയുടെ ആരോപണം.

കൃത്യമായ തൊഴിൽ രേഖകളുടെ അഭാവമാണ് വാദം തള്ളാൻ കാരണമെന്നും കോടതി വ്യക്തമാക്കി.

റസ്റ്റൊറൻറ് ഉടമ രണ്ടാഴ്ചയിലൊരിക്കൽ 1,711 ഡോളർ തനിക്ക് നൽകിയിരുന്നതായി പറഞ്ഞ മിഥുൻ ഭാസി, തൊഴിൽ വിസയുടെ ചെലവിനായി ഇതിൽ 511 ഡോളർ വീതം തിരികെ വാങ്ങിയിരുന്നതായും കോടതിയെ അറിയിച്ചു.

ഈ ആരോപണം നിഷേധിച്ച റെസ്റ്റോറൻറ് ഉടമ വൈശാഖ്, പരാതിക്കാരൻ തൻറെ പക്കൽ നിന്ന് കടമായി വാങ്ങിയ പണമാണ് തിരികെ നൽകിയിരുന്നതെന്ന് വാദിച്ചു. എന്നാൽ ഈ വാദം തള്ളിയ കോടതി റെസ്റ്റോറൻറ് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായത് ഫെയർ വർക്ക് ആക്ടിന്റെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

റെസ്റ്റോറൻറ് ഉടമ വൈശാഖ് മോഹൻ വിസയും സ്പോൺസർ ഷിപ്പും റദ്ദ് ചെയ്യുമെന്ന് പലപ്പോഴും ഭീക്ഷണിപ്പെടുത്തിയിരുന്നതായും പരാതിക്കാർ കോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവും പരാതിക്കാർ കോടതിയിൽ ഹാജരാക്കി.

പരാതിക്കാരുടെ തെളിവുകൾ പരിശോധിച്ച ജസ്റ്റിസ് ഹാലി, റെസ്റ്റോറൻറ് ഉടമയുടെ പരാമർശങ്ങളിൽ പിരിച്ചുവിടൽ ഭീഷണി ഉണ്ടായിരുന്നുവെന്ന് നിരീക്ഷിച്ചു.

പ്രഥമിക കോടതി വിധിയിൽ സന്തുഷ്ടനാണെന്ന് ജീവനക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ക്രിസ്ത്യൻ ബോൾവെൽ എ ബി സി യോട് പറഞ്ഞു. 93 പേജുള്ള ദീർഘമായ വിധി വിശദമായി പരിശോധിക്കുകയാണെന്ന് റസ്റ്റോറൻറ് ഉടമക്ക് വേണ്ടി ഹാജരായ ബ്രയാൻ ഗില്ലാർഡ് പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം കോടതി പ്രഖ്യാപിച്ചിട്ടില്ല. പിഴ, നഷ്ടപരിഹാരം,ചെലവുകൾ എന്നിവയിൽ തീരുമാനമെടിക്കുന്നതിനായി കോടതി ജൂലൈയിൽ കേസ് വീണ്ടും പരിഗണിക്കും.


2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now